ലോകം ഒറ്റപ്പന്തിലേക്ക് ചുരുങ്ങി. കാല്‍പ്പന്തിന്‍റെ വിശ്വമേളക്ക് തുടക്കം.
കാല്‍പ്പന്തിന്‍റെ വിശ്വമേളക്ക് തുടക്കം. ഇനിയുളള 29 ദിവസങ്ങള്‍ ലോകം ആ പന്തിനെ വലയം ചെയ്തുകൊണ്ടിരിക്കും. ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഉരുളുവാന്‍ തുടങ്ങിയ ആ പന്ത് ഇനി ഖത്തറിലെ മണല്‍പ്പരപ്പിന് മുകളില്‍ പടുത്തുയര്‍ത്തിയ മറ്റ് ഏഴ് സ്റ്റേഡിയങ്ങളില്‍ തലങ്ങും വിലങ്ങും ഉരുണ്ടുകൊണ്ടിരിക്കും. കൂടെ ലോകവു
വര്‍ണാഭമായ പരിപാടികളോടെയാണ് ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. കാല്‍പ്പന്തിന്‍റെ വിശ്വമേളയുടെ ആവേശങ്ങളത്രയും പ്രതിഫലിപ്പിക്കുന്നതായിരുന്നു അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനചടങ്ങ്. സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളം അവിടെ കൈകോര്‍ത്തു. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍.
ഖത്തറിന്‍റെ സാംസ്കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്‍റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ ജങ് കുക്കിന്‍റെ ഡ്രീമേഴ്സ് എന്ന് പേരിട്ട സംഗീത നിശയായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിയുടെ കുക്കിനൊപ്പം സംഗീതനിശയില്‍ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക…വാക്കയും സ്റ്റേഡിയത്തില്‍ മുഴങ്ങി.
ആദ്യമത്സരം ആതിഥേയ രാജ്യമായ ഖത്തറും ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറും തമ്മിലായിരുന്നു. വലിയ പ്രതീക്ഷകളുമായി 2022 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഖത്തറിന് വലിയ തിരിച്ചടിയാണ് മഞ്ഞക്കിളികള്‍ നല്‍കിയത്. ഇക്വഡോറിന്‍റെ കനത്ത ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച ഖത്തര്‍, ആദ്യ പകുതി അവസാനിച്ചപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിലായി. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്.
ആക്രമണം തുടര്‍ന്ന എക്വഡോര്‍, ഖത്തര്‍ ബോക്‌സില്‍ അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എക്വഡോറിന്റെ നിരന്തര ആക്രമണങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു ഖത്തര്‍ കളിയുടെ സിംഹഭാഗവും. അല്‍മോയസ് അലിയുടെ ഏതാനും ഷോട്ടുകളും മുഹമ്മദ് മുണ്ടാരിയുടെ ഒരു ഷോട്ടും ഒഴിച്ചുനിര്‍ത്തിയാല്‍ എക്വഡോര്‍ ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങളൊന്നും ആതിഥേയരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.
എന്നാല്‍ ആവേശകരമായ തുടക്കമാണ് ഫൂട്ട്ബോള്‍ പ്രേമികളുടെ ഭാഗത്തു നിന്ന് മത്സരത്തിന് ലഭിച്ചത്.