വർണ്ണചരടിന്റെ വിശ്വാസവും ചരിത്രവും
രക്ഷാ ബന്ധനം അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൗർണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു. സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
പൗർണമി ദിവസം സഹോദരി സഹോദരന് കൈയിൽ രാഖി കെട്ടിക്കൊടുത്ത് സഹോദരന്റെ പൂർണ സംരക്ഷണം ഉറപ്പ് വരുത്തുന്ന ചടങ്ങാണ് രക്ഷാ ബന്ധൻ. രാഖി കെട്ടി സഹോദരനാക്കിയാൽ അവളുടെ എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കേണ്ടതും അവളെ സംരക്ഷിക്കേണ്ടതും സഹോദരരന്റെ കടമയാണെന്നാണ് വിശ്വാസം.
ഈ ആഘോഷത്തിന്റെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി, രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടുകയും വിജയിയായി തിരിച്ച് വരികയും ചെയ്തു. ആ ദിവസം മുതൽ ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി. പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വാസം.
ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ടന്ന് പുരാണങ്ങൾ പറയുന്നു. ഒരിക്കൽ,സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി പുരുവിനെ സമീപിക്കുകയും കൈകളിൽ രാഖി കെട്ടി സഹോദരനാക്കുകയും ചെയ്തു. പുരുവിൽ നിന്നും യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്ന് സത്യവചനവും വാങ്ങി. വാക്ക് പാലിച്ച്കൊണ്ട് പുരു സിക്കന്ദറെ ജീവനോടെ വിട്ടു കൊടുക്കുകയും ചെയ്തു.
സഹോദരി, രക്ഷാബന്ധൻ ദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും ദീപം വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകവും ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർഥിച്ച് കൈയിൽ വർണനൂലുകളാൽ നിർമിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്ന ചടങ്ങാണ് രക്ഷാ ബന്ധൻ. ഭാരതത്തിന് പുറമെ പാക്കിസ്ഥാൻ, നേപ്പാൾ, അഫ്‌ഘാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഹിന്ദു സമൂഹവും രാഖി ഉത്സവം ആചരിക്കാറുണ്ട്. പാകിസ്ഥാൻ പ്രധാന മന്ത്രിയും പ്രതിപക്ഷ നേതാവുമൊക്ക രക്ഷാ ബന്ധൻ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഗൂഗിളിൽ തപ്പിയാൽ കാണാം.
രാഖി കൈകളിൽ ഏറ്റുവാങ്ങുന്ന പുരുഷൻ ആ നിമിഷം മുതൽ അവൾക്ക് സഹോദരനായി മാറുകയും, സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു.
സഹോദരൻ സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുന്നു. അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കണം. ഇന്ത്യയിൽ രക്ഷാബന്ധനം ഉത്തരഭാരതത്തിലെ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
വിഷ്ണു പുരാണത്തിലും രക്ഷാ ബന്ധനത്തെ കുറിച്ച് കഥയുണ്ട്. മഹാ വിഷ്ണുവിന്റെ കടുത്ത ആരാധകനായ ബാലീ രാജാവ് വിഷ്ണുവിന്റെ സാന്നിധ്യം തന്റെ കൊട്ടാരത്തിൽ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ വിഷ്ണുവിന്റെ ഭാര്യ ലക്ഷ്മി ദേവി തന്റെ ഭർത്താവിന്റെ കൊട്ടാരത്തിലെ സ്ഥിരതാമസം ഒഴിവാക്കാൻ ബ്രാഹ്മണ സ്ത്രീയുടെ വേഷത്തിൽ ബാലീ രാജാവിനെ സന്ദർശിക്കുകയും രാജാവിന്റെ കയ്യിൽ ഒരു രാഖി ( വർണ നിറമുള്ള ചരട് ) കെട്ടികൊടുത്ത് ബാലിയെ സ്വന്തം സഹോദരനായി മാറ്റുകയും ചെയ്യുന്നു. ശേഷം ലക്ഷ്മി ദേവി തന്റെ ആഗ്രഹം അറിയിക്കുകയും ബാലീ രാജാവ് വിഷ്ണുവിനെ സ്വന്തം ഭാര്യയുടെ കൂടെ ജീവിക്കാൻ കൊട്ടാരം വിട്ട് പോകാൻ അനുവദിക്കുകയും ചെയ്യുന്നതായാണ് കഥ.
