ധീരജിന്‍റെ കൊലപാതകം. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിലായ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ധീരജിൻ്റെ കൊലപാതകത്തിൽ അഞ്ചു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ച് പേരും എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ ആണ്. എല്ലാവരും കെഎസ് യു പ്രവർത്തകരാണ്. അക്രമത്തിൽ ബന്ധമുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി.
ഇടുക്കി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന ധീരജിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. പോസ്റ്റുമോർട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കുകയും തുടർന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുകയും ചെയ്യും. യാത്രക്കിടയിൽ വിവിധ സ്ഥലത്ത് പൊതുദർശനത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ധീരജ് ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.