കർണാടകയിലെ ഹിജാബ് വിവാദം സംഘർഷങ്ങളിലേക്ക്…

Print Friendly, PDF & Email

ഹിജാബ് വിവാദം സംഘർഷങ്ങളിലേക്ക് നീങ്ങുന്നു. കർണാടകത്തിൽ രണ്ടിടത്ത് സംഘർഷം നടന്നു. നല്ലൂരിലും ദാവൻഗരയിലും നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീയും ഉൾപ്പെടുന്നു. നല്ലൂരിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഹിജാബ് നിരോധനത്തെ അനുകൂലിച്ച യുവാവിന് ക്രൂരമായി വെട്ടേറ്റു. തലയ്ക്കും നടുവിനും പരിക്കേറ്റ ദിലീപ് എന്നയാളെ വിദഗദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇവിടെയാണ് കല്ലേറിൽ സ്ത്രീക്ക് പരിക്കേറ്റത്. ഇതേസമയം തന്നെ കർണാടകയിലെ ദാവൻഗരയിലും സംഘർഷം നടന്നു. ഹിജാബ് നിരോധനത്തെ അനുകൂലിച്ച നാഗരാജ് എന്നയാളെ ഒരു സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. പൊലീസ് ലാത്തിവീശി.

നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗ്ലൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടി. മംഗ്ലൂരു കഡബ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. സ്കൂളില്‍ നിസ്കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച നമസ്കാരത്തിനായി ഒഴിവുള്ള ക്ലാസില്‍ സൗകര്യം നല്‍കിയതാണെന്ന് സ്കൂള്‍ അധികൃതർ വിശദീകരിച്ചു. വര്‍ഷങ്ങളായി മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം നല്‍കാറുണ്ടെന്നും ഇതിന്‍റെ പേരില്‍ ക്ലാസുകള്‍ തടസ്സപെട്ടിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടികാട്ടി. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് നിസ്കാര സൗകര്യം ഒരുക്കിയതെന്നും അനാവശ്യ നീക്കമെന്നുമാണ് വിദ്യാഭാസ വകുപ്പിന്‍റെ നിലപാട്.

കർണാടകയിലെ ബിദറില്‍ ഹിജാബ് ധരിച്ചെത്തിയ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതിച്ചില്ല. സ്വകാര്യ നഴ്സിങ്ങ് കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. കോളേജിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

ഹിജാബ് നിരോധനത്തിനെതിരെ പ്രതികരിച്ച പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രണം തുടരുന്നു. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീട്ടുവിലാസവും മൊബൈല്‍ നമ്പറും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ബിജെപി എംഎല്‍എ രഘുപതി ഭട്ടും , പിയു കോളേജ് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡയുമെന്നാണ് ആരോപണം. രാഷ്ട്രീയ ഗൂഢാലോചനയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി എസ്പിക്ക് ഇരകളായ പെൺകുട്ടികളുടെ മാതാപിതാക്കള്‍ പരാതി നല്‍കി.

ഹിജാബ് നിരോധനത്തിൽ ഭരണഘടന ചട്ടക്കൂടില്‍ നിന്ന് നിയമവ്യവസ്ഥ അംഗീകരിച്ച് പരിഹാരം കാണുമെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര കാര്യങ്ങളില്‍ ഗൂഢോദ്ദേശ്യത്തോടെയുള്ള ഇടപെടലുകള്‍ അംഗീകരിക്കില്ല. കര്‍ണ്ണാടകയിലെ ചില വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജനാധിപത്യ രീതിയില്‍ ഇത്തരം വിഷയങ്ങള്‍ പരിഗണിക്കാനും പരിഹരിക്കാനും രാജ്യത്ത് സംവിധാനങ്ങളുണ്ട്. ഇന്ത്യയെ അറിയാവുന്നവര്‍ക്ക് ആ യാഥാര്‍ത്ഥ്യം മനസിലാക്കാനാകും. അല്ലാതെയുള്ള പ്രതികരണങ്ങള്‍ തള്ളിക്കളയും.

പാകിസ്ഥാന് പിന്നാലെ അമേരിക്കയും വിഷയത്തില്‍ ഇടപെട്ടു. ഇന്ത്യയില്‍ മതസ്വാതന്ത്യം ഇല്ലാതാകുന്നുവെന്നും മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും പാര്‍ശ്വവത്ക്കരിക്കപ്പെടുകയാണെന്നും വിവാദത്തെ ഉദ്ധരിച്ച് മതസ്വാതന്ത്യത്തിനായുള്ള യുഎസ് അംബാസിഡര്‍ റാഷദ് ഹുസൈന്‍ പ്രതികരിച്ചിരുന്നു. മുസ്ലീം പെണ്‍കുട്ടികളെ തീവ്രവാദികളായി മുദ്രകുത്തുകയാണെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം ലോകം തിരിച്ചറിയണമെന്നുമായിരുന്നു പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രതികരണം. പൗരത്വ നിയമഭേദഗതി, കശ്മീര്‍ പുനസംഘടനയടക്കമുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നാലെ ഹിജാബ് വിവാദവും ചർച്ചയാവുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •