ആള്‍ക്കൂട്ടത്തിനു നേരെ അണുനാശിനി തെളിച്ച് ഉത്തര്‍ പ്രദേശ്
യുപിയിലെ യോഗി ഭരണകൂടം പാര്‍ശ്വ വത്കരിക്കപ്പെട്ടവരെ മനുഷ്യരായി പോലും കാണുന്നില്ലന്നതിന് മറ്റൊരു തെളിവ്. അന്യസംസ്ഥാനങ്ങളിൽനിന്ന് സ്വന്തം നാട്ടിൽ മടങ്ങിയെത്തിയ തൊഴിലാളികളെ നടുറോഡില്‍ കൂട്ടമായി ഇരുത്തി അണുനാശിനി തളിച്ചാണ് യോഗി ഗവര്‍മ്മെന്റ് തങ്ങളുടെ മനുഷ്യത്വമില്ലായ്മ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ കൂട്ടമായി റോഡിൽ നിരത്തിയിരുത്തിയശേഷം അണുനാശിനി തളിച്ചത്. പോലീസിന്റെ സഹായത്തോടെയാണ് കൂട്ടമായുള്ള ഈ അണുനശീകരണ പ്രയോഗം ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ നടത്തിയത്. കുട്ടികള്‍ കണ്ണു പൊത്തിപ്പിടിക്കണമെന്നും മൂക്കും വായും മൂടണമെന്നും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു. കൂട്ടമായുള്ള ഈ അണു നാശിനി പ്രയയോഗത്തിനു ശേഷം പലര്‍ക്കും ചൊറിച്ചിലും മറ്റ് ദേഹാശ്വാസ്ത്യവും ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
അന്യസംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികൾക്ക് യുപിയിലേക്ക് വരുന്നതിനായി സർക്കാർ ബസ് സൗകര്യം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. ഈ ബസിലെത്തിയ സംഘത്തിനുനേരിയായിരുന്നു ഭരണകൂടത്തിന്റെ അതിക്രമം. ഭരണകൂടത്തിന്റെ നടപടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്നാൽ ക്ലോറിൻ കലക്കിയ വെള്ളമാണ് തളിച്ചതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഇത് മനുഷ്യത്വരഹിത നടപടി അല്ല. ആളുകൾ കൂട്ടമായി എത്തിയതിനാൽ അണുവിമുക്തരാക്കേണ്ടത് അനിവാര്യമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ ഇതിനു പറയുന്ന ന്യായീകരണം.
ദയവു ചെയ്ത് ഇത്തരം മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ചെയ്യരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ തൊഴിലാളികൾ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേൽ രാസവസ്തുക്കൾ തളിക്കരുത്. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും പ്രിയങ്ക ട്വിറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന നടപടിയാണിതെന്നായിരുന്നു യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.