കേരളം പോളിങ്ങ് ബൂത്തിലേക്ക്….
കേരളം പോളിങ്ങ് ബൂത്തിലേക്ക്. അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യമണിക്കൂറുകളില്‍ കനത്ത പോളങ് ആണ് രേഖപ്പെടുത്തുന്നത്. ഭൂരിപക്ഷം ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂരൂപപ്പെട്ടു കഴിഞ്ഞിരുന്നു..
140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമുണ്ട്. ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിംഗ് ബൂത്തുകൾ. നിലവിലുള്ള 25041 പോളിംഗ് ബൂത്തുകൾ കൂടിയാകുന്പോൾ ആകെ ബൂത്തുകളുടെ എണ്ണം 40771.
രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലന്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമാണ്.