നിലപാടുകളുടെ രാജകുമാരന് വിട

Print Friendly, PDF & Email

വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും വിപ്ലവകരമായ നിലപാടുകളിലൂടെ അഞ്ച് പതിറ്റാണ്ടുകാലം കേരള രാഷ്ടീയത്തിൽ നിറ‍ഞ്ഞുനിന്ന പി ടി തോമസ് വിട പറഞ്ഞു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ സിഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.15നോടായിരുന്നു അന്ത്യം. 71 വയസായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്കുശേഷം സംസ്ഥാനത്തെ കോൺഗ്രസിനെ കൈപിടിച്ചുയർത്താനുളള ചുമതല ഏറ്റെടുത്ത് അധികം കഴിയുംമുമ്പാണ് ഈ വിയോഗം.

കൊടുങ്കാറ്റും പേമാരിയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഒരുപാട് കണ്ട കാർഷിക ജില്ലയായ ഇടുക്കിയുടെ മണ്ണിൽ നിന്നാണ് പി ടി തോമസിന്‍റെ കേരള രാഷ്ട്രീയത്തിലേക്കുളള വരവ്. അതുകൊണ്ടുതന്നെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏത് കൊടുങ്കാറ്റിലും പേമാരിയിലും പിന്തിരിഞ്ഞോടാതെ പിടിച്ചുനിന്നിടത്താണ് പി ടി തോമസ് എന്ന നേതാവിന്‍റെ വളർച്ച. സ്വന്തം നിലപാടിൽ ഉറച്ചു നിന്നു എന്നതിന്‍റെ പേരിൽ നിരവധി വേട്ടയാടലുകളും രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളും അനവധി തവണ പി ടി തോമസിനുണ്ടായി.

ഗാഡ്ഗിൽ – കസ്തൂരിരംഗൻ റിപ്പോർ‍ട്ടിന്‍റെ പേരിൽ സഭയും വിശ്വസിച്ച പ്രസ്ഥാനവും കൈയ്യൊഴിഞ്ഞപ്പോഴും സ്ഥാനമാനങ്ങൾക്കായി നിലപാടിൽ വെളളംചേർക്കാൻ പി ടി തോമസ് തയാറായില്ല. തിരിച്ചടികൾ ഉണ്ടായപ്പോഴെല്ലാം ഉയർത്തെഴുനേൽക്കുന്ന പി ടി തോമസിനെയും കേരളീയ പൊതുസമൂഹം കണ്ടു. സിറ്റിങ് എംപിയായിരിക്കെ ഗാ‍ഡ്ഗിൽ കസ്തൂരി രംഗൻ വിഷയത്തിലടക്കം പാർടിയും സഭയും എന്തിന് സ്വന്തം നാടുപോലും തളളിപ്പറഞ്ഞിട്ടും നിലപാടിൽ നിന്ന് പിന്നാക്കം പോകാതിരുന്ന പി ടി തോമസ് ഇതുവഴി കോൺഗ്രസിനുളളിൽ തന്നെ സ്വന്തം നിലപാടുതറ കെട്ടിപ്പടുക്കുകയായിരുന്നു. കടുത്ത എ ഗ്രൂപ്പുകാരനായി ഇരുന്നപ്പോഴും ഗ്രൂപ്പ് നിശ്ചയിക്കുന്ന വളയത്തിലൂടെ ചാടിപ്പരിചയിച്ചയാളായിരുന്നില്ല പി ടി തോമസ്. അതുകൊണ്ടാണ് പാ‍ർടിക്കുളളിലും പുറത്തും സ്വന്തം വ്യക്തിത്വം കെട്ടിപ്പടുത്ത് പിടി തോമസ് പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നത്.

ഇടുക്കി പാറത്തോട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച പി ടി തോമസ് കാർഷിക പ്രശ്നങ്ങൾ ഉയർത്തിയാണ് പൊതുരംഗത്ത് ശ്രദ്ധയാകർഷിച്ചത്. പാറത്തോട് സ്കൂളിൽ വിദ്യാർഥിയായിരക്കുമ്പോൾ തന്നെ സംസ്ഥാനത്തെ മികച്ച പ്രസംഗകനെന്ന ഖ്യാതി നേടി. എന്നാൽ പിടി തോമസിന്‍റെ നേതൃപാടവത്തെ തേച്ചുമിനുക്കിയെടുത്തത് തിരുവനന്തപുരം മാർ ഇവാനിയോസിലേയും തൊടുപുഴ ന്യൂമാൻ കോളജിലേയും എറണാകുളം മഹരാജാസിലേയും പഠന കാലഘട്ടമാണ്. മാർ ഇവാനിയോസ് കോളജിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റായി തുടങ്ങിയ രാഷ്ടീയ ജീവിതം എൻ എസ് യു ഐയുടെ ദേശീയ എക്സിക്യുട്ടീവ് അംഗത്വം വരെയെത്തി. എറണാകുളം ലോ കോളേജിൽ വിദ്യാ‍ർഥിയായിരിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാകുന്നത്.

1989-ൽ ഇടുക്കി ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാർലമെന്‍ററി രംഗത്തേക്ക് വരുന്നത്. തൊടുപുഴയിൽ നിന്ന് രണ്ടുതവണ നിയമസഭാംഗമായി. 2009ൽ ഇടുക്കിയിൽ നിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ. ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് നിലപാടെടുത്ത പി ടി തോമസിനെ 2014ൽ കത്തോലിക്കാ സഭയും കർഷക സംഘടനകളും തളളിപ്പറഞ്ഞു. ഇതോടെ സിറ്റിങ് എംപിയായിരുന്നിട്ടും പി ടി തോമസിനെ കോൺഗ്രസും കൈവിട്ടു. എല്ലാവരും തളളിപ്പറഞ്ഞിട്ടും സ്വന്തം നിലപാടിൽ വെളളം ചേ‍ർക്കാതിരുന്ന പി ടി തോമസ് പറഞ്ഞതൊക്കെയും ശരിയായിരുന്നെന്ന് കാലം പ്രളയത്തിന്‍റെ രൂപത്തിൽ പിന്നീട് തെളിയിച്ചു. 2016ൽ സോളാറിന്‍റെ പേരിൽ ബെന്നി ബഹനാനെ ഹൈക്കമാൻറ് തെറിപ്പിച്ചപ്പോൾ എറണാകുളം തൃക്കാക്കരയിൽ നിന്ന് നിയമസഭയിലേക്കെത്താനുളള നിയോഗം പി ടിയെ തേടിയെത്തി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര പിടിയെ കൈവിട്ടില്ല.

സംസ്ഥാനം കണ്ട ഏറ്റവും നല്ല പാര്‍ലിമെന്‍റേറിയന്‍മാരില് ഒരാളായരുന്നു പിടിതോമസ്. ആദ്യ പിണറായി സർക്കാരിനെ പി ടി തോമസ് നിയമസഭയിൽ പലതവണ വെളളം കുടിപ്പിച്ചു. കാര്യങ്ങൾ പഠിച്ചവതരിപ്പിക്കുന്നതായിരുന്നു പിടി സ്റ്റൈൽ. നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയ്ക്കുശേഷം തലമുറമാറ്റം വേണമെന്ന ആവശ്യം ഉയർന്നപ്പോഴും മാറ്റത്തിന്‍റെ മുഖമായിട്ടാണ് ഈ എഴുപത്കാരൻ കെപിസിസി വർക്കിങ് പ്രസിഡന്‍റായത്. പാ‍ർട്ടിയേയും മുന്നണിയേയും പുതുതലമുറയ്ക്കൊപ്പം മുന്നിൽ നിന്ന് നയിക്കാനുളള നിയോഗം ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ വിയോഗം. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

  •  
  •  
  •  
  •  
  •  
  •  
  •