തൊഴിലാളികളുടെ ദുരിതങ്ങള്‍‍ക്ക് കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേട്. യാത്രാ ചിലവ് സര്‍ക്കാര്‍ വഹിക്കണം – സുപ്രീം കോടതി

Print Friendly, PDF & Email

കേന്ദ്ര – സംസ്ഥാന ഗവര്‍മ്മെന്‍റുകളുടെ പാളിച്ചകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമെന്നും അതിനാല്‍ ലോക്ക്ഡൗണില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുവാന്‍ യാതൊരു വിധ പണവും