കേരളത്തില്‍ കനത്ത പോളിങ്ങ്. ഒറ്റപ്പെട്ട അക്രമം.
കേരളത്തില്‍ കനത്ത പോളിങ്ങ്. ആവേശത്തോടെയാണ് പോളിങ് ആരംഭിച്ചതെങ്കിലും വൈകിട്ട് ഏഴു മണിയോടെ ആലസ്യത്തോടെ അവസാനിച്ച വോട്ടെടുപ്പിൽ പോളിംഗ് ശതമാനക്കണക്ക് രാത്രി വൈകിയും പൂർണമല്ല. പ്രാഥമിക കണക്കു പ്രകാരം 74.2 ശതമാനം പേര്‍ വോട്ടു ചെയ്തു. എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള കൃത്യവിവരവും തപാൽ വോട്ടുകളുടെ കണക്കും ലഭിക്കുന്നതോടെ പോളിംഗ് ശതമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് (77%) തുല്യമാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് കമ്മിഷൻ രാത്രി ഒൻപതിന് പുറത്തുവിട്ട കണക്കനുസരിച്ച് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്- 77.95%. കുറവ് പത്തനംതിട്ട ജില്ലയിൽ- 67.05%
പൊതുവെ സമാധാനപരമായിരുന്ന പോളിംഗ്. കൊല്ലം ജില്ലയിലെ കുണ്ടറയിൽ തനിക്ക് നേരെ ബോംബാക്രമണം ഉണ്ടായെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി ഷിജു വർഗ്ഗീസ് പൊലീസിനെ സമീപിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം ബിജെപി പ്രവർത്തകർ രണ്ടു തവണ ഏറ്റുമുട്ടി. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയും ആറാട്ടുപുഴയിൽ ആറന്മുളയിലെ ഇടതുസ്ഥാനാർത്ഥി വീണാ ജോർജും തങ്ങൾക്കു നേരെ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് ആരോപിച്ചു. അഴീക്കോട് യുഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജിക്ക് നേരെയും ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന് നേരേയും അസഭ്യവര്‍ഷമുണ്ടായി. കോട്ടയം, പത്തനംതിട്ടയിലെ ആറന്മുള, ഇടുക്കിയിലെ മറയൂർ, പാലക്കാട്ടെ നെന്മാറ എന്നിവിടങ്ങളിലായി നാലുപേർ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കടുത്തുരുത്തി മണ്ഡലത്തിലെ കടപ്ളാമറ്റത്ത് വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ ആൾ മദ്യം കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. വോട്ടു സ്വാധീനിക്കുവാന്‍ ജോസ്.കെ മാണിയുടെ ഒത്താശയോടെ വിതരണം ചെയ്ത വ്യാജമദ്യം കഴിച്ചാണ് മരണപ്പെട്ടതെന്ന് യുഡിഎഫ് ആരോപിച്ചു.
മണ്ണാര്‍ക്കാടും കളമശ്ശേരിയിലും കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്നാരോപിച്ച് ഒരു സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നിന്നാണ് കള്ളവോട്ട് സംബന്ധിച്ച് കൂടുതൽ പരാതികളുയർന്നത്. തളിപ്പറമ്പില്‍ ബൂത്തുപിടിക്കാന്‍ ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു. റീ പോളിങ് വേണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. കല്പറ്റയിൽ വോട്ടിംഗ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതിയുയർന്നതിനെ തുടർന്ന് ഒരു മണിക്കൂർ വോട്ടെടുപ്പ് നിറുത്തിവച്ചു.

