കർണാടകയില്‍ ട്രക്ക് ഡ്രൈവർമാരുടെ പണിമുടക്ക് ആദ്യദിനം പൂര്‍ണ്ണം.
ഹിറ്റ് ആൻഡ് റൺ കേസില്‍ പെടുന്ന പ്രതികൾക്ക് 7 ലക്ഷം രൂപ പിഴയും 10 വർഷം തടവും ചുമത്തുന്ന പുതുതായി കൊണ്ടുവന്ന നിയമത്തിൽ പ്രതിഷേധിച്ച് കർണാടകയിലെ ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ആദ്യദിനം പൂര്‍ണ്ണം. തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടതെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്‌സ് അസോസിയേഷൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് സംസ്ഥാനത്തെ ഇന്ധന ലഭ്യതയേയും ലോജിസ്റ്റിക്സ് മേഖലയേയും കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുന്പ് സിആര്‍പിയില്‍ ഹിറ്റ് ആന്‍റ്‍ റണ്‍ പ്രതികള്‍ക്ക് രണ്ടു വർഷത്തെ ജയിൽ ശിക്ഷ ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) ഭാഗമായി നിയമ പരിഷ്കരണം നടത്തിയപ്പോള്‍ ശിക്ഷയില്‍ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ നിയമം പ്രബല്യത്തില്‍ വരുന്നനതോടെ”അനാവശ്യമായ പീഡനം” ഉണ്ടാകാൻ സാധ്യതയുള്ളതായി ആശങ്കകൾ ഉണ്ടായിട്ടും കേന്ദ്ര സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല എന്നാണ് സ്വകാര്യ ട്രക്ക് ടാക്സി തൊഴിലാളികള്‍ ആരോപിക്കുന്നത്..
ഇതിനെതിരെ രാജ്യവ്യാപകമായി ട്രക്കുകൾ, ടാക്സികൾ, ബസുകൾ എന്നിവയുടെ നടത്തിപ്പുകാർ ഈ മാസം ആദ്യം രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരുന്നത്. ഇതിനെ തുടർന്നാണ് കര്‍ണാടകയിലെ ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്‌സ് അസോസിയേഷൻ 17,18,19 തീയതികളില്‍ പണിമുടക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് യൂണിയനുകൾ, വാഹനങ്ങൾ റോഡിൽ നിന്ന് പിന്‍വലിച്ച് സമരത്തിന്‍റെ ഭാഗമായി. എണ്ണ ടാങ്കർ ഡ്രൈവർമാരും പ്രതിഷേധത്തെ പിന്തുണച്ചതോടെ ഇന്ധന ലഭ്യത കുറയുകയാണ്.