സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ നിരക്ക് ഏകീകരിച്ച ഉത്തരവ് പുറത്തിറങ്ങി.

Print Friendly, PDF & Email

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ലക്ഷക്കണക്കിന് രൂപ ഈടാക്കുന്നുവെന്ന പരാതികളിൽ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ രോഗികള്‍ക്ക് ആശ്വാസം. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കൾ, സർക്കാർ കേന്ദ്രങ്ങളിൽനിന്ന് റഫർ ചെയ്യുന്ന രോഗികൾ എന്നിവർ ഒഴികെ ആശുപത്രികളിൽ നേരിട്ടെത്തുന്നവര്‍ക്കാണ് ചികിത്സാനിരക്ക് ഏകീകരണം ആശ്വാസമാകുന്നത്. കാരുണ്യ പദ്ധതി ഗുണഭോക്താക്കൾക്ക് നേരത്തേ നിശ്ചയിച്ചിട്ടുള്ള ചികിത്സാനിരക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ആശുപത്രികൾക്ക് കൈമാറുകയാണ് ചെയ്തുവരുന്നത്.

കോവിഡ് രോഗികളെ സ്വകാര്യ ആശുപത്രികള്‍ ചൂഷണം ചെയ്യുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. കോടതി നിർദേശംകൂടി കണക്കിലെടുത്ത് സ്വകാര്യ ആശുപത്രി ഉടമകളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിച്ചത്. എൻ.എ.ബി.എച്ച്. (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ്) അംഗീകാരമുള്ളവയ്ക്ക്‌ ഉയർന്ന നിരക്കും അല്ലാത്തവയ്ക്ക്‌ കുറഞ്ഞ നിരക്കുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും പുതിയ നിരക്ക് ബാധകമാണ്.

രോഗികളെത്തിയാൽ അഡ്വാൻസ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷൻ എന്ന നിലപാടെടുക്കുവാന്‍ പാടില്ല. റജിസ്ട്രേഷൻ ചാർജുകൾ, ബെഡ് നിരക്ക്, നഴ്സിംഗ്- ബോർഡിംഗ് നിരക്ക്, സർജൻ/അനസ്ത്രീസിസ്റ്റ്, മെഡിക്കൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ്, കൺസൾട്ടന്‍റ് നിരക്കുകൾ, അനസ്തേഷ്യ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ഓക്സിജൻ, മരുന്നുകൾ പാഥോളജി- റേഡിയോളജി ടെസ്റ്റുകൾ, എക്സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം നിരക്കുകൾ എല്ലാം ചേർത്താണ് പുതിയ നിരക്കെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിൽ സർക്കാർ പറയുന്നു. എന്നാൽ സി ടി ചെസ്റ്റ്, എച്ച്ആർസിടി ചെസ്റ്റ് ഇൻവെസ്റ്റിഗേഷനുകൾക്കും, പിപിഇ കിറ്റുകൾക്കും, റെംഡെസിവിർ, Tocilizumab ഉൾപ്പടെയുള്ള മരുന്നുകളും ഇതിലുൾപ്പെടില്ല. പക്ഷേ, പിപിഇ കിറ്റുകൾക്കടക്കം, വിപണി വില മാത്രമേ ഈടാക്കൂവൂവെന്നും ജനറൽ വാർഡുകളിൽ കഴിയുന്ന രോഗികളിൽ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്‍റെയും, ഐസിയു രോഗികളിൽ നിന്ന് അഞ്ച് പിപിഇ കിറ്റിന്‍റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ , വിപണി വിലയുടെ എംആർപിയിൽ നിന്ന് കൂടരുതെന്നും. ജനറല്‍ വാര്‍ഡിലെ രോഗികള്‍ക്ക് പിപിഇ കിറ്റുകളുടെ വില വീതംവച്ച് ഈടാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

ആശുപത്രികൾക്ക് മുന്നിൽ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നും ഇതിൽ നിന്ന് ഒരു രൂപ പോലും അധികം ഈടാക്കരുതെന്നും സർക്കാർ നിർദേശിക്കുന്നു. വെബ്സൈറ്റുകളിലും ഈ നിരക്കുകൾ കൃത്യമായി പ്രദർശിപ്പിക്കണം. രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും ഈ നിരക്കുകൾ ഏത് സമയവയും പരിശോധിക്കാനാകണം. കേരളാ ഷോപ്പ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടുമായി ബന്ധപ്പെട്ട വെബ്സൈറ്റിലേക്ക് ഇതിന്‍റെ ലിങ്കുകൾ നൽകണം.

ഏതെങ്കിലും ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ അധികം തുക ഈടാക്കിയാല്‍ രോഗികള്‍ക്ക് പരാതിപ്പെടാം. ജില്ലാ മെഡിക്കൽ ഓഫീസർക്കാകും ഇത് സംബന്ധിച്ചുള്ള ഏത് പരാതികളും കേൾക്കാനും പരിഹാരം നിർണയിക്കാനുമുള്ള അവകാശം. Chairman – Shri.C.K.Padmakaran, Member 1 – Dr.V.Rajeevan, Member 2 – Dr.V.G.Pradeep Kumar എന്നിവർ അംഗങ്ങളായ സമിതി അപ്പലൈറ്റ് അതോറിറ്റിയായിരിക്കും. കൊള്ളനിരക്ക് ഏത് ആശുപത്രി ഈടാക്കിയതായി പരാതി ലഭിച്ചാലും ഈ സംവിധാനത്തിലൂടെയാകും പരിഹാരമുണ്ടാകുക. ഇവരെ ബന്ധപ്പെടാനുള്ള നമ്പറുകൾ കേരളാ ഷോപ്പ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ഉണ്ടാകും. നിശ്ചയിച്ചതിലും കൂടുതൽ ഏതെങ്കിലും ആശുപത്രി കൂടുതൽ നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാൽ അധികം ഈടാക്കിയതിന്‍റെ പത്തിരട്ടി തുക പിഴയടക്കേണ്ടി വരും. കൂടാതെ അവര്‍ക്കെതിരെ കര്‍ശന നടപടികളും ഉണ്ടാകും. പിപിഇ കിറ്റുകൾ, പൾസ് ഓക്സിമീറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് അനുബന്ധവസ്തുക്കൾ എന്നിവയ്ക്ക് അധികവില ഈടാക്കിയാൽ ജില്ലാ കളക്ടർ നേരിട്ട് കടുത്ത നടപടി സ്വീകരിക്കും.

പുതിയ ചികിത്സാ നിരക്ക്: ജനറൽ വാർഡ്: NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് – 2645 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 2910 രൂപ.

HDU (ഹൈ ഡിപ്പൻഡൻസി യൂണിറ്റ്):
NABH അക്രഡിറ്റേഷൻ ഇല്ലാത്ത NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് – 3795 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 4175 രൂപ.

ഐസിയു:
NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് – 7800 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 8580 രൂപ.

വെന്‍റിലേറ്ററോട് കൂടി ഐസിയു:
NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് – 13800 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 15180 രൂപ.

  •  
  •  
  •  
  •  
  •  
  •  
  •