രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക്…?
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തകയാണെന്ന് വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് വരുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നോട്ട് നിരോധനവും ജിഎസ്ടിയുടെ അശാസ്ത്രീമായ നടപ്പലാക്കലും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ തകര്‍ത്തു എന്ന യാഥാര്‍ത്ഥ്യം ഇത്രയും കാലം മൂടിവക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. അവസാനം സാമ്പത്തിക മുരടിപ്പ് ആശങ്കാജനകമെന്നു ആസൂത്രണകമ്മീഷനു പകരമായി രൂപീകരിച്ച നീതി ആയോഗിന്‍റെ വൈസ് ചെയര്മാന്‍ രാജീവ് കുമാറിന് തുറന്നു സമ്മതിക്കേണ്ടിവന്നു. “കഴിഞ്ഞ 70 വര്ഷം അനുഭവപ്പെട്ടിട്ടില്ലാത്ത ഭീഷണിയാണ് സാമ്പത്തിക രംഗം നേരിടുന്നത്. ആര്‍ക്കും ആരെയും വിശ്വാസമില്ലാതായി” എന്നുമാണ് രാജീവ് കുമാര്‍ പറഞ്ഞത്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ വീണ്ടും ഏഴാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ നാളിതു വരെ ജനങ്ങളില്‍ നിന്നും മറച്ചു പിടിച്ച യാഥാര്‍ഥ്യമാണ് ഓരോന്നോരോന്നായി മറനീക്കി പുറത്തു വരുകയാണ്. ”ലോക സാമ്പത്തിക സ്ഥിതി തന്നെ ആശങ്കാജനകമാണെന്നും എന്നിരുന്നാലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇപ്പോഴും ഒന്നാം സ്ഥാനത്തു തന്നെയാണെന്നും” ന്യായീകരിച്ചു കൊണ്ട് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ചയെ നിസാര വത്കരിക്കുവാനുള്ള ശ്രമമാണ് രാജീവ് കുമാറിന്റെ ഏറ്റുപറച്ചിലിന് തൊട്ടുപിന്നാലെ അടിയന്തരമായി വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില് ധനകാര്യമന്ത്രി ‘നിര്‍മ്മല സീതാരാമന്‍ നടത്തിയത്. 2008ല്‍ ലോകം നേരിട്ട വന്‍ സാമ്പത്തിക മാന്ദ്യത്തെ വലിയ പരിക്കു കൂടാതെ അതിജീവിച്ച് മറ്റ് രാജ്യങ്ങള്‍ക്കെല്ലാം വിസ്മയമായി തീര്‍ന്ന ഇന്ത്യയാണ് തികച്ചും അപ്രതീക്ഷിതമായി സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുവാന്‍ തുടങ്ങിയിരിക്കുന്നത്.
.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റെ തുറന്നു പറച്ചില്‍ കൂടിയായി. വലിയ സാമ്പത്തിക മാന്ദ്യത്തെ നേരിടുവാന്‍ കഴിഞ്ഞ ബഡ്ജറ്റില്‍ ചില നടപടികള്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നും രാജീവ് കുമാറിന്റെ വെളിപ്പെടുത്തിയിരുന്നു. അതിനര്‍ത്ഥം പെട്ടന്നുണ്ടായ ഒരു പ്രതിഭാസമല്ല ഈ സാമ്പത്തിക തകര്‍ച്ച എന്നും വളര്‍ച്ചാനിരക്ക് കുറയുന്നതടക്കം കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത് എന്നുമാണ്. സാമ്പത്തിക തളര്‍ച്ച അതീവ ഗുരുതരമാണ് മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജനും വിരല്‍ ചൂണ്ടുന്നത് ഇതിലേക്ക് തന്നെയാണ്. ഇതിന്റെ ഭീകരത മനസ്സിലാകണമെങ്കില്‍ സൂചകങ്ങളായി ചില സ്ഥിതി വിവര കണക്കു ശ്രദ്ധിച്ചാല്‍ മാത്രം മതി.
രാജ്യത്തെ വാഹനവിപണി നഷ്ടത്തിലാണെന്ന വാര്‍ത്ത പുറത്തു വന്നോതോടെയാണ് ഇന്ത്യ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ശക്തമായത്. ആഭ്യന്തര വാഹന വില്‍പന 18.71 ശതമാനം ഇടിഞ്ഞത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ കനത്ത ആഘാതം ആണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണിത്. തുടര്‍ച്ചയായ ഒമ്പതാം മാസമാണ് വില്പന ഇടിയുന്നത്. വാഹന രംഗത്ത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റ് മേഖലകളിലും തൊഴില്‍ നഷ്ടത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇത് വഴിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. വില്‍പന നഷ്ടം മൂലം വാഹന നിര്‍മ്മാണ വില്‍പന രംഗത്തെ 2.30 ലക്ഷത്തോളം പേര്‍ക്കാണ് ജോലി നഷ്ടമായതെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇനിയും ഈ പ്രവണത തുടര്‍ന്നാല്‍ കുറഞ്ഞത് 10 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നും ഇത് വന്‍ ദുരന്തത്തിലേക്ക് വഴിതുറക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ ജി.ഡി.പിയുടെ നട്ടെല്ലായ മാനുഫാക്ചറിംഗ് വിഭാഗത്തില്‍ പകുതിയോളം സംഭാവന ചെയ്യുന്നത് വാഹന നിര്‍മ്മാണ മേഖലയാണ്. തുടര്‍ച്ചയായുള്ള വാഹന വില്‍്പന നഷ്ടം ഉത്പാദനത്തെയും തളര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യന്‍ ജി.ഡി.പി അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. നടപ്പുവര്‍ഷവും ജി.ഡി.പി തളരുമെന്ന സൂചനയാണ് വാഹന വിപണി നല്‍കുന്നത്. ഏതാണ്ട് 3.5 കോടിയോളം പേര്‍ വാഹന രംഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ നേരിട്ടോ അല്ലാതെയോ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 10 ലക്ഷം പേര്‍ക്ക് ജോലി നഷ്ടുപ്പെട്ടാല്‍ അത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല.
കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ എക്സ്പ്രസ്സിന്‍റെ വടക്കേ ഇന്ത്യയില്‍ നിന്ന് ഇറങ്ങുന്ന പതിപ്പുകളുടെ മൂന്നാം പേജില്‍ ഒരു പരസ്യം വന്നിരുന്നു. “ഞങ്ങളെ രക്ഷിക്കൂ… ഞങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്” എന്നായിരുന്നു പരസ്യം. നോര്‍ത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈല്‍ മില്‍സ് അസോസിയേഷന്‍ (എന്‍ഐടിഎംഎ) നല്‍കിയതായിരുന്നു ആ പരസ്യം. പത്തു കോടിയിലേറെ പേര്‍ നേരിട്ടും അല്ലാതേയും തൊഴില്‍ കണ്ടെത്തുന്നിടമാണ് തുണിവ്യവസായം. ആ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതികളും ചുങ്കവും താങ്ങാന്‍ കഴിയുന്നില്ല… അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കുവാന്‍ കഴിയുന്നില്ല… അസംസ്കൃത സാധനങ്ങളുടെ വില കുതിച്ചുയരുന്നു… പലിശനിരക്ക് വന്‍ ഉയരത്തിലാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തങ്ങളുടെ വ്യവസായങ്ങള്‍ നിഷ്കൃയമാകുവാന്‍ പോവുകയാണ്. അതിനാല്‍ ഞങ്ങളെ രക്ഷിക്കണമെന്നായിരുന്നു നോര്‍ത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈല്‍ മില്‍സ് അസോസിയേഷന്‍ പരസ്യം വഴി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്.
അടിവസ്ത്ര നിര്‍മാണ കമ്പനികളും പൂട്ടലിന്റെ വക്കിലാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതും അടുത്തിടെയാണ്. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ മൂന്ന് കോടിയിലേറെ ജോലികള്‍ ഉടനെതന്നെ നഷ്ടമാകാനിടയുണ്ടെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ടെക്‌സ്‌റ്റൈല്‍ മില്ലുകളുടെ സംഘടനയായ ‘നിറ്റ്മ’ വിവിധ കാരണങ്ങളാല്‍ വസ്ത്ര ഉല്‍പ്പാദന മേഖല തകര്‍ച്ച നേരിടുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്‍സ്ട്രക്ഷന്‍ രംഗമാണ് തകര്‍ച്ചയെ നേരിടുന്ന മറ്റൊരു പ്രധാന മേഖല. ഈ മേഖലയില്‍ നേരിട്ടുണ്ടായ തൊഴില്‍ നഷ്ടം 3 ലക്ഷം പരോക്ഷ തൊഴില്‍ നഷ്ടം അതിന്റെ പത്തിരട്ടി എങ്കിലും വരും. കണ്‍സ്ട്രക്ഷന്‍ മോഖലയുടെ തകര്‍ച്ച ഇരുമ്പ്, സിമിന്റ് തുടങ്ങിയ വ്യവസായങ്ങളേയും ബാധിക്കുവാന്‍ തുടങ്ങികഴിഞ്ഞു. പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ജി 10,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ പോകുന്നു എന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. പാര്‍ലെ ജിയുടെ അഞ്ചുരൂപ ബിസ്‌കളുടെ വില്‍പന പോലും കുത്തനെ കുറഞ്ഞിരിക്കുന്നു എന്നാണ് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിവിധ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടി തുടരുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനങ്ങള്‍ ഒന്നും അറിയാനോ പ്രതികരിക്കാനോ പാടില്ല എന്ന ഗൂഢലക്ഷ്യത്തോടെ അമിത ദേശീയതയിലും ദേശഭക്തിയിലും ജനങ്ങളെ ബന്ധിച്ചിടുവാനുള്ള കരുക്കള്‍ നീക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. പക്ഷെ, തുടരുന്ന ഈ തൊഴില്‍ നഷ്ടം മൂലം പണലഭ്യത വിപണിയില്‍ വല്ലാതെ കുറയുന്നു. ജനങ്ങളുടെ ക്രയവിക്രയ ശേഷി കുത്തനെ കുറയുന്നു. വ്യാപാരം കുറയുന്നു. ഇത്, ഉത്പാദനം കൂടുതല്‍ കൂടുതല്‍ കുറക്കാന്‍ കൂടുതല്‍ കമ്പനികളെ നിര്‍ബ്ബന്ധിതരാക്കും. പല സ്ഥാപനങ്ങളും പൂട്ടിപോകുന്നതിലേക്കായിരിക്കും എത്തുക. ഫലം സംമ്പൂര്‍ണ്ണ സാമ്പത്തിക തകര്‍ച്ചയും. ഈ നില തുടര്‍ന്നാല്‍ ഗ്രാമീണ ഇന്ത്യയില്‍ 2020 ഓടെ ആഘാതം അതിരൂക്ഷമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

