ദേശീയ രാഷ്ട്രീയത്തിലെ സൗമ്യമുഖം – അരുണ്‍ ജെയ്റ്റലിക്ക് വിട
മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.07 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായിജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇക്കഴിഞ്ഞ ആഗസറ്റ് ഒൻപതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്.
നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ജയ്റ്റ്ലി പ്രഗല്‍ഭനായ അഭിഭാഷകനും കൂടിയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലിയാണ് ഇന്ത്യന്‍ സാമ്പത്തികരംഗത്തെ മാറ്റിമറിച്ച രണ്ട് നിര്‍ണായക തീരുമാനങ്ങള്‍ ആയ ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പിലാക്കിയത്. മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.
1952 ഡിസംബര്‍ 28-ന് ഡല്‍ഹിയിലാണ് അരുണ്‍ മഹാരാജ് കിഷന്‍ ജെയ്റ്റ്ലി എന്ന അരുണ്‍ ജെയ്റ്റ്ലിയുടെ ജനനം. ഡല്‍ഹി സെന്റ് സേവ്യേഴ്സ് സ്‌കൂല്‍നിന്ന് പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍നിന്ന് കൊമേഴ്സില്‍ ഓണേഴ്സ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബി.യും പൂര്‍ത്തിയാക്കി. 1970-കളില്‍ ഡല്‍ഹി സര്‍വകലാശാലയിലെ പഠനകാലത്ത് എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം.1974-ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്ത് 19 മാസം അനുഭവിച്ച കരുതല്‍ തടങ്കലിലൂടെ ആയിരുന്നു അരുണ്‍ ജയിറ്റിലി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
മുതിര്‍ന്ന അഭിഭാഷകനായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. വി.പി. സിങ് സര്‍ക്കാരിന്റെകാലത്ത് സോളിസ്റ്റര്‍ ജനറലായും സേവനം ചെയ്തിട്ടുണ്ട്. 1999-ലെ വാജ്പേയി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രിയായി. പിന്നീട് നിയമകാര്യ മന്ത്രാലയത്തിന്റെയും കമ്പനി അഫേഴ്സ് വകുപ്പിന്റെയും ചുമതലയേറ്റെടുത്തു. ഗതാഗതമന്ത്രാലയത്തെ വിഭജിച്ച് ഷിപ്പിങ് വകുപ്പ് രൂപവത്കരിച്ചപ്പോള്‍ ആദ്യമായി ചുമതല വഹിച്ചതും അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. ഇതുവരെ ഒരു പൊതുതിരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ലാത്ത ജയ്റ്റിലി കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം രാജ്യസഭ അംഗമായിരുന്നു.
ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും ജയ്റ്റ്ലിഎബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിര നേതാവായി മാറിയ നേതാവാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു. സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടപ്പെടുന്നത്.