മുഖ്യമന്ത്രിപദത്തിന് ആവശ്യമുന്നയിച്ച് ഡി.കെ.ശിവകുമാർ. കർണാടകയിൽ രാഷ്ട്രീയ കൊടുങ്കാറ്റ്.

തന്‍റെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമോ? അദ്ദേഹം രാജിവച്ചില്ലെങ്കിൽ ഡി.കെ.എസ് എന്തു ചെയ്യും? ഡി.കെ.എസ് സർക്കാരിനെ അട്ടിമറിച്ച് കോൺഗ്രസ് വിടുമോ? അതോ തന്‍റെ വിധി അംഗീകരിച്ച് പാര്‍ട്ടിക്കു വേണ്ടി വീണ്ടും നിശബ്ദനാകുമോ ? ഉത്തരം കണ്ടെത്തേണ്ട അവസാനിക്കാത്ത ചോദ്യങ്ങളാണ് കര്‍ണാടക രാഷ്ട്രീയ ഭൂമികയില്‍ നിന്നുയരുന്നത്.

കർണാടകയിലെ ദ്രുതഗതിയിലുള്ള രാഷ്ട്രീയ സംഭവവികാസത്തിൽ, രണ്ടര വർഷമായി മൗനം പാലിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടുകൊണ്ടുള്ള ആദ്യ നീക്കം നടത്തിയിരിക്കുന്നു. നിയമസഭാംഗങ്ങളില്‍ ഭൂരിഭാഗവും തന്നെ പിന്തുണക്കുന്നുണ്ടെന്നാണ് സിദ്ധാമയ്യ കണക്കുകൂട്ടുന്നത്. എന്നാല്‍ കഴിഞ്ഞ 50 വർഷമായി പാര്‍ട്ടിയുടെ വിശ്വസ്ത പ്രവർത്തകനായ, തന്നെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയാക്കുമെന്ന് ഡികെഎസ് വിശ്വസിക്കുന്നു.

ബിഹാർ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതോടെ സംസ്ഥാനത്ത് അധികാര പങ്കിടൽ കളി ആരംഭിച്ചിരുന്നു. എന്നാല്‍, പാർലമെന്റിന്‍റെയും കർണാടക നിയമസഭയുടെയും ശീതകാല സമ്മേളനം അവസാനിക്കുന്ന ഡിസംബറിനുശേഷം മാത്രമേ മുഖ്യമന്ത്രി കസേരക്ക് എന്തെങ്കിലും മാറ്റമുണ്ടാകൂ എന്ന് കരുതിയിരിക്കുകയായിരുന്നു സിദ്ധരാമയ്യ ക്യാമ്പ്.

2023 ൽ സർക്കാർ അധികാരത്തിൽ വന്നപ്പോള്‍, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാർത്ഥി ഡി കെ ശിവകുമാറായിരുന്നു. മുമ്പ് രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം പ്രതീക്ഷിച്ചിരുന്നു വെങ്കിലും ലഭിച്ചില്ല. 2023 ലും പാർട്ടിയെ അധികാരത്തിലേക്ക് നയിച്ച ഡികെക്ക് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനും സർക്കാരിലെ ഒരു സ്ഥാനവും സ്വീകരിക്കാതെ മാറിനില്‍ക്കുവാനും ആണ് തീരുമാനിച്ചത്.

രാഹുൽ ഗാന്ധിയുടെ പൂർണ്ണ പിന്തുണ സിദ്ധരാമയ്യയ്ക്കുണ്ടായിരുന്നെങ്കിലും, പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ശിവകുമാറിനെ അനുകൂലിച്ചു. സോണിയ ഗാന്ധി ഇടപെട്ട്, ഈ മന്ത്രിസഭയുടെ രണ്ടാം പാദത്തിൽ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഡികെ ശിവകുമാർ കെപിസിസി പ്രസിഡന്‍റായി തുടരാനും ഉപമുഖ്യമന്ത്രിയാകാനും സമ്മതിച്ചത്.

