കൊറോണ: രാഹുല്‍ ഗാന്ധിയുടെ പ്രവചനം ചര്‍ച്ചചെയ്യപ്പെടുന്നു. തെറ്റുപറ്റിയോ…?, നമുക്ക് മുന്നൊരുക്കങ്ങളില്‍.
മാര്‍ച്ച് രണ്ടാം വാരത്തില്‍ രാഹുല്‍ ഗാന്ധി മാദ്ധ്യമങ്ങളോടു പറഞ്ഞു. “അടുത്ത ആറു മാസം സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര വേദനകളിലൂടെയാണ് രാജ്യത്തെ ജനങ്ങള്‍ കടന്നു പോകാനുള്ളത് എന്ന് പറയുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരും. ഈ രാജ്യം അനുഭവിക്കാന്‍ പോകുന്ന വേദനയെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. അതു വരികയാണ്. ഇത് സുനാമി വരുന്നത് പോലെയാണ്. സുനാമി വരുന്നതിന് മുമ്പ്, സംഭവിച്ചത് ഞാന്‍ പറയാം. ആന്‍ഡമാന്‍ നിക്കോബാറില്‍ സുനാമി വരുന്നതിന് മുമ്പ് വെള്ളം ഉള്ളിലേക്ക് പോയി. അപ്പോള്‍ എല്ലാവരും മീന്‍പിടിക്കാന്‍ പോയി. ആ വേളയില്‍ വെള്ളം വീണ്ടും വന്നു. അതു കൊണ്ടു തന്നെ വെള്ളം വരികയാണ്. ഞാന്‍ സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കുകയാണ്, ഒരു വലിയ സുനാമിയാണ് വരുന്നത്. അവര്‍ക്ക് ഇതേക്കുറിച്ച് അറിയില്ല. എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയില്ല. ഇന്ത്യ സ്വയം സജ്ജമാകണം. കോവിഡ് വൈറസിനെതിരെ മാത്രമല്ല, അതിനു ശേഷമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരെ. ഞാന്‍ വീണ്ടും വീണ്ടും പറയുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. മൂഡിസിന്റെ, സ്റ്റാന്‍ഡേര്‍ ആന്‍ഡ് പുവറിന്‍റെ, ട്രംപിന്‍റെ റേറ്റിങുകള്‍ മാത്രമാണ് ജനത്തിന് വേണ്ടത്. ആ റേറ്റിങുകളെ ഞാന്‍ കാര്യമാക്കുന്നില്ല. എനിക്ക് നമ്മുടെ ശക്തിയറിയാം. അതു കൊണ്ട് ഞാന്‍ പറയുന്നു. നമ്മുടെ ശക്തി സജ്ജമാക്കുക. ഒരു പ്രതിരോധ സാഹചര്യം സൃഷ്ടിക്കുക. അങ്ങനെയല്ല എങ്കില്‍ ഇവിടെ, തകര്‍ച്ചയുണ്ടാകും” – എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. എന്നാല്‍ അതിനു മുന്പ് ഫെബ്രുവരി 12ന് തന്നെ രാഹുല്‍ കൊറോണയുടെ കുറിച്ചുള്ള ആദ്യത്തെ മുന്നറിയിപ്പു നല്‍കികഴിഞ്ഞിരുന്നു. ‘ദ ഹവാര്‍ഡ് ഗസറ്റില്‍ ‘ആല്‍വിന്‍ പവല്‍’ ഫെബ്രുവരി 3 ന് എഴുതിയ ലേഖനം റിട്വീറ്റ് ചെയ്താണ് രാഹുല്‍ കൊറോണയെ കുറിച്ചുള്ള ആദ്യത്തെ മുന്നറിയിപ്പ് നടത്തിയത്. “കൊറോണ വൈറസ് അങ്ങേയറ്റം ഗൗരവതരമാണ്. നമ്മുടെ ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയാണ്. സര്‍ക്കാര്‍ ഈ ഭീഷണിയെ ഗൗരവമായി കാണുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. സമയപൂര്‍വ്വമുള്ള ഇടപെടല്‍ ഗൗരവമേറിയതാണ്” എന്ന് പറഞ്ഞാണ് രാഹുല്‍ ഈ ലേഖനം ട്വീറ്റ് ചെയ്തത്.
കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രവചനങ്ങള്‍ ആണ് ഇന്ന് രാജ്യത്ത് ചര്‍ച്ചയായികൊണ്ടിരിക്കുന്നത്. രാജ്യം കോവിഡ്-19 വൈറസുകളുടെ താണ്ഡവമാടലിനു മുന്പില്‍ പതറിനില്‍ക്കുമ്പോള്‍ കുറ്റപ്പെടുത്തലിനു പ്രസക്തിയില്ല. എങ്കിലും യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ചിരുട്ടാക്കി മറയ്ക്കുവാന്‍ കഴിയില്ല. ആഗോള തലത്തില്‍ 17,400 പേര്‍ക്ക് മാത്രം അസുഖം ബാധിച്ച ഘട്ടമായിരുന്നു അത്. ഇന്ന് രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞു. പത്തുലക്ഷത്തിലേറെ പേര്‍ക്ക് അസുഖം ബാധിക്കുമെന്ന് ആ ലേഖനം പ്രവചിക്കുന്നുണ്ട്. രാഹുല്‍ ഈ ലേഖനം പങ്കുവയ്ക്കുന്ന വേളയില്‍ കൊറോണയ്‌ക്കെതിരെ ഒരു മുന്‍കരുതല്‍ പോലും കേന്ദ്രം സ്വീകരിച്ചിരുന്നില്ല. അന്ന് രാജ്യത്ത് ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. ആഗോള തലത്തില്‍ തന്നെ കുറച്ചു രാഷ്ട്രങ്ങളില്‍ മാത്രമാണ് അതുണ്ടായിരുന്നത്. ഇന്ന് 160ലേറെ രാഷ്ട്രങ്ങള്‍ കൊറോണ ഭീതിയിലാണ്. കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍, സര്‍ജിക്കല്‍ മാസ്‌ക് തുടങ്ങിയ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ നിരോധിക്കാത്തത് എന്തു കൊണ്ടാണ് എന്ന് രാഹുല്‍ ചോദിച്ചിരുന്നു.
