കൊറോണ: അതീവ ജാഗ്രത… രോഗബാധിതര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോചാര്‍ട്ട് പുറത്തുവിട്ടു.
എട്ടുപേർക്കുകൂടി പുതുതായി കോവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. അതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. മാർച്ച് 31 വരെ അങ്കണവാടികൾമുതൽ പ്രൊഫഷണൽ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ഉത്സവങ്ങളും മതചടങ്ങുകളുമടക്കം ജനങ്ങൾ ഒത്തുകൂടുന്ന എല്ലാ പൊതുപരിപാടികളും നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശിച്ചു. വിവാഹങ്ങൾ വളരെ ചുരുങ്ങിയ രീതിയിൽമാത്രം നടത്തണം. അധികം ആളുകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. മന്ത്രിമാർ പങ്കെടുക്കുന്നതടക്കം സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു.
ഏഴുവരെയുള്ള ക്ലാസുകളിൽ ഇക്കൊല്ലം വാർഷിക പരീക്ഷ ഉണ്ടാവില്ല. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾക്കും മാറ്റമില്ല. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങൾക്കും അൺ എയ്ഡഡ് വിദ്യാലയങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ ക്ലാസുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണം. മദ്രസകൾ അടക്കമുള്ള മതപഠന ക്ലാസുകള്‍, അങ്കണവാടികൾ എന്നിവയും അടച്ചിടണം. പരീക്ഷയൊഴികെ ഒരുതരം പഠനപ്രവർത്തനവും നടത്താൻപാടില്ല. എന്നാല്‍ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.കേരള കേന്ദ്ര സർവകലാശാലയിൽ മാർച്ച് 22 വരെ ക്ലാസില്ല. മാർച്ച് 20 വരെ നടത്താൻ നിശ്ചയിച്ച ഒ.എം.ആർ., ഡിക്റ്റേഷൻ പരീക്ഷകൾ, പ്രമാണ പരിശോധന, സർവീസ് പരിശോധന എന്നിവ മാറ്റി. എന്നാൽ, മുൻനിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റമില്ല.
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ 31വരെ അടച്ചിടും. സാമൂഹികസുരക്ഷയെക്കരുതി ഭക്തർ ക്ഷേത്രദർശനത്തിന് എത്തരുതെന്ന് ദേവസ്വം പ്രസിഡന്റ് എൻ. വാസു അഭ്യര്‍ത്ഥിച്ചു. ഗുരുവായൂർ ഉത്സവം ആഘോഷങ്ങൾ ഒഴിവാക്കി ക്ഷേത്രച്ചടങ്ങുകൾ മാത്രമാക്കി.ബുധനാഴ്ചമുതൽ നിയമസഭയിൽ സന്ദർശകരെ അനുവദിക്കില്ല.
കഴിഞ്ഞ ഫെബ്രുവരി 10നു ശേഷം ചൈന, ഹോങ് കോങ്, തായ്‌ലാൻഡ്, സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണകൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇൻഡൊനീഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് വന്നവർ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിടണം എന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
എന്തെങ്കിലും സംശയമുള്ളവര്‍ 0471 2309250 0471 2309251 0471 2309252 ദിശ 0471 2552056 എന്നീ നന്പറുകളില്‍ ബന്ധപ്പെടണം.
പത്തനംതിട്ടയില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഏഴുവ്യക്തികള്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറുവരെയുള്ള ദിവസങ്ങളില്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. അവര്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്ളോ ചാര്‍ട്ടിലുള്ളത്. അതേസമയത്ത് അവിടെ ഉണ്ടായിരുന്നവരില്‍ ആരെയെങ്കിലും ആരോഗ്യവകുപ്പ് ടീം ബന്ധപ്പെടാതെ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ അധികൃതരെ 9188297118, 9188294118 എന്നീ നന്പറുകളില്‍ ബന്ധപ്പെടണം എന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.


