INDIANEWS MAIN

കര്‍ഷകരുടെ ഐതിഹാസിക പ്രതിക്ഷേധം ഇന്ന്. റിപ്പബ്ലിക്‍ ദിനത്തില്‍ ഇന്ദ്രപ്രസ്ഥം കര്‍ഷക റിപ്പബ്ലിക്‍ ആയി മാറും.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുടെ ഐതിഹാസീക സമരം ഇന്ന് ചരിത്രത്തിലേക്ക് ട്രാക്ടര്‍ ഓടിച്ച് കയറാന്‍ രാജ്യത്തെ കര്‍ഷകര്‍ ഡല്‍ഹയിലേക്ക് ഒഴുകുകയാണ്. എല്ലാ കണുക്കുകൂട്ടലകളേയം തെറ്റിച്ചുകൊണ്ടാണ് ഡല്‍ഹി അതിര്‍ത്തിയിലേക്കുള്ള കര്‍ഷകരുടെ ഒഴുക്ക്. 5000 ട്രാക്ടറുകള്‍ക്ക് മാത്രമണ് റാലിയില്‍ പങ്കെടുക്കുവാന്‍ പോലീസ് അനുമതിയുള്ളതെങ്കില്‍ ഇപ്പോള്‍ തന്നെ ഏതാണ്ട് ഒരു ലക്ഷത്തിലേറെ ട്രാക്ടറുകള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ എത്തികഴിഞ്ഞു. ഡല്‍ഹി അതിര്‍ത്തികളിലേക്കുള്ള കര്‍ഷകരുടെ ഒഴുക്ക് തുടരുകയാണ്. 2ലക്ഷത്തോളം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നു. ഡല്‍ഹിയിലേക്കുള്ള റോഡുകളില്‍ പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകളെല്ലാം നീക്കിതുടങ്ങി. അഭൂതപൂര്‍വ്വമായ ഈ കര്‍ഷക ഒഴുക്കിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ത്തന്നെ, ദില്ലി അതിർത്തികളിൽ കർഷകശക്തി വിളിച്ചോതുന്ന ട്രാക്ടര്‍ റാലിക്ക് തുടക്കമാകും. സിംഗു, തിക്രി, ഗാസിപുര്‍, ചില്ല ബോര്‍ഡര്‍, ഹരിയാനയിലെ മേവാത്, ഷാജഹാന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുന്നത്. ദില്ലിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയില്‍ തിരിച്ചെത്തുന്നരീതിയിലാണ് ക്രമീകരണം.100 കിലോമീറ്ററിലേറെ ദൂരം റാലിയില്‍ ട്രാക്ടറുകള്‍ അണിനിരക്കും. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. പൊലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്. റിപ്പബ്ലിക് ദിനത്തിന്റെയും ട്രാക്ടര്‍ പരേഡിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.

പാക് ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ട്രാക്ടര്‍ റാലിക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. സമരം സമാധാനപരമായിട്ടാകും നടത്തുകയെന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി. ട്രാക്ടറുകളിൽ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. റാലിയില്‍ പങ്കെടുക്കുന്ന ഒരു ട്രക്ടറില്‍ നാല് പേരില്‍ കൂടുതല്‍ ഉണ്ടാകുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശവും നേതാക്കള്‍ കര്‍ഷകര്‍ക്ക് നില്‍കിക്കഴിഞ്ഞു. റാലിയ്ക്കായി പൊലീസിനൊപ്പം ഏകോപനത്തിന് മൂവായിരം പേരുടെ സന്നദ്ധസംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. ഡല്‍ഹിക്കു പുറമേ മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളിലും കർഷകർക്ക് പിന്തുണയുമായി വൻറാലികൾ നടക്കുന്നുണ്ട്.