കെ.റെയില്‍ മഞ്ഞക്കുറ്റിയില്‍ ഒതുങ്ങും…!!! ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ നിര്‍ദ്ദേശം.

Print Friendly, PDF & Email

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‍ന പദ്ധതി സിൽവര്‍ലൈന്‍റെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലന്നും ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനുള്ള നിര്‍ദ്ദേശവും പോയിക്കഴിഞ്ഞു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സിൽവര്‍ ലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. സംസ്ഥാന വ്യാപകമായി ഉണ്ടായ വലിയ പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചത്.

കെ റെയിലിന് എത്ര കത്തുകളയച്ചാലും മറുപടി കിട്ടില്ലന്നാണ് റയില്‍വേ മന്ത്രാലയം പറയുന്നത്. ഇക്കാര്യം റയില്‍വേ ബോര്‍ഡ് കേരള ഹൈക്കോടതിയെ രണ്ട് മാസം മുന്‍പ് തന്നെ അറിയിച്ചിരുന്നു. സില്‍വര്‍ ലൈനിനായ എത്ര റെയില്‍വേ ഭൂമി വേണ്ടി വരും. എത്ര സ്വകാര്യ ഭൂമി വേണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ദില്ലിയിലെത്തിയിട്ടില്ല. നിലവിലെ റെയില്‍വേ ലൈനില്‍ എവിടെയെല്ലം ക്രോസിംഗുകള്‍ വരുമെന്ന ചോദ്യവും അങ്ങനെ തന്നെ നില്‍ക്കുന്നു. പല തവണ മടക്കി അയച്ച ഡിപിആര്‍ സംശയ നിവൃത്തി വരുത്തി ഇനിയും റയില്‍വേ ബോര്‍ഡിന് മുന്നിലെത്തിയിട്ടില്ല. റയില്‍വേ ബോര്‍ഡ് മുഖേനെയാണ് മന്ത്രാലയത്തിലെത്തേണ്ടത്. അതിനാല്‍ തന്നെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കാനുള്ള സാധ്യത അതി വിദൂരം തന്നെ.

സാമൂഹികാഘാതം പഠനം നടത്തി മാത്രമേ സിൽവര്‍ ലൈനുമായി മുന്‍പോട്ട് പോകാവൂയെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ആയിരം കോടി രൂപക്ക് മുകളിലുള്ള പദ്ധതിയായതിനാല്‍ സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും സിൽവര്‍ ലൈൻ പദ്ധതിക്ക് അനിവാര്യമാണ്. സിൽവര്‍ ലൈനിനായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം കൈമലര്‍ത്തിയതും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ഇതിനിടയില്‍ വന്ദേഭാരത് ട്രെയിന്‍ പദ്ധതി രാജ്യത്ത് സജീവമായി പുരോഗമിക്കുകയാണ്. ദക്ഷിണേന്ത്യയിലും വന്ദേഭാരത് ട്രെയിന്‍ എത്തികഴിഞ്ഞു കേരളത്തിലും വന്ദേഭാരത് ട്രയിന്‍ സര്‍വ്വീസ് ആരംഭിക്കുക എന്നത് റെയില്‍വേയുടെ സജീവ പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും പിണറായി വിജയന്‍റെ സ്വന്തം സില്‍വര്‍ ലൈന്‍ പദ്ധതി മഞ്ഞക്കുറ്റിയില്‍ മാത്രം ഒതുങ്ങി പോകുവാനാണ് സാധ്യത.

എന്നാല്‍, ഒരു കാരണവശാലും സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൻ്റെ അടുത്ത അൻപത് വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും കേന്ദ്രത്തിൻ്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കും എന്നുംഎംവി ഗോവിന്ദൻ വ്യക്തമാക്കി. സിൽവ‍ര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി ഏതാണ്ട് 50 കോടിയിലേറെ രൂപ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചതായി പുറത്തുവന്ന കണക്കുകകള്‍ പറയുന്നു. ഹൈസ്പീഡ് ട്രെയിന്‍ കാണുവാന്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും ജപ്പാൻ സന്ദർശിച്ചതു മുതല്‍ തുടങ്ങുന്നു സില്‍വര്‍ ലൈനിനു വേണ്ടിയുള്ള ധൂര്‍ത്ത്. ഏതാണ്ട് 80ലക്ഷം രൂപയാണ് ഈ ജപ്പാന്‍ ടൂറിനുവേണ്ടി മുഖ്യമന്ത്രിയും പരിവാരങ്ങളും ചിലവഴിച്ചത്. തുടര്‍ന്ന് വിശദ പഠനത്തിനായി കൺസൾട്ടൻസിയെ ഏല്‍പ്പിച്ചതിന്‍റെ വകയില്‍ സംസ്ഥാന ഖജനാവിന് ചെലവായത് 20.82 കോടി രൂപ. 3.8കോടിയിലേറെ രൂപ ചിലവഴിച്ചു ആകാശ സർവെഅടക്കം ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി. 6,744 മഞ്ഞകുറ്റികള്‍ അടിച്ചതിനു 1.33 കോടിയാണ് ചെലവായത്. സല്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയര്‍ന്നു വന്ന പൊതുജന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും മറ്റ് ആകസ്മിക ചിലവുകള്‍ക്കെല്ലാം കൂടി മറ്റൊരു 20 കോടി രൂപ വേറെയും ചിലവു വന്നു. പൊതുജന പിന്തുണ നേടുവാനായി നടത്തിയ വിശദീകരണ യോഗങ്ങള്‍ക്കും പ്രമുഖന്മാരുടെ സമ്മേളനങ്ങള്‍ക്കും മാധ്യമ പരസ്യങ്ങള്‍ക്കും ചിലവായ തുക എത്രയെന്ന് ഇതുവരേയും പുറത്തു വന്നിട്ടില്ല. ഏതാനും ദശകോടികള്‍ അതിനും ചിലവായെന്ന് കണക്കുകൂട്ടാം. അര്‍ദ്ധ പട്ടിണിക്കാരന് ക്ഷേമപെന്‍ഷന്‍ പോലും കൊടുക്കുവാന്‍ ഗതിയില്ലാത്ത ഒരു സംസ്ഥാനത്തെ സര്‍ക്കാരാണ് ഒരിക്കിലും നടക്കില്ലന്നുറപ്പുള്ള ഒരു പദ്ധതിക്കുവേണ്ടി ദശകോടികള്‍ ധൂര്‍ത്തടിച്ചത്.