‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ ലക്ഷ്യം രാജ്യത്തെ ഏകാധിപത്യവത്കരിക്കുന്നതിനോ…?

Print Friendly, PDF & Email

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പറഞ്ഞ് രാജ്യം മുഴുവനും ഒറ്റ തിരഞ്ഞെടുപ്പു മതി എന്ന ആശയത്തിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ പ്രധാനമന്ത്രി നരേന്ദ്ര മോദി വഴിതിരിച്ചു വിടുന്പോള്‍ അത് മോദിയുടെ മറ്റൊരു തുഗ്ലക്കന്‍ ഭരണ പരിഷ്കാരമായി മാറുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍. രാജ്യത്ത് ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നാണ്. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക മതി. ഒറ്റ വോട്ടർ പട്ടിക ഉപയോഗിച്ച് എല്ലാ തലങ്ങളിലേക്കും ഒന്നിച്ച് വോട്ടെടുപ്പ് സാദ്ധ്യമാകും. ഓരോ തിരഞ്ഞെടുപ്പിനും പ്രത്യേകം വോട്ടർ പട്ടികയുണ്ടാക്കുന്നത് സമയവും സമ്പത്തും നഷ്‌ടപ്പെടുത്തും. 18 വയസു തികഞ്ഞവർക്ക് വോട്ടവകാശമുള്ള രാജ്യത്ത് അതിന് ബുദ്ധിമുട്ടില്ല. ഭരണഘടനാ ദിനത്തില്‍ ഗുജറാത്തിലെ കേവഡിയയില്‍ നടക്കുന്ന പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിഷയം മോദി വീണ്ടും ഉന്നയിച്ചത്. എല്ലാ നിയമസഭകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത വിവരബേസ് വേണം. കാലോചിതമല്ലാത്ത നിയമങ്ങള്‍ മാറ്റുകയും ചെയ്യണം- അദ്ദേഹം പറഞ്ഞു.

കേള്‍ക്കുമ്പോള്‍ മനോഹരമായ ആശയമാണ് ഒന്നിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. പ്രതിമാസമെന്നോണം രാജ്യത്ത് ഏതെങ്കിലും ഒരു ഭാഗത്ത് ഒരു തിരഞ്ഞെടുപ്പെങ്കിലും നടക്കുന്ന ജനാധിപത്യ പ്രകൃയയാണ് ഇന്ത്യയുടേത്. ആറുമാസത്തില്‍ ഒരിക്കലെങ്കിലും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു തിരഞ്ഞെടുപ്പെങ്കിലും ഇവിടെ നടന്നിരിക്കും. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യവും. ലോകത്ത് മറ്റൊരു ജനാധിപത്യ രാജ്യങ്ങളിലും ഇങ്ങനെ തുടരെ തുടരെ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കാണാന്‍ കഴിയില്ല. ആവര്‍ത്തിക്കുന്ന ഇത്തരം തിരഞ്ഞെടുപ്പുകള്‍ വന്‍ സാന്പത്തിക ബാധ്യതയാണ് രാജ്യത്തിന് വരുത്തി വക്കുന്നതെന്ന കാര്യവും ശരിയാണ്.

അമേരിക്കയെപ്പോലെ സ്വതന്ത്രമായ ഫെഡറല്‍ സംവിധാനo അല്ല ഇന്ത്യക്ക് ഉള്ളത്. നമ്മുടെ ഭരണഘടനയ്ക്ക് പാര്‍ലമെന്റിനെ പോലെ പ്രധാനമാണ് സംസ്ഥാന നിയമ നിര്‍മാണ സഭകളും. ഓരോന്നിനും അതിന്റേതായ ഭരണഘടനാ അവകാശങ്ങള്‍ ഉണ്ട്. അത് സ്വയം നിശ്ചയിക്കാനുള്ള അവകാശവുമുണ്ട്. ഫെഡറലിസത്തിന്റെ അന്തസ്സത്ത സംരക്ഷിക്കേണ്ടത് ഭരണഘടനപരമായ ബാധ്യതയാണ്. അതിനാല്‍ സംസ്ഥാന നിയമസഭകളുടെ അധികാരം വകവച്ചു കൊടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകള്‍ കേന്ദ്രീകൃത ഏക തിരഞ്ഞെടുപ്പ് സംവിധാനം വഴി എങ്ങനെ നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്?. അഞ്ചു വര്‍ഷമാണ് ഒരു നിയമസഭയുടെ കാലാവധി. അതിനു മുമ്പ് സര്‍ക്കാര്‍ വീണാല്‍ പിന്നെ എന്തു ചെയ്യും? ‘ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ‘ ആശയ പ്രകാരം അടുത്ത ജനവിധി വരാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കണം. അത്രയും കാലം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരണം എന്നാണോ?. രാഷട്രപതി ഭരണം ജനപ്രാതിനിധ്യ പ്രകാരമുള്ള സര്‍ക്കാറാകില്ല. അത് ജനാധിപത്യത്തിന്റെ നിഷേധമാണ്. അതിനാലാണ് സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം തന്നെ ആറുമാസക്കാലത്തേക്കായി ഭരണഘടന നിജപ്പെടുത്തിയിരിക്കുന്നത്.

