അവസാന മണിക്കൂറില്‍ ലോക്‍പാല്‍ യാഥാര്‍ത്ഥ്യമായി

Print Friendly, PDF & Email

ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും സര്‍ക്കാര്‍ തലപ്പത്തും ഉണ്ടാകുന്ന അഴിമതി ഇല്ലാതാക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന സംവിധാനമായ ലോക്‍പാല്‍ വിജ്ഞാപനം വന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം യാഥാര്‍ത്ഥ്യമായി. സുപ്രീം കോടതി മുന്‍ ജസ്റ്റിസും നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ പിനാകി ചന്ദ്ര ഘോഷ് (പി.സി ഘോഷ്) നെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാനായ ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു.

അദ്ദേഹത്തെ നിയമിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി എന്നിവരടങ്ങിയ സമിതിയാണ് തീരുമാനിച്ചത്. നാല് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരും നാല് റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായിരിക്കും ലോക് പാലിലെ മറ്റ് അംഗങ്ങള്‍. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടായേക്കും. കോണ്‍ഗ്രസ് ലോക്സഭകക്ഷി നേതാവ് മല്ലകാര്‍ജന ഖാര്‍ഗേ സമിതിയംഗമാണെങ്കിലും അദ്ദേഹം സമിതി യോഗത്തില്‍ പങ്കെടുത്തില്ല. രാജ്യത്ത് പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വെറും ക്ഷണിതാവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഖാര്‍ഗെ ബഹിഷ്‌കരിച്ചത്.

യുപിഎ ഗവര്‍മ്മെന്‍റിന്‍റെ അവസാന കാലഘട്ടത്തില്‍ അന്നാഹസാരേയുടെ നേതൃത്വത്തില്‍ ലോക് പാലിനുവേണ്ടി ഉയര്‍ന്ന ബഹുജന മുന്നേറ്റങ്ങള്‍ യുപിഎ സര്‍ക്കാരിന്‍റെ പതനത്തിനും മോദി ഗവര്‍മ്മെന്‍റിന്‍റെ ഉദയത്തിനും ഒരു മുഖ്യ കാരണമായിരുന്നു. അന്നത്തെ ഗവര്‍മ്മെന്‍റ് ലോക് പാല്‍ ബില്ലിനു രൂപം നല്‍കിയിരുന്നുവെങ്കിലും നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്നാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ലോക് പാലിന്‍റെ നിയമനം. ആ വാഗ്നാനമാണ് ഭരണകാലാവധിയുടെ അവസാന നാളുകളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക അനുമതിയോടെ നടപ്പിലാക്കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം അഴിമതി അന്വേഷണ പരിധിയില്‍ വരുന്ന ലോക്പാല്‍ നിയമനം ഭരണത്തിന്‍റെ അവസാന മണിക്കൂറിലേക്ക് മാറ്റിവച്ചത് ലോക് പാല് നടപ്പിലാക്കുവാന്‍ പ്രധാനമന്ത്രിക്ക് താല്‍പര്യമില്ലാത്ത തിനാലായിരുന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്. അതിനാല്‍ തന്നെ ഭരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ നടത്തിയ ലോക് പാല്‍ നിയമനത്തിന്‍റെ ഉദ്ദേശശുദ്ധിപോലും ചോദ്യം ചെയ്യപ്പെടുകയാണ്.