എന്നാല്‍, പകുതി കാലാവധി അടുത്തപ്പോൾ തന്നെ, സിദ്ധരാമയ്യയും അനുയായികളും “താൻ കാലാവധി പൂർത്തിയാക്കുമെന്നും 2028 ൽ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാ”മെന്നും പറ‌ഞ്ഞു തുടങ്ങിയിരുന്നു. ഇത് മിക്ക കോൺഗ്രസ് അംഗങ്ങളേയും പ്രകോപിപ്പിച്ചു, കാരണം സിദ്ധരാമയ്യയും അനുയായികളും ജെഡി (എസ്) ൽ നിന്ന് 15 വർഷം മുമ്പ് കോണ്‍ഗ്രസ്സിലേക്ക് കുടിയേറി പാർട്ടിയിലും സർക്കാരിലും നല്ല സ്ഥാനങ്ങൾ വഹിക്കുന്നു. എന്നാല്‍ കാലാകാലങ്ങളായി പാർട്ടിയിൽ പ്രവൃത്തിച്ചുവരുന്ന തദ്ദേശീയരായ അംഗങ്ങൾ ഇപ്പോഴും പുറംമ്പോക്കില്‍ തന്നെ തുടരുന്നു. ഇത് പാരമ്പര്യ കോൺഗ്രസും അംഗങ്ങളും കുടിയേറ്റക്കാരായ കോൺഗ്രസ് അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുവാന്‍ ഇടയാക്കി.

മന്ത്രിസഭ പുനഃസംഘടനയ്ക്ക് അനുമതി തേടി സിദ്ധരാമയ്യയും വൈദ്യുതി മന്ത്രി കെ.ജെ. ജോർജും രാഹുൽ ഗാന്ധിയേയും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയേയും കണ്ടു. മന്ത്രിസഭ പുനഃസംഘടന അനുവദിച്ചാൽ ഡി.കെ. ശിവകുമാറിന് അധികാര കൈമാറ്റം ഉണ്ടാകില്ല എന്ന കണക്കുകൂട്ടൽ ആയിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ഹൈക്കമാൻഡ് വ്യക്തമായ ഒരു നിര്‍ദ്ദേശവും നൽകിയില്ല.

ബെംഗളൂരുവിൽ തിരിച്ചെത്തിയ സിദ്ധരാമയ്യയും അനുയായികളും ഭാവി നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി നിരവധി യോഗങ്ങൾ നടത്തി. “മുഖ്യമന്ത്രി എന്ന നിലയിൽ തന്‍റെ കാലാവധി പൂർത്തിയാക്കു”മെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. മറുവശത്ത്, ഡി കെ ശിവകുമാർ സിദ്ധരാമയ്യ ക്യാമ്പിലെ സംഭവവികാസങ്ങളിൽ അക്ഷമനായിരുന്നു. കാലാവധി പൂർത്തിയാക്കുമെന്ന സിദ്ധരാമയ്യയുടെ അവകാശവാദത്തെ പരിഹസിച്ചു കൊണ്ട് ഡി.കെ.എസ് പറഞ്ഞു “അദ്ദേഹത്തിന് ഞാൻ ആശംസകൾ നേരുന്നു…”

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പെട്ടന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഒരു പാർട്ടി പരിപാടിക്കിടെ, “രാഷ്ട്രീയത്തിൽ രണ്ട് തരം ആളുകൾ ഉണ്ടാകു”മെന്ന് ഡി കെ ശിവകുമാർ പറഞ്ഞു – “ഒന്ന് തൊഴിലാളികളും മറ്റൊന്ന് മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ വിളവ് കൊയ്യുന്നവരും”. അരമണിക്കൂറിനുള്ളിൽ, അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഡി കെ സുരേഷ് മാധ്യമങ്ങളെ സമീപിച്ച് പറഞ്ഞു: `”സിദ്ധരാമയ്യ തന്റെ വാഗ്ദാനങ്ങളിൽ ഉറച്ചുനിൽക്കണം”‘. അടുത്ത 20 മിനിറ്റിനുള്ളിൽ, തന്റെ വകുപ്പുതല യോഗത്തിനിടയിലായിരുന്ന കൃഷി മന്ത്രി എൻ.ചെലുവരായസ്വാമി പെട്ടെന്ന് യോഗം അവസാനിപ്പിച്ച് എട്ട് എംഎൽഎമാരോടൊപ്പം വിമാനത്താവളത്തിലേക്ക് പോയി. ഒരു സംഘം എംഎൽഎമാരെ ഡൽഹിയിലേക്ക് അയച്ച് ഡികെഎസ് ബെംഗളൂരുവിൽ തന്നെ തുടര്‍ന്നു.

