വിപ്ലവാഗ്നി കെട്ടടങ്ങി – കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു.

Print Friendly, PDF & Email

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. കടുത്ത അണുബാധയെ ത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. 1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആര്‍ ഗൗരി ജനിച്ചു. എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ ആലപ്പുഴയിലെ ചകിരിതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു രാഷ്ട്രീയത്തില്‍ സജീവമായി.

ആദ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്നു. കേരളത്തിന്റ ഭാവി ഗതിയെ നിര്‍ണ്ണയിച്ച ഐതിഹാസി.കമായ ഭൂപരിഷ്‌കരണം നിയമസഭയില്‍ അവതരിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുത്ത വിപ്ലവ നായികയായി ഗൗരിയമ്മ മാറുകയായിരുന്നു. ചേര്‍ത്തലയില്‍ നിന്ന് ജയിച്ച് തുടങ്ങിയ ഗൗരിയമ്മ പിന്നീട് അരൂരിന്റെ സ്വന്തം ജനപ്രതിനിധിയായി മാറി ഒരുതവണ ഒഴികെ 2011 വരെ അരൂരിന്റെ സ്ഥിരം പ്രതിനിധി. അഞ്ച് തവണ മന്ത്രി. 2011ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യംഉയര്‍ത്തി ഗൗരിയയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി 1994ലെ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം, വിജയിച്ചപ്പോള്‍ മുഖ്യമന്ത്രിയായത് ഇകെ നയനാര്‍. തുടര്‍ന്ന് ഇഎംഎസ്സുമായുള്ള ഭിന്നതയ്‌ക്കൊടുവില്‍ 1994 ലില്‍ അവര്‍ സിപിഎമ്മിന് പുറത്തായി. ജെഎസ്എസ് രൂപവത്കരിച്ച് യുഡിഎഫിന്റെ ഭാഗമായി ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും മന്ത്രിസഭയില്‍ അംഗമായി.

കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷൻ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക അന്തരീക്ഷത്തിന്റെ തലവര മാറ്റിയെഴുതുന്ന ഒട്ടനവധി നയരൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഗൗരിയമ്മയായിരുന്നു…

  •  
  •  
  •  
  •  
  •  
  •  
  •