ഇനി ഞാന്‍ വിശ്രമിക്കട്ടെ … മകന് ബാറ്റണ്‍ കൈമാറി സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: മകന് ബാറ്റണ്‍ കൈമാറി വിശ്രമ ജീവിതത്തിലേക്കൊതുങ്ങാനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ പ്രഖ്യാപനം. രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു കഴിഞ്ഞാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, തനിക്ക് വിരമിക്കാന്‍ സമയമായെന്നു വ്യക്തമാക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ സോണിയ രാജി പ്രഖ്യാപനം നടത്തുമെന്നാണു കരുതുന്നത്. ശനിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി(രണ്ടു സഭയിലേയും അംഗങ്ങള്‍ ഉള്‍പെടുന്ന സമിതി) അധ്യക്ഷ സ്ഥാനവും രാഹുലിന് കൈമാറുമെന്നാണ് സൂചന.
കോണ്‍ഗ്രസിനെ രണ്ടു ദശാബ്ദക്കാലം മുന്നോട്ടു നയിച്ച ശേഷമാണ് സോണിയ ഗാന്ധി സജീവ രാഷ്ട്രീയം വിടുന്നത്. കോണ്‍ഗ്രസിന്റെ 61ാമത്തെ പ്രസിഡന്റായിരുന്നു സോണിയ.കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റവുമധികം കാലം വഹിച്ചതിന്റെ റെക്കോര്‍ഡും സോണിയ ഗാന്ധിക്കാണ്.