പോലീസ് സ്റ്റേഷന്‍റെ ചാര്‍ജ് അച്ഛന്‍ മകള്‍ക്ക് കൈമാറി.
താന്‍ ചുമതല വഹിച്ചിരുന്ന പോലീസ് സ്റ്റേഷന്‍റെ ചാര്‍ജ് മകള്‍ക്ക് കൈമാറുക. അത്ഭുതപ്പെടേണ്ട. മാണ്ഡ്യ നഗരത്തിലെ സെൻട്രൽ പോലീസ് സ്‌റ്റേഷനിലെ ജീവനക്കാരാണ് അച്ഛനും മകളും തമ്മിലുള്ള ആ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി മാറിയത്. സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബി എസ് വെങ്കിടേഷ് ആണ് തന്റെ മകൾക്ക് പൂച്ചെണ്ട് നല്‍കികൊണ്ട് തന്‍റെ ചുമതല കൈമാറി അധികാര ഒഴിഞ്ഞത്. ചൊവ്വാഴ്ചയായിരുന്നു ആ പ്രത്യേക പ്രത്യേക ചടങ്ങ് സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ചത്.
പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് സ്ഥലം മാറി പോവുകയായിരുന്നു സബ് ഇൻസ്‌പെക്ടർ ബി എസ് വെങ്കിടേഷ്. അദ്ദേഹത്തിന്റെ മകൾ ബി വി വർഷയെ ആണ് അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പകരം നിയമിച്ചത്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വർഷ 2022 ബാച്ച് ഉദ്യോഗസ്ഥയാണ്. കലബുറഗിയിൽ പോലീസ് പരിശീലനം പൂർത്തിയാക്കിയ അവർ മൈസൂർ ജില്ലയിലെ ഹുൻസൂർ, പെരിയപട്ടണ സ്റ്റേഷനുകളിൽ പ്രൊബേഷണറി സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മാണ്ഡ്യ വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ നിയമനം ലഭിച്ചിരുന്നു.
1990 മുതൽ 2006 വരെ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച വെങ്കിടേഷ് 16 വർഷമായി ചൈന-പാക് അതിർത്തിയിൽ സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം പോലീസ് വകുപ്പിൽ ചേർന്നു. തുമകുരു ജില്ലയിലെ കുനിഗൽ താലൂക്കിലെ തോറെബൊമ്മനഹള്ളി സ്വദേശിയാണ് വെങ്കിടേഷ്.
കുട്ടികൾ ഈ നേട്ടം കൈവരിക്കുന്നത് രക്ഷിതാക്കൾക്ക് അഭിമാനകരമായ നിമിഷമാണെന്ന് വെങ്കിടേഷ് പറഞ്ഞപ്പോൾ, പിതാവിൽ നിന്ന് ചുമതലയേൽക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നായിരുന്നു വർഷയുടെ കമന്‍റ്.