2020 ജനുവരി 30 ആണ് ഇന്ത്യയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 2 മാസത്തോളം സമയം മുന്നൊരുക്കങ്ങള്‍ക്കായി നമുക്ക് ലഭിച്ചു. കേരള മൊഴികെ രാജ്യത്ത് മറ്റൊരിടത്തും കോവിഡ്-19 വൈറസിന്‍റെ വ്യാപനത്തെ ചെറുക്കുന്നതിനായുള്ള കാര്യമായ യാതൊരു തയ്യാറെടുപ്പും ഉണ്ടായില്ല. ഇറ്റലിയിലും സ്പെയിനിലും യുഎസിലും യുകെയിലും സംഭവിച്ചതു പോലെ അമിതമായ ആത്മവിശ്വാസത്തിന്‍റെ സുഷുപ്തിയിലായിരുന്നു നാം. രോഗവ്യാപനം കൈവിടുമെന്ന ഘട്ടം വന്നപ്പോള്‍ മാത്രമാണ് നമ്മുടെ ഭരണകൂട യന്ത്രങ്ങള്‍ ചലിക്കുവാന്‍ ആരംഭിച്ചത്. നാം സടകുടഞ്ഞെഴുന്നേറ്റത്.
രാജ്യം കൊറോണക്കെതിരെ ജനകീയ കര്‍ഫ്യൂവിന്‍റെ രൂപത്തില്‍ പരസ്യ യുദ്ധപ്രഖ്യാപനം നടത്തിയത് 22ന്. ആരോഗ്യ രംഗം ഊര്‍ജ്ജിതപ്പെടുത്തുവാനായി പ്രധാനമന്ത്രി 15000 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് 23ന്. 24 അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് സംമ്പൂര്‍ണ്ണ ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചു. നൂറ്റിമുപ്പതു കോടിയിലേറെയുള്ള ജനതയെ കൊറോണയില്‍ നിന്നു സംരക്ഷിക്കുവാനായി ആരോഗ്യമേഖലയെ സജീവമാക്കുവാന്‍ തുശ്ചമായ 15000 കോടി പ്രഖ്യാപിക്കുവാന്‍ ഇത്ര മാത്രം കാലതാമസം വേണ്ടിയിരുന്നുവോ..?. അതും ഡോക്ടര്‍ ജനസംഖ്യ റേഷ്യോ വെറും 0.77 : 1000 മാത്രമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്. 1000 ജനങ്ങള്‍ക്ക് 4 ഡോക്ടര്‍മാര്‍ വീതമുള്ള അമേരിക്കപോലുള്ള വികസിത രാജ്യങ്ങള്‍ പോലും കൊറോണ വ്യാപനത്തിന്‍റെ മുന്പില്‍ പതറുന്ന സാഹചര്യത്തില്‍ നമുക്ക് അനിവാര്യമായിരുന്നത് പ്രതിരോധത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളായിരുന്നു. പക്ഷെ, നമ്മുടെ ഭരണകൂടങ്ങള്‍ അതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഫലമോ, 24 ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യം പൂര്‍ണ്ണമായും അടച്ചിടപ്പെട്ടു. ജനുവരി 30ന് രാജ്യത്ത് ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിമാനതാവളങ്ങളില്‍ വന്നിറങ്ങുന്ന ഓരോ യാത്രികനേയും കൊറോണ പരിശോദനക്കു വിധേയരാക്കുകയും കോവിഡ്-19 പോസിറ്റീവെന്ന് കണ്ടെത്തുന്നവരേയും രോഗ സാധ്യത ഉള്ളവരേയും ക്വാറന്‍റയിന്‍ ചെയ്യുകയുമായിരുന്നു എങ്കില്‍ ഇന്ന് രാജ്യത്തെ 130 കോടിയിലേറെ ജനങ്ങള്‍ അടച്ചുപൂട്ടി വീടുകളില്‍ കഴിയുവാന്‍ ഇടവരുകയില്ലായിരുന്നു. ഈ അവസ്ഥ രാജ്യത്തുണ്ടാക്കിയത് ഭരണകൂടത്തിന്‍റെ പിടിപ്പു കേടുതന്നെയാണ്. ഈ സാഹചര്യത്തിലാണ് പലരും പപ്പുവായി മാത്രം കരുതുന്ന രാഹുല്‍ ഗാന്ധിയുടെ പ്രവചനം പ്രസക്തമാകുന്നത്.