ചാമരാജ് നഗറിൽ ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരുന്ന സിദ്ധരാമയ്യ, സംഭവവികാസങ്ങൾ അറിഞ്ഞ് എല്ലാ പരിപാടികളും റദ്ദാക്കി ബെംഗളൂരുവിലേക്ക് ഓടി… ചെലുവരായ സ്വാമിയെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ, ചെലുവരായ സ്വാമി ഇതിനകം ഡൽഹിയിലേക്കുള്ള വിമാനത്തിലായിരുന്നു. തുടര്‍ന്ന് തന്‍റെ അനുയായികളുമായി കൂടിക്കാഴ്ചകളുടെ പരമ്പരകളായിരുന്നു സിദ്ധു നടത്തിയത്.

ഡൽഹിയിൽ ചെലുവരായസ്വാമി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും പിന്നീട് മല്ലികാർജുൻ ഖാർഗെയെയും കണ്ടു, പക്ഷേ നേതൃമാറ്റത്തെക്കുറിച്ച് അവർ ഒന്നും സംസാരിച്ചില്ല.

വെള്ളിയാഴ്ച ഇതിനെപ്പറ്റി സിദ്ധരാമയ്യയോട് ചോദിച്ചപ്പോള്‍ “മന്ത്രിസഭ പുനഃസംഘടന നടത്താൻ പദ്ധതിയിടുന്നതിനാൽ നിയമസഭാംഗങ്ങൾ പാർട്ടി ഹൈക്കമാൻഡുമായി ലോബി ചെയ്യാൻ ഡൽഹിയിലേക്ക് പോയിരിക്കാ”മെന്നാണ് പറഞ്ഞത്. അതേസമയം, അദ്ദേഹത്തിന്‍റെ അനുയായികൾ നിരവധി മീറ്റിംഗുകൾ നടത്തുകയും നിയമസഭാംഗങ്ങളുടെ ഒപ്പുശേഖരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു.

“നിയമസഭാംഗങ്ങൾ ഡൽഹിയിലേക്ക് പോകുമ്പോൾ, അവർക്ക് ഡൽഹി നേതാക്കളെ പോയി കാണാൻ സ്വാതന്ത്ര്യമുണ്ടെ”ന്ന് ശിവകുമാർ പറഞ്ഞു. “ഞാൻ ഒരു വിഭാഗത്തിന്‍റെയും തലവനല്ല. 140 കോൺഗ്രസ് എംഎൽഎമാരുടെയും പാർട്ടി പ്രസിഡന്റ് ഞാനാണ്. ചില നിയമസഭാംഗങ്ങൾ പോയി മന്ത്രി സ്ഥാനങ്ങൾക്കായി ലോബി ചെയ്താൽ, എനിക്ക് അതിനെ എതിർക്കാൻ കഴിയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവില്‍ കുതിച്ചെത്തി വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡി കെ ശിവകുമാറുമായും സഹോദരൻ ഡി കെ സുരേഷുമായും ഒരു റൗണ്ട് ചർച്ച നടത്തി. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യ അദ്ദേഹത്തെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ബീഹാര്‍ തിരഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കര്‍ണാടക ഒരു പുതിയ തലവേദനയായി മാറിയിരിക്കുകയാണ്.

Pravasabhumi Facebook

SuperWebTricks Loading...