വിദേശ മാധ്യമങ്ങള്‍ക്കും ‘മോദിഫോബിയ’യോ…?.

Print Friendly, PDF & Email

അപ്പോള്‍, മോദി ഭയം ഇന്ത്യന്‍ ചാനലുകള്‍ക്കു മാത്രമല്ല ഉള്ളത്. വിദേശമാധ്യമങ്ങളേയും ‘മോദിഫോബിയ’ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതിന്‍റെ ലക്ഷണങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യത്തെ പ്രകടമായ ലക്ഷണം കാണിച്ചിരിക്കുന്നത് ഹോട്ട് സ്റ്റാറാണ്. എച്ച്ബിഒ ചാനലിലെ എമ്മി അവാര്‍ഡ് പുരസ്‌കാരത്തിനര്‍ഹമായ ആക്ഷേപഹാസ്യ പരിപാടിയാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവര്‍’. ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിചേര്‍ത്ത് ലോകത്തില്‍ നടക്കുന്ന വിവിധ വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ ആണ് ലോകമെങ്ങും പ്രേക്ഷകരിഷ്ടപ്പെടുന്ന ഈ പരിപാടി. എല്ലാ ഞായറാഴ്ച രാത്രികളിലും എച്ച്ബിഒ ‘ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവര്‍’ ന്‍റെ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യാറുണ്ട്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ജനപ്രിയ സ്ട്രീമിങ് വെബ്‌സൈറ്റായ ഹോട്ട്‌സ്റ്റാറ് ഈ പരിപാടി പുനഃപ്രക്ഷേപണവും നടത്തും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനു ബന്ധിച്ചു പ്രക്ഷേപണം ചെയ്ത ‘ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവര്‍’ പരിപാടിയില്‍ നരേന്ദ്രമോദിയുടെ ജനപ്രീതിയെയും രാഷ്ട്രീയത്തേയും ഒലിവര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഗോവധം, സിഎഎ, എന്‍ആര്‍സി പോലുള്ള വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ചചെയ്യുന്നു. അതിനാലായിരിക്കാം ‘ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവര്‍’ എപ്പിസോഡ് ‘ഹോട്ട്സ്റ്റാര്‍’ ഇതുവരെയും ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറായിട്ടില്ല. ‘മോദിഫോബിയ’യാണ് ഹോട്ട്‌സ്റ്റാറിന്റെ ഈ നിലപാടിനു കാരണം എന്ന് പരിഹസിച്ചുകൊണ്ട് പരിപാടിയുടെ അവതാരകനായ ജോണ്‍ ഒളിവര്‍ തന്നെയാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. തന്‍റെ പ്രതിവാര ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ തന്നെയാണ് ജോണ്‍ ഒളിവര്‍ ഈ വിവരം ലോകത്തെ അറിയിച്ചത്.

മോദിസര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അപകടകരമാം വിധം ഭീക്ഷണിയെ നേരിടുകയാണ്. ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യയുടെ റാങ്ക് 140ല്‍ എത്തി; മാധ്യമ സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തില്‍ രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ മോദിസ്തുതികളുമായി കഴിഞ്ഞുകൂടുമ്പോള്‍, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുവാന്‍ തയ്യാറാകുന്ന ചുരുക്കം ചില മാധ്യമങ്ങളാകട്ടെ അടച്ചുപൂട്ടലടക്കമുള്ള ഭീക്ഷണികളെ നേരിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി കലാപം വസ്തുനിഷ്ടമായി പ്രക്ഷേപണം നടത്തുകയും ആര്‍എസ്എസ്നെ വിമര്‍ശിക്കുകയും ചെയ്തു എന്നതിന്‍റെ പേരില്‍ ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ മലയാളം ചാനലുകളുടെ പ്രക്ഷേപണം തടസ്സപ്പെടുത്തിയത് സ്വതന്ത്ര ഇന്ത്യന്‍ ചാനലുകള്‍ നേരിടുന്ന ഭീക്ഷണിയുടെ അവസാനത്തെ തെളിവാണ്. ഇത്തരമൊരു സാഹചര്യം  തങ്ങള്‍ക്കും ഉണ്ടാകാതിരിക്കുവാനായിരിക്കാം നരേന്ദ്ര മോദിയെ പറ്റിയുള്ള ആക്ഷേപഹാസ്യ പരിപാടി ഇന്ത്യയില്‍ പുനഃപ്രക്ഷേപണം നടത്തുവാന്‍ ഹോട്ട്സ്റ്റാര്‍ തയ്യാറാകാതിരുന്നത്. ഹോട്ട് സ്റ്റാര്‍, ഈ എപ്പിസോഡ് ഇന്ത്യയില്‍ കാണിക്കുവാന്‍ തയ്യാറായിട്ടില്ലെങ്കിലും; പരിപാടിയുടെ യുടൂബ് ചാനല്‍ രാജ്യത്ത് വൈറലായികൊണ്ടിരിക്കുകയാണ്.