മണിക്കൂറില്‍ 90 കി.മീറ്റര്‍ വേഗത്തില്‍ ബുറേവി ഇന്ത്യന്‍ തീരത്തേക്ക്. പൂര്‍ണ്ണ സജ്ജമായി കേരളം.

Print Friendly, PDF & Email

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്ക പിന്നിട്ട് ബുറേവി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുകയാണ്. ബുറേവി ചുഴലിക്കാറ്റ് ലങ്കയിൽ വൻ നാശനഷ്‌ടം ആണ് വരുത്തിയിരിക്കുന്നത്. ജാഫ്‌നയിലെ വാൽവെട്ടിത്തുറൈയിൽ നിരവധി വീടുകൾ തകർന്നു. മുല്ലൈത്തീവ്, കിളളിഗോച്ചി മേഖലകളിൽ കനത്ത പേമാരിയും കാറ്റും തുടരുകയാണ്.

ബുറേവി ചുഴലിക്കാറ്റ് ഇന്ന് രാവിലെ തമിഴ്‌നാട് തീരത്തെത്തി ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായി മാറി തെക്കന്‍ കേരളം വഴി അറബിക്കടലിലേയ്ക്ക് പോകും എന്നാണ് കണക്കാക്കുന്നത്. തമിള്‍നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് തിരുനെല്‍വേലി കടന്നാണ് ബുറേവി കേരളത്തിലേക്കെത്തുന്നത്. തമിള്‍നാടിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. കന്യാകുമാരി ഉൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം,കന്യാകുമാരി ജില്ലകളിൽ ആൾക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത ജാഗ്രതയിലാണ് തമിള്‍നാട്.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ബുറേവി ചുഴലിക്കാറ്റിന്‍റെ സ്വാധീനം ഇന്ന് ഉച്ചക്ക് ശേഷം കേരളത്തില്‍ അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് കരുതുന്നത്. തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. കനത്ത കാറ്റിന് ഒപ്പം അതി തീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്.

2017ല്‍ തീരദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ഓഖി ചുഴലിക്കാറ്റിന്‍റെ ഓര്‍മ്മകളാണ് ബുറേവി ചുഴലിക്കാറ്റ് നല്‍കുന്നത്. ഓഖിയുടെ ഏതാണ്ട് സമാന പാതയിലൂടെ തന്നെയാണ് ബുറേവിയുടേയും സഞ്ചാരം. കൃത്യമായി മൂന്ന് വർഷം മുമ്പ് 2017 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഓക്കി, തെക്കൻ ശ്രീലങ്ക കടന്ന് നവംബർ 30 ന് തെക്കേ അറ്റത്തുള്ള തമിഴ്‌നാട്, കേരളം ജില്ലകളെ മറികടന്ന് അറബിക്കടലിലേക്ക് കടക്കുകയായിരുന്നു.കനത്ത നാശനഷ്ടങ്ങളായിരുന്നു തെക്കന്‍ തീരങ്ങളില്‍ ഓഖി വരുത്തിവച്ചത്. അതില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് കനത്ത സുരക്ഷയാണ് തമിള്‍നാടിന്‍റേയും കേരളത്തിന്‍റേയും തെക്കന്‍ തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തിനൊപ്പം മധ്യകേരളത്തിലും വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴകിട്ടും. ദേശീയ ദുരന്തനിവാരണ സേനയെ എല്ലാ തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും വിന്യസിച്ചു. തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യം നേരിടാൻ എട്ട് കമ്പനി എൻ ഡി ആർ എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 1077 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും വിളിക്കാം.

  •  
  •  
  •  
  •  
  •  
  •  
  •