അഞ്ചു വര്‍ഷം തികയ്ക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് വീണാല്‍ എന്തു ചെയ്യും? കേന്ദ്രത്തില്‍ രാഷ്ട്രപതി ഭരണം ഭരണഘടന അനുശാസിക്കുന്നില്ല. അങ്ങനെ വന്നാല്‍ അത് ജനാധിപത്യമല്ല ഏകാധിപത്യമാണ്. അതുമല്ലങ്കില്‍ അടിയന്തരാവസ്ഥ കാലത്തേതു പോലെ പാര്‍ലമെന്‍റിനെ മരവിപ്പിച്ച് പ്രധാനമന്ത്രി തുടരണം എന്നാണോ മോദി അര്‍ത്ഥമാക്കുന്നത്. ബ്യൂറോക്രസിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണസംവിധാനം കൂടിയാകും ഇത്. അല്ലങ്കില്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് തന്നെ ശരണം. ലോക്‌സഭ ഇല്ലാതാകുന്ന ആ സാഹചര്യത്തില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലെ ഭരണം അതോടൊപ്പം വേണ്ടെന്നു വയ്ക്കാനാകുമോ?. അത് പ്രായോഗികകമായ കാര്യമാണോ?. ദേശീയതതലത്തില്‍ ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടി ഇതര ഭരണകൂടങ്ങളുള്ള സംസ്ഥന സര്‍ക്കാരുകളെ പിരിച്ചുവിട്ടിരുന്ന കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായിരിക്കുകയില്ലേ ഇത്. ഇതു തന്നെയല്ലേ ഏകീകൃത തിരഞ്ഞെടുപ്പു വന്നാല്‍ പഞ്ചായത്ത് തലം മുതലുള്ള എല്ലാ ഭരണസംവിധാനങ്ങളുടേയും അവസ്ഥ.

രാജ്യത്തെ തിരഞ്ഞെടുപ്പു ചെലവു ചുരുക്കാം എന്നതു കൊണ്ടു മാത്രം രാജ്യത്തെ ജനാധിപത്യ ഭരണവ്യവസ്ഥയില്‍ ക്രമരാഹിത്യം ഉണ്ടാകാന്‍ പാടില്ല. അതു രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ സമ്പൂര്‍ണമായ അവ്യവസ്ഥയ്ക്ക് കാരണമാകും. അതിലും നല്ലതല്ലേ തിരഞ്ഞെടുപ്പു തന്നെ വേണ്ടന്നു വക്കുന്നത് അതോടെ തിരഞ്ഞെടുപ്പു ചിലവുകള്‍ പൂര്‍ണ്ണമായും ഇല്ലാതാകുമല്ലോ…!!! ജനാധിപത്യം എന്നത് ഇന്ത്യയുടെ ജീവവായുവാണ് ജനാധിപത്യം ഇല്ലങ്കില്‍ പിന്നെ ഇന്ത്യയില്ല. അതിനാല്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി വരുന്ന ചിലവ് അത് എത്ര ഭീമമാണങ്കിലും അതൊരു ചിലവല്ല. മറിച്ചൊരു തീരുമാനം രാജ്യത്തെ ഏകാധിപത്യവത്കരിക്കുന്നതിനു മാത്രമേ ഇടയാക്കൂ. അതിലേക്ക് രാജ്യത്തെ നയിക്കുക എന്നതായിരിക്കുമോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം…???.