( കൂട്ടത്തിൽ പറയട്ടെ, ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രമായ ഇൻഡോനീഷ്യയിൽ ബാലീ എന്ന പ്രദേശത്താണ് ബാലിയുടെ കൊട്ടാരവും ഭരണ ആസ്ഥാനവുമൊക്കെ ഉണ്ടായിരുന്നതെന്ന് അവർ വിശ്വസിക്കുന്നു. വിഷ്ണു, രാമൻ, ലക്ഷ്മണൻ, ലക്ഷ്മി, ഗീത, സരസ്വതി തുടങ്ങി ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രം ഉപയോഗിക്കുന്ന പേരുകളൊക്കെ ഇൻഡോനേഷ്യായിൽ മുസ്‌ലിം നാമങ്ങളാണ്. മഹാഭാരതവും ഭഗവത് ഗീതയുമൊക്കെ അവരുടെ രാജ്യത്തിന്റെ സ്വന്തം ഇതിഹാസങ്ങളായി വി ശ്വസിക്കുകയും വായിക്കുകയും ചെയ്യുന്നു )
രാഖി കെട്ടി സഹോദരനാക്കിയാൽ അവളുടെ എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കേണ്ടതും അവളെ സംരക്ഷിക്കേണ്ടതും സഹോദരരന്റെ കടമയാണെന്നാണ് വിശ്വാസം. ഇന്നും ഉത്തരേന്ത്യൻ പെൺകുട്ടികൾ തങ്ങൾക്ക് ഇഷ്ടമല്ലാത്ത യുവാക്കളിൽ നിന്നും പ്രണയ സന്ദേശം ലഭിക്കുകയോ വിവാഹ അഭ്യർത്ഥന വരികയോ ചെയ്താൽ അവരെ ഒഴിവാക്കാനുള്ള കുറുക്കു വഴിയായി തെരഞ്ഞെടുക്കുന്നത് അവർക്ക് രാഖി കെട്ടികൊടുത്ത് സഹോദരനാക്കുക എന്നതാണ്.
കഴിഞ്ഞ 25 വർഷമായി എയർ ഫോഴ്സ് ക്യാമ്പിൽ ജീവിക്കുന്ന എനിക്ക് രാഖി ഉത്സവത്തിന്റെ ഭാഗമാവാൻ എല്ലാ വർഷവും അവസരം ലഭിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി “രക്ഷാ ബന്ധൻ ആഘോഷം മുസ്‌ലിം സ്ത്രീകളെ കൂടി ഉൾപ്പെടുത്തി നടത്താൻ” ആഹ്വാനം ചെയ്തതിനെതിരെ സോഷ്യൽ മീഡിയകകളിൽ ചില സംഘപരിവാര്‍ വിരുദ്ധരുടെ അപകട സൂചന നൽകിയുള്ള മെസ്സേജുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത് തികച്ചും തെറ്റായ ഒരു പ്രവണതയാണ്. ഉത്തരേന്ത്യൻ ജനതയിൽ ഇതൊരു ആർ.എസ്.എസ് പരിപാടിയല്ല. കേരളത്തിൽ മാത്രമാണ് ബിജെപി ക്കാർ അവരുടെ പാർട്ടി പരിപാടി പോലെ ഇത് നടത്തുന്നത്. പല ഹൈന്ദവ ആചാരങ്ങളും സംഘപരിവാര്‍ അനുയായികള്‍ അവരുടേതായി ആഘോഷിക്കുന്നത് കൊണ്ട് അവയെല്ലാം അവരുടേത് മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. ആർ എസ് എസ് കാരുടെ മുണ്ടാണ് കാവി എന്ന് എന്റെ ചെറുപ്പകാലത്ത് നാട്ടിൽ മിക്കവാറും വിശ്വസിച്ചത് ഇപ്പോൾ ഓർക്കുന്നു. കേരളത്തിൽ ബിജെപിക്കാർ ചരിത്രമറിയാത്ത പൊട്ടൻമാരെ പോലെയാണ് രക്ഷാ ബന്ധൻ കൊണ്ടാറാടുള്ളത് എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. പുരുഷന്മാർ സ്ത്രീകൾക്ക് ചരട് കെട്ടികൊടുത്താണ് അവരിതിനെ ആഘോഷിക്കുക!!!. ചരിത്രമോ ഐതിഹ്യമോ അറിയാത്തവർ, അത് മനസ്സിലാക്കാൻ പോലും മെനക്കെടാതെ പുരുഷൻമാർ തമ്മിലും സ്ത്രീകൾ അന്യോന്യവും രാഖി കെട്ടിയും സായൂജ്യാമടയുന്ന പൊളിതമാശയും ബിജെപികാരുടെ രക്ഷാ ബന്ധൻ പരിപാടിയിൽ സ്ഥിരം കാഴ്ചയാണ്.
