അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല – ഭരണഘടന ബഞ്ച്.
നിയമസഭകള്‍ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കുന്നതില്‍ അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ഇല്ലെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണെന്ന് വിവേചിക്കണം എന്നാവശ്യപ്പെട്ട രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിന് മറുപടി നൽകികൊണ്ടാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ സുപ്രധാന മറുപടി. എന്നാല്‍, രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം ഭരണഘടന ബെഞ്ച് തള്ളി.
വിധി അഞ്ചംഗ ബഞ്ചിൻ്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി പറഞ്ഞു. അനിശ്ചിതമായി ബില്ലു പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല. അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാം. രാഷ്ട്രപതി ബില്ല് പിടിച്ചുവെച്ചാലും കോടതിക്ക് ഇടപെടാം. എന്നാല്‍, രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കാനാകില്ല. ഗവർണർ ഒപ്പിടാത്ത ബില്ലുകൾക്ക് അംഗീകാരം നൽകാൻ കോടതിക്ക് കഴിയില്ല. ബില്ലുകൾ നിയമം ആകും മുമ്പ് നിയമ സാധുത കോടതിക്ക് പരിശോധിക്കാനാകില്ലെന്നും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ചുമതല കോടതിക്ക് ഏറ്റെടുക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബില്ലുകൾ തീർപ്പാക്കുന്നതിലെ സമയപരിധി എടുത്തു കളഞ്ഞത് കേന്ദ്ര സർക്കാരിന് ആശ്വാസമാകുകയാണ്. ഗവർണ്ണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കരുത് എന്ന കർശന നിർദേശം കോടതി നൽകിയെങ്കിലും ഇക്കാര്യത്തിൽ നിയമതർക്കം വീണ്ടും രൂക്ഷമാകും. തമിഴ്നാട് വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർക്കെതിരായ ഹർജി പിൻവലിച്ച കേരളത്തിനും വീണ്ടും സുപ്രീംകോടതിയിൽ എത്തേണ്ടി വരും.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതായിരുന്നു ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബഞ്ച് നൽകിയ വിധി. ഒരു മാസം മുതൽ മൂന്നു മാസം വരെ സമയപരിധി നിശ്ചയിച്ചതോടെ ഇതിനു ശേഷം നടപടി എടുക്കാത്ത ബില്ലുകൾ പാസ്സായതായി കണക്കാക്കുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന നീക്കങ്ങൾക്ക് തടയിടുന്നതായിരുന്നു കോടതി നിർദേശം. സുപ്രീംകോടതി രാഷ്ട്രപതിയുടെ റഫൻറൻസിൽ വ്യക്തമാക്കിയ നിലപാടോടെ കാര്യങ്ങൾ മാറി മറിയുകയാണ്. ഗവർണർമാർക്ക് ബില്ലുകൾ അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല എന്ന് കോടതി വ്യക്തമാക്കി. എന്നാൽ, എത്രകാലം പിടിച്ചുവെക്കാം എന്ന് കോടതി നിർവചിക്കുന്നില്ല.
കുറച്ചുകാലം പിടിച്ചു വച്ച ശേഷം ഗവർണർക്ക് രാഷ്ട്രപതിക്ക് ബില്ലുകൾ കൈമാറാം. രാഷ്ട്രപതിക്കും ഇതിൽ തീരുമാനമെടുക്കാൻ സമയം എടുക്കാനാകും. അതായത് രണ്ടംഗ ബഞ്ചിൻ്റെ വിധിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. കേന്ദ്രത്തിന് ഇത് വലിയ ആശ്വാസമാണ്. ഇത്തരം കേസുകൾ ഇനി വീണ്ടും കോടതികളിൽ എത്തും. തമിഴ്നാട് വിധിയുടെ അടിസ്ഥാനത്തിൽ ബില്ലുകൾ പിടിച്ചു വച്ചതിനെതിരായ ഹർജി കേരളം പിൻവലിച്ചിരുന്നു. ഇനി തർക്കമുണ്ടാകുന്ന ഓരോ ബില്ലിൻറെ കാര്യത്തിലും സംസ്ഥാനങ്ങൾക്ക് കോടതിയിൽ എത്തേണ്ടി വരും. ഇതോടെ, തര്‍ക്കമുണ്ടായാൽ രാഷ്ട്രപതിക്ക് പോലും നിർദ്ദേശം നല്കാനുള്ള നിയന്ത്രിത അധികാരം കോടതി നിലനിറുത്തുകയും ചെയ്യുന്നു
ഗവർണ്ണർമാർ ബില്ലുകൾ അകാരണമായി പിടിച്ചു വയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. എന്നിരുന്നാലും, നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ബില്ലുകൾ വച്ചു താമസിപ്പിക്കാനുള്ള നീക്കങ്ങൾ ഗവർണ്ണർമാർ ഈ വിധിക്കു ശേഷവും തുടരാനാണ് സാധ്യത. ഇതോടെ, തീരുമാനത്തിനായി വീണ്ടും കോടതികളെ സമീപിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാരുകള്‍.

