ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില. ധ്യാനകേന്ദ്രം പൂട്ടിച്ച് ജില്ലാകളക്ടര്‍. കൈയ്യടിച്ച് ജനം.

Print Friendly, PDF & Email

കൊറോണ വൈറസ്(കോവിഡ്-19 )ബാധയെ മഹാമാരിയായി(എപ്പിഡെമിക്‍) ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിക്കുകയും 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാം വകുപ്പ് രാജ്യത്ത് നടപ്പിലാക്കികൊണ്ട് രോഗവ്യാപനം തടയുവാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി പൊരുതകയും ചെയ്യുന്പോള്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിന് കാരണമാകുന്ന വിധത്തിൽ ആള്‍ക്കൂട്ട ധ്യാനവുമായി ഇടുക്കി അണക്കര മരിയന്‍ റിട്രീറ്റ് സെന്‍റര്‍. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ രോഗകാരണം മാതാപിതാക്കളുടെ സ്വയംഭോഗമാണെന്ന് തന്റെ റിസേർച്ചിലൂടെ കണ്ടെത്തിയ കുപ്രസിദ്ധ ധ്യാനഗുരു ഫാ .ഡൊമിനിക് വാളംനാലാണ് അണക്കരയിൽ ധ്യാനം നയിച്ചിരുന്നത്. ഏകദേശം 600 പേർ തിങ്കളാഴ്ച തുടങ്ങിയ ധ്യാനത്തിൽ അണക്കര ധ്യാനകേന്ദ്രത്തിൽ ഉണ്ടായിരുന്നു.

ആളുകള്‍ ഒരുമിച്ച്കൂടുന്നത് തടഞ്ഞുകൊണ്ടു ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ഉണ്ടായിരുന്നിട്ടും അണക്കരയില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ റിട്രീറ്റ് സെന്‍ററിൽ ധ്യാനം തുടങ്ങിയതിനെ തുടർന്നാണ് ഇടുക്കി ജില്ലാകലക്ടറിന്‍റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ട് ധ്യാനം നിർത്തിവപ്പിക്കുകയും ധ്യാനകേന്ദ്രം അടച്ചു പൂട്ടിക്കുകയും ചെയ്തത്. കോവിഡ് -19 വൈറസ് വ്യാപനം തടയുവാന്‍ സംസ്ഥാനത്ത് മതപഠനക്ലാസുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും ആളുകള്‍ ഒരുമിച്ചു കൂടുന്നത് പരമാവധി ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഏതാണ്ട് 600ഓളം പേരെ സംഘടിപ്പിച്ചുകൊണ്ട് അണക്കര ധ്യാനകേന്ദ്രത്തില്‍ കഴിഞ്ഞ തിങ്കകളാഴ്ച ധ്യാനം ആരംഭിച്ചത്. കൂടാതെ തുടര്‍ന്നുള്ള ആഴ്ചകളിലെ ധ്യാനത്തിന്‍റെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. ഈ ബുക്കിങ്ങും ആരോഗ്യവകുപ്പ് നിര്‍ത്തിവപ്പിച്ചിരിക്കുകയാണ്.

പൊതുസമൂഹത്തിന്‍റെ താല്‍പര്യങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ടിരുന്ന കത്തോലിക്ക സഭയിലെ ചില പുരോഹിതര്‍ വിശ്വാസത്തിന്‍റെ പേരിലും ധ്യാനകേന്ദ്രങ്ങളുടെ പേരിലും അടുത്ത കാലത്ത് നടത്തിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിക്ഷേധമാണ് ഉയരുന്നത്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് ഒരു ധ്യാനഗുരു കത്തോലിക്കാ വിശ്വാസികൾ അതിവിശുദ്ധമായി കരുതുന്ന വിശുദ്ധകുർബാനയെ മുനിസിപ്പാലിറ്റിയുടെ കൊതുകിനെ ഓടിക്കാനുള്ള പുകവണ്ടിയുടെ സ്ഥാനത്തേക്ക് തരംതാഴത്തി വിശുദ്ധ കുർബാനയുമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ പര്യടനം നടത്തികൊണ്ടിരിക്കുകയാണ്. ഇതിനെതിരേയും ശക്തമായ വിമര്‍ശനമാണ് വിശ്വാസികളുടെ ഇടയില്‍ നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്.