ലോക്ക്ഡൗണ്‍ മൂന്നു ഘട്ടങ്ങളായി പിന്‍വലിക്കാമെന്ന് കര്‍മസമിതി. റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ എങ്ങനെ അവസാനിപ്പിക്കണമെന്നു നിര്‍ദേശിക്കാന്‍ രൂപീകരിച്ച കര്‍മസമിതി റിപ്പര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 17 അംഗ കര്‍മസമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍ സംസ്ഥാനത്തു മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കണമെന്നും എന്നാല്‍ ഈ സയമത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നുമാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. ആദ്യഘട്ടത്തില്‍ തന്നെ പൊതുഗതാഗതം പുനഃസ്ഥാപിക്കരുത്. പുനസ്ഥാപിക്കുന്പോള്‍ പോലും പൊതുഗതാഗതത്തിനു കര്‍ശന നിയന്ത്രണം തുടരണം. ആദ്യഘട്ടത്തില്‍ ഇതര രാജ്യങ്ങളും സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്ന വിമാന- ട്രെയിന്‍ സര്‍വിസ് പുനഃസ്ഥാപിക്കാന്‍ പാടില്ല എന്നും ശുപാര്‍ശയില്‍ പറയുന്നു. ലോക്ക് ഡൗണ്‍ ഇളവിന്റെ രണ്ടാം ഘട്ടത്തില്‍ മാത്രമേ ഓട്ടോറിക്ഷ- ടാക്‌സി സര്‍വിസുകള്‍ക്ക് അനുമതി നല്‍കാവൂ. ഓട്ടോയില്‍ ഒരാള്‍, ടാക്‌സിയില്‍ മൂന്നു പേര്‍ മാത്രം എന്ന നിലയിലാണ് സര്‍വിസ് പുനരാരംഭിക്കേണ്ടത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ സംസ്ഥാനത്ത് ഉടന്‍ പ്രവേശിപ്പിക്കരുത്. ആരാധനാലയങ്ങള്‍ ഉടന്‍ തുറന്നുകൊടുക്കരുത്. വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ കൂടിയാല്‍ പത്തു പേര്‍ മാത്രം മതി. 65 വയസും അതിനു മുകളിലുമുള്ളവരെ ചികിത്സയ്ക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കാവൂ. മൂന്നു മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് ഒരു സമയത്ത് ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ അനുമതി നല്‍കണം. ഇതോടൊപ്പം സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ- ഇരട്ട നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തണം. നിയന്ത്രണ കാലയളവില്‍ ഞായറാഴ്ച പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കണം എന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ മാത്രമേ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാവൂ എന്നും സമിതി നിര്‍ദേശിക്കുന്നു. സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര നിര്‍ദ്ദേശം വന്നതിനു ശേഷമേ നിര്‍ദ്ദേശങ്ങളില്‍ ഏതെല്ലാം സംസ്ഥാനത്ത് നടപ്പിലാക്കണം എന്ന് തീരുമാനിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.