ഇടിമിന്നലിനെ ഭയന്ന് ഒരു ഗ്രാമം
തുലാമാസത്തിലെ ഇടിമിന്നൽ നാശം വിതക്കുന്നത് പതിവാണെങ്കിലും മാവേലിക്കര നഗരസഭയിൽ 28-ാം വാർഡിലെ ജനങ്ങള്‍ ഇടിമിന്നലുകള്ക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷമായി ഇടിമിന്നൽ ഭീതിയിൽ ആണ് ഈ പ്രദേശം. ഒരു പ്രദേശത്തു മാത്രം ഇടിമിന്നല്‍ കനത്തതോതിൽ നാശമുണ്ടാകുന്നത് എന്തുകൊണ്ടെന്നാണ് ഇവര്‍ ചോദിക്കുന്നത്. തട്ടാരന്പലം മറ്റം വടക്കുള്ള ഈ മേഖലയിൽ നൂറിലേറെ വീടുകളുണ്ട്. ഇവിടെ ഇടിമിന്നലിൽ നാശമുണ്ടാകാത്ത വീടുകൾ വിരലിലെണ്ണാവുന്നവ മാത്രം. 2015ലാണ് ഈ പ്രതിഭാസം തുടങ്ങിയതെന്ന്് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിലും വൈദ്യുത ഉപകരണങ്ങളും വൃക്ഷങ്ങളും കത്തിക്കരിഞ്ഞു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ, ഇലക്ട്രിക് വയറിംഗ്, വീടുകൾ, മതിലുകൾ എന്നുവേണ്ട പ്രദേശത്ത് മിന്നലേൽക്കാത്ത മരങ്ങളും ചുരുക്കമാണ്. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കൊന്നും ആയുസില്ല. മാവേലിക്കരയിലെ ഇലക്ട്രി ക് ഉപകരണങ്ങൾ നന്നാക്കുന്ന മിക്കകടകളിലും ഏറ്റവുമേറെ കേസുകൾ വരുന്നതും ഇവിടെനിന്നുതന്നെ.
മറ്റം വടക്ക് സണ്‍ഡേ സ്കൂളിന്റെ പരിസര പ്രദേശങ്ങളില്‍ തുലാമാസത്തിൽ ജനം പുറത്തിറങ്ങാൻ ഭയക്കുകയാണ്. ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ലന്നതാണ് ഏക ആശ്വാസം. ദുരൂഹമായ ഈ പ്രതിഭാസം പഠന വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

