“അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടികള്‍” അന്വേഷണത്തിലും അസാധാരണ നടപടി. സര്‍ക്കാരിനെന്താ ഭ്രാന്ത് പിടിച്ചോ…?

Print Friendly, PDF & Email

“അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടികള്‍ എടുക്കേണ്ടി വരും”. വിവാദത്തിലായതോടെ നിര്‍ത്തലാക്കിയ സ്പ്രിങ്കളര്‍ ഇടപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും സ്വര്‍ണ്ണകടത്തുകേസിലെ വിവാദ നായകനുമായ ശിവശങ്കര്‍ പറഞ്ഞതാണ് ഇത്. സംസ്ഥാന ആരോഗ്യ വകുപ്പിന് യാതൊരു ഗുണവും ചെയ്യാതെ പൂട്ടിക്കെട്ടിപ്പോയ സ്പ്രിങ്കളര്‍ എന്ന യുഎസ് കന്പനിയെ കേരളത്തില്‍ കൊണ്ടുവന്നതും അവരുമായി കരാര്‍ ഒപ്പിട്ടതും എല്ലാം ശിവശങ്കര്‍!. അതും മന്ത്രിസഭയുടെ അംഗീകാരമോ അറിവോ ശരിയായ നടപടിക്രമങ്ങളോ ഒന്നും കൂടാതെ ശിവശങ്കര്‍ ഒറ്റക്ക്!!. അതിനെ ന്യായീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും!!!.

സ്പ്രിങ്കളര്‍ എന്ന യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനിയുടെ സെർവറുകളിൽ കേരളത്തിലെ കോവിഡ് ബാധിതരുടെ ആരോഗ്യ ഡാറ്റ അവരുടെ വ്യക്തിഗത സമ്മതം വാങ്ങാതെ ശേഖരിക്കാനും കൈകാര്യം ചെയ്യാനും അതുവഴി കേരളീയരുടെ ആരോഗ്യപരമായ വിവരങ്ങൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വിറ്റ് കോടികള്‍ ലാഭമുണ്ടാക്കുവാനും കഴിയുന്ന ഈ ഇടപാടു വഴി ഏതാണ്ട് 1.75ലക്ഷം ഡാറ്റകളാണ് ആറുമാസം കൊണ്ട് അവര്‍ സ്വന്തമാക്കിയത്.

വന്‍കിട കമ്പനികളുടെ ബിസിനസ് പ്രൊമോഷനു വേണ്ടി ആവശ്യമായ ഡാറ്റ ശേഖരിക്കുകയും അവര്‍ക്കു നല്‍കുകയും ചെയ്യുന്ന സ്പ്രിങ്കളര്‍ എന്ന കമ്പനിക്ക് ആ ലക്ഷ്യത്തോടെ അവര്‍ വികസിപ്പിച്ചെടുത്ത ആപ്പ് ഉപയോഗിച്ച് എല്ലാ കേരളീയരുടേയും രോഗ ലക്ഷണങ്ങളും ആരോഗ്യപരമായ അവസ്ഥകളുടെയും വിശദാംശങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ സമാഹരിക്കുവാന്‍ വിവാദം ഉയര്‍ന്നിരുന്നില്ലങ്കില്‍ അവര്‍ക്ക് കഴിയുമായിരുന്നു. സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സിഡിഐടി), കേരള സ്റ്റേറ്റ് ഐടി മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഈ ജോലി ഇതിലും ഭംഗിയായി ചെയ്യാൻ കഴിയുമ്പോൾ ആയിരുന്നു ഭരണകൂടം ഒരു വിദേശ സ്ഥാപനത്തിന്റെ സഹായം സ്വീകരിച്ചത്. അത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ച ശിവശങ്കറുടെ അസാധാരണ പ്രയോഗം. അതും , പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് കേരളത്തോടായി.

സ്പ്രിങ്കളര്‍ ഇടപാടില്‍ അഴിമതി ആരോപണം ഉയരുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ ആറുമാസത്തെ കരാറിനു ശേഷം സര്‍ക്കാര്‍ അവരുമായുള്ള ബന്ധം വിശ്ചേദിച്ച് തടി ഊരി. വിവാദ ഇടപാടുകളെ പറ്റി അന്വേഷിക്കുവാനായി സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചു. മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍. ആറു മാസത്തോളം എടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ ദിവസങ്ങള്‍ ഏറെയായി. ഇതുവരെ ഒരു നടപടിയും എടുക്കുകയോ റിപ്പോര്‍ട്ട് പുറത്തുവിടുകയോ ചെയ്യാതെ അവക്കു മേലെ അടയിരിക്കുകയായിരുന്നു കേരള സര്‍ക്കാര്‍.

എന്നാല്‍ ഇപ്പോഴിതാ, മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ എന്താണ് ചെയ്തതെന്ന് വിശദീകരിക്കാതെ, റിപ്പോര്‍ട്ടില്‍ എന്താണ് മാധവന്‍ നായര്‍ കമ്മീഷന്‍ കണ്ടെത്തിയതെന്ന് ജനങ്ങളെ അറിയിക്കുക പോലും ചെയ്യാതെ പുതിയ ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചിരിക്കുന്നു. മുന്‍ നിയമ സെക്രട്ടറി കെ.എസ്.ശശിധരന്റെ നേതൃത്വത്തിലാണ് പുതിയ കമ്മീഷന്‍. ആദ്യ കമ്മിറ്റി പരിഗണിച്ച അതേ കാര്യങ്ങള്‍ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നതെന്നതാണ് ഏറ്റവും വിചിതം. മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാടെ തള്ളിക്കളയാനാണോ പുതിയൊരു കമ്മീഷന്‍ എന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് അത് വന്‍ കോട്ടമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു എന്നു വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍. സര്‍ക്കാരിന് അനുകൂലമായ ഒരു റിപ്പോര്‍ട്ട് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

സ്പ്രിങ്ക്ളര്‍ ഇടപാടും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ജനങ്ങള്‍ മറന്നു തുടങ്ങിയിരിക്കെ ഇക്കാര്യത്തില്‍ പുതിയൊരു അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള ഈ ‘അസാധാരണ’ സര്‍ക്കാര്‍ നീക്കം അമ്പരപ്പിക്കുന്നതാണ്. ഇത് സര്‍ക്കാര്‍ ഖജനാവിന്‍റെ ദുര്‍വ്യയമാണ്. സ്പ്രിങ്കളറുമായുള്ള ഇടപാടിന് പണം കൊടുക്കേണ്ടി വന്നിട്ടില്ലെന്നും തീര്‍ത്തും സൗജന്യ സേവനമായിരുന്നു അതെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സംഗതി വിവാദമായതിനെത്തുടര്‍ന്ന് നിയമിച്ച അന്വേഷണക്കമ്മീഷനു വേണ്ടിയും, ഈ ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസ് നടത്തിപ്പിനും മറ്റുമായി ഇതിനകം കോടികള്‍ തന്നെ സര്‍ക്കാര്‍ ചെലവഴിച്ചു കഴിഞ്ഞു. അതിനു പിന്നിലെയാണ് ഇതേ കാര്യത്തില്‍ ഇപ്പോള്‍ പുതിയ കമ്മീഷനെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാരിന്‍റെ ‘അസാധാരണ’ നടപടി. ഇതിനെന്ത് വിശദീകരണമാണ് സര്‍ക്കാരിനു പറയുവാനുള്ളത്..?. കരിനിയമങ്ങള്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കുക, തൊട്ടുപുറകെ അത് റദ്ദാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുക, അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വീണ്ടും അന്വേഷണ കമ്മീഷനെ വെക്കുക… വിവേകം നഷ്ടപ്പെട്ടതുപോലെ പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് ഇതെന്താ ഭ്രാന്ത് പിടിച്ചോ…???.