സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി ബഞ്ച് തന്നെ പുതുക്കിപണുത് ഗുജറാത്ത്
കോവിഡ് പ്രതിരോധത്തില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ ഗുജറാത്ത് ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ചില്‍ മാറ്റം. സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ജെ.ബി പര്‍ദിവാല അദ്ധ്യക്ഷനും ജസ്റ്റിസ് ഇലേഷ് ജെ. വോറ അംഗവുമായ ബഞ്ചാണ് ചീഫ് ജസ്റ്റിസ് വിക്രംനാഥ് സവിശേഷ അധികാരം ഉപയോഗിച്ച് പുനഃസംഘടിപ്പിച്ചത്. ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ഇലേഷ് വോറയെയാണ് മാറ്റിയത്. പകരം ചീഫ് ജസ്റ്റിസ് തന്നെ ബഞ്ചിന് നേതൃത്വം നല്‍കും. ഇതോടെ ജസ്റ്റിസ് പര്‍ദിവാല ബഞ്ചിലെ ജൂനിയറാകും.
മാര്‍ച്ച് 22നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന് നാണക്കേടുണ്ടാക്കിയ ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് പര്‍ദിവാല അദ്ധ്യക്ഷനായ ബഞ്ച് രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നത്. ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ എന്നിവരെയെല്ലാം കോടതി വിമര്‍ശിച്ചിരുന്നു. ഈ നാട്ടില്‍ ഒരു ആരോഗ്യമന്ത്രിയുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഒരാശുപത്രിയാണോ ഇത്? അല്ല ഇതൊരു ഇരുട്ടറയാണ്. കേട്ടിടത്തോളം ഞെട്ടിക്കുന്ന സ്ഥിതിയാണ്. പരിതാപകരമായ അവസ്ഥയാണ് ആശുപത്രിയിലേത്. നിലവാരം ഉയര്‍ത്താന്‍ അടിയന്തര നടപടി ഉണ്ടാകേണ്ടതുണ്ട്- എന്നാണ് കോടതി അഹമ്മദാബാദ് സിവില്‍ ആശുപത്രിയെ കുറിച്ച് പറഞ്ഞിരുന്നത്.
ഇതാദ്യമായല്ല സര്‍ക്കാറിനെ വിമര്‍ശിച്ച ജഡ്ജിമാരെ സ്ഥലം മാറ്റുന്നത്. പ്രത്യേകിച്ചും ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശം നടത്തിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ് മുരളീധറിനെ രായിക്ക് രാമാനം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. അതിനു പിന്നാലെയാണ് ഹൈക്കോടതി ബഞ്ച്തന്നെ മാറ്റിമറിച്ച പുതിയ തീരുമാനം ഗുജറാത്തില്‍ നിന്ന് പുറത്തു വരുന്നത്. ഹൈക്കോടതിയുടെ ഈ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.