കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിമായി തുടരും.
കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. സിദ്ധരാമയ്യക്ക് കാലാവധി പൂര്‍ത്തിയാക്കാൻ ഡികെ ശിവകുമാര്‍ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ ആയിരിക്കും പ്രധാനമുഖമെന്നു സിദ്ധരാമയ്യ ഉറപ്പു നൽകി.
കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാൽ, രണ്ടര വര്‍ഷമായിട്ടും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഡികെയെയും ഡികെയെ അനുകൂലിക്കുന്ന എംഎൽഎമാരും അതൃപ്തരായിരുന്നു. അധികാര കൈമാറ്റ വിഷയത്തില്‍ കര്‍ണാടക കോണ്‍ഗ്രസിൽ തര്‍ക്കം രൂക്ഷമായതോടെയാണ് ഹൈക്കമാന്‍ഡിന്‍റെ ഇടപെടല്‍.
തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ ഇരുവരും തമ്മിൽ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നേടിയത്. എംഎൽഎമാരോട് സംസാരിച്ച് സിദ്ധരാമയ്യക്ക് തന്നെയാണ് പിന്തുണയെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചിരുന്നു. ഇക്കാര്യം ശിവകുമാറിനെയും ധരിപ്പിച്ചു. ഇതോടെയാണ് ശിവകുമാറും അയഞ്ഞത്. തുടര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ തന്നെ പ്രധാന മുഖമെന്ന് സിദ്ധരാമയ്യ ഉറപ്പുനൽകി. ഇതോടെ ശിവകുമാര്‍ അയയുകയായിരുന്നു. ഇതോടെ കർണാടക കോൺഗ്രസിനെ ഉലച്ച അധികാര കൈമാറ്റ തർക്കത്തിന് താ.ൽക്കാലിക വെടിനിർത്തൽ ഉണ്ടായി. സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലാണ് 40 മിനിറ്റോളം നീണ്ടുനിന്ന ഈ ചർച്ച നടന്നത്.
അടുത്തമാസം എട്ടിന് തുടങ്ങുന്ന കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം പൂര്‍ത്തിയാകും വരെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ പരസ്യമായ അഭിപ്രായ പ്രകടനങ്ങളോ ഉണ്ടാകില്ലെന്ന ഇരു വിഭാഗവും ഉറപ്പു നല്‍കി. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ എട്ടിന് തുടങ്ങാനിരിക്കേ പ്രതിപക്ഷത്തിന് അനാവശ്യ ആയുധം നൽകരുതെന്ന ഹൈക്കമാന്റിന്‍റെ നിർദ്ദേശം ഇരുനേതാക്കളും അംഗീകരിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അനാവശ്യ പ്രസ്താവനകളോ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഒളിപ്പോരോ നേതാക്കളുടെ ദില്ലി യാത്രയോ തൽക്കാലം ഉണ്ടാകില്ലെന്നും തീരുമാനിച്ചു. തങ്ങൾ ഒറ്റക്കെട്ടാണെന്നും നേരത്തെയും ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഇല്ലായിരുന്നു വെന്നും സിദ്ധരാമയ്യയും ഡികെ ശിവകുമാറും സംയുക്ത വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നിട്ടും പാർട്ടിക്കുവേണ്ടി സോണിയാഗാന്ധി ത്യാഗം ചെയ്തത് ഡികെ ഇന്നലെ ഒരു പ്രസംഗ മധ്യേ ചൂണ്ടിക്കാട്ടിയതോടെ തന്നെ സമവായ നീക്കത്തിന്‍റെ സൂചന വ്യക്തമായിരുന്നു.

