രാജ്യത്ത് ഓക്സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ കിട്ടാതെ കോവിഡ് രോഗികൾ മരിക്കുമ്പോൾ രാജ്യത്ത് ഓക്സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളം. ഓക്സിജൻ വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌ന്‍റെ കണക്കുകളാണ് ഇക്കാര്യം പറയുന്നത്. ദിവസേന തമിഴ്‌നാട്ടിന് 80-90 ടണ്ണും കർണാടകത്തിന് 30-40 ടണ്ണും ഓക്‌സിജൻ കേരളം നല്‍കിവരുന്നുണ്ട്.
ഏപ്രിൽ 30-ന് 1,15,000 കോവിഡ് രോഗികൾ കേരളത്തിലുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എങ്കിൽ ഇവർക്കായി 56.35 ടൺ മെഡിക്കൽ ഓക്‌സിജൻ വേണ്ടിവരും. കോവിഡ് ഇതര രോഗികൾക്ക് ആവശ്യമുള്ള 47.16 ടൺ കൂടി ചേർന്നാലും 103.51 ടണ്ണേ വരൂ. ഇപ്പോള്‍ കേരളത്തിന് ദിവസേന 70-80 ടൺ മെഡിക്കൽ ഓക്‌സിജൻ മാത്രമേ ആവശ്യം വരുന്നുള്ളൂ. കോവിഡ് ആവശ്യത്തിന് 30-35 ടണ്ണും കോവിഡിതര ആവശ്യങ്ങൾക്ക് 40-45 ടണ്ണും. എന്നാല്‍ ദിവസം 199 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. പൂർണതോതിൽ ഉത്പാദിപ്പിച്ചാൽ 204 ടൺ വരെ പ്രതിദിനം ഓക്സിജന്‍ ഉത്പാദിപ്പിക്കുവാന്‍ കേരളത്തിനാകും. ഇതുകൂടാതെ ഏപ്രിൽ 22-ലെ കണക്കനുസരിച്ച് 550.97 ടൺ ദ്രവീകൃത ഓക്‌സിജന്റെ സ്‌റ്റോക്കുമുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഓക്‌സിജൻ പ്ലാന്റുകളുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ മീറ്റിംഗ് പെസോ വിളിച്ചത്. പതിനൊന്ന് എയർ സെപ്പറേഷൻ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആ സമയത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ഇതിൽ അഞ്ചെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും, ഓക്‌സിജൻ ആവശ്യം വരുമെന്നും അവർ ബോധ്യപ്പെടുത്തി. തുടർന്ന് പ്രവർത്തിക്കാത്ത ഓക്സിജൻ യൂണിറ്റുകൾ പ്രവർത്തനത്തിനൊരുങ്ങി. എന്നാൽ ലോക്ക് ഡൗൺ മൂലം ആവശ്യമായ യന്ത്രഭാഗങ്ങൾ എത്തിക്കാൻ സാധിച്ചില്ല. പെസോ മുൻകൈയെടുത്തതോടെ ചെന്നൈയിൽ നിന്ന് സാധനങ്ങളെത്തി. 90 ദിവസത്തിനകം പ്രവർത്തനവും തുടങ്ങി. ഉത്പാദനം, വിതരണം തുടങ്ങിയ ചുമതല പെസോയുടെ നോഡൽ ഓഫീസർക്കും ഓരോ സ്ഥലത്തും ആവശ്യമുള്ള ഓക്‌സിജന്റെ അളവുസംബന്ധിച്ച ഡേറ്റയുടെ ചുമതല ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർക്കും നൽകി. രോഗികൾ, കിടക്കകൾ, ഓക്‌സിജന്റെ ആവശ്യം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പെസോ ഉത്പാദനം ക്രമീകരിച്ചു. പെസോയുടെ നിർദേശമനുസരിച്ച് നൈട്രജൻ, ആർഗൺ സിലിൻഡറുകളും ഡീഗ്യാസ് ചെയ്ത് ഓക്‌സിജൻ നിറച്ചു. പ്രതിദിനമുള്ള ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ട് ആരോഗ്യവകുപ്പ് പെസോയ്ക്കു സമർപ്പിച്ചു. അവര്‍ അത് തടസ്സം കൂടാതെയുള്ള വിതരണത്തിനും സംവിധാനം ഒരുക്കി.
സംസ്ഥാനത്ത് 11 എ.എസ്.യു. (എയർ സെപ്പറേഷൻ യൂണിറ്റ്) പ്ലാന്റുകളാണുള്ളത്. പാലക്കാട്ട് ഒരു എ.എസ്.യു. കൂടി ഒരു മാസത്തിനകം തുറക്കും. ഇവിടെ നാലുടൺ ഉത്പാദിപ്പിക്കാനാകും. ഐനോക്സ് കഞ്ചിക്കോട്-149 ടണ്‍ കെ.എം.എം.എൽ. ചവറ-6 ടണ്‍, ബി.പി.സി.എൽ. കൊച്ചി-0.322ടണ്‍, കൊച്ചി കപ്പൽശാല-5.45 ടണ്‍, എ.എസ്.യു. പ്ലാന്റുകൾ-44ടണ്‍ എന്നിങ്ങനെയാണ് കേരളത്തിന്‍റെ പ്രതിദിന ഓക്സിജന്‍ ഉത്പ്പാദനം.

