എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(83) അന്തരിച്ചു
മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാംഗവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും പ്രകൃതിസംരക്ഷണത്തിനായും തൂലികയിലൂടെയും പ്രഭാഷണങ്ങളിലൂടെയും വിശ്രമമില്ലാതെ പോരാടിയ അദ്ദേഹം എഴുത്തുകാരന്, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന് മെമ്പര്‍, വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1992-’93, 2003-’04, 2011-’12 കാലയളവില്‍ പി ടി ഐ ചെയര്‍മാനും 2003-’04 ല്‍ ഐ എന്‍ എസ് പ്രസിഡന്റുമായിരുന്നു.
സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ നില് നിന്ന് പാര്‍ട്ടി അഗത്വം നേടി രാഷ്ട്രിയത്തില്‍ സജീവമായ അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ആയി. ജനതാദള്‍ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ച എം.പി വീരേന്ദ്ര കുമാര്‍ 1987 ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. 2004-’09 കാലത്ത് പാര്‍ലമെന്റ് അംഗമായ അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി പ്രവര്‍ത്തിച്ചു.
സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും ഹൈമവതഭൂവില്തുടങ്ങി നിരവധി പുസ്കങ്ങള് രചിച്ച എംപി വീരേന്ദ്രകുമാറിന് കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിലെ ചിന്തകനും എഴുത്തുകാരനുമായ എംപി വീരേന്ദ്ര കുമാര്‍ പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയിലാണ് ജനിച്ചത്. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി.ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാര്‍ (ജോയിന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി)