ഓലപാന്പ് കാട്ടി പേടിപ്പിക്കണ്ട – ചെന്നിത്തല
ബാർ കോഴക്കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് തവണ അന്വേഷിച്ച കേസാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും നിലവിലെ സർക്കാരും അന്വേഷിച്ച കേസാണിത്. ബിജു രമേശിന്റെ ആരോപണത്തിൽ കഴന്പില്ലെന്ന് കണ്ടെത്തിയതുമാണ്.
കോടതിയിൽ നിൽക്കുന്ന കേസിൽ എങ്ങനെയാണ് പ്രാഥമിക അന്വേഷണം നടത്താൻ സാധിക്കുന്നത്. ഓലപ്പാന്പ് കാട്ടി തങ്ങളെ പേടിപ്പിക്കണ്ട. പണ്ടേ നിഷേധിച്ച കേസ് ഇനി അന്വേഷിച്ചാലും നേരിടും. ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാനാവില്ലന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കള്ളക്കടത്ത് കേസിൽ പെടുമെന്ന് കണ്ടതോടെയാണ് മുഖ്യമന്ത്രിയുടെ സ്വരം മാറിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇതിൽനിന്നു മനസിലാകുന്നത് മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ്. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള നാടകമാണ്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താൻ പോലീസും സർക്കാരും ചേർന്ന് ഒരുക്കിയ തിരക്കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