മണിപ്പൂരിലെയും ഹരിയാനായിലെയും ന്യൂനപക്ഷ വിരുദ്ധ ലഹളകളുടെ പാശ്ചാത്തലത്തിൽ ഇന്ത്യ ഒന്നാണ് എന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാവാം പ്രധാനമന്ത്രിയുടെ രാഖി ഉത്സസവത്തിൽ മുസ്‌ലിം സ്ത്രീകളെ പങ്കെടുവിപ്പിക്കാനുള്ള നിർദേശം. രാജ്യത്തെ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ രാഖി ഉത്സവത്തെ കുറിച്ച് ബോധ്യമുള്ള ഹിന്ദു സമൂഹത്തോടാണ് മോദി അത് പറഞ്ഞത്.
വ്യാപകമായിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ മുസ്‌ലിം വിഭാഗത്തിലെ സ്ത്രീകളും പുരുഷന്മാരും ഈ ആഘോഷത്തിന്റെ ഭാഗമാവാറുണ്ട്, നമ്മുടെ നാട്ടിലെ ഓണം പോലെ. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണെന്ന് പറയുമ്പോഴും ഹിന്ദുക്കളുടെ മതാചാരമായിയിട്ടുള്ള ഓണം മുസ്ലിങ്ങൾ / ക്രിസ്ത്യാനികൾ ആഘോഷിക്കരുതെന്ന് പറയുന്ന മത പണ്ഡിതന്മാർ രണ്ട് സമുദായങ്ങളിലും ഉണ്ടല്ലോ.
ചരിത്രമോ ഐതിഹ്യമോ അറിയാതെ ഏത് വിഷയത്തിലും എടുത്ത്ചാടി അഭിപ്രായം പറയുകയും സമുദായത്തിനുള്ളിൽ അനാവശ്യ ഭയം ഉണ്ടാക്കുകയും, ഇതര സമുദായങ്ങൾക്കിടയിൽ മുസ്ലിങ്ങളെ കുറിച്ച് വേണ്ടാത്ത സംശയങ്ങൾ ജനിപ്പിക്കുകയും ചെയ്യാൺ ചില “സമുദായസ്നേഹികൾ” പലപ്പോഴും എഴുത്തും വർത്തമാനവുമായി സോഷ്യൽ മീഡിയയിൽ ഇറങ്ങാറുണ്ട്. അത്തരം മെസ്സേജുകൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്ന ആളുകൾ അവയുടെ നിജസ്ഥിതി ആദ്യം അന്വേഷിക്കുന്നത് നല്ലതാണ്.
ഭാരതീയരെന്ന നിലയിൽ നമ്മുടെ രാജ്യത്തിന്റെ തനതായ ആഘോഷസങ്ങൾ ജാതിമതഭേതമന്യേ എല്ലാവരും ആഘോഷിക്കുന്നത് വർത്തമാന ഇന്ത്യ കൂടുതൽ ആവശ്യപ്പെടുന്നു. വെറുപ്പിന്റെ ബോംബുകളെക്കാൾ സമൂഹത്തിന് വേണ്ടത് സ്നേഹത്തിന്റെ പൂത്തിരികളും ആദരിവിന്‍റെ രാഖികളുമാണ്…
✍️ അന്‍വര്‍ മുത്തില്ലത്ത്, ബെംഗളൂരു.
——————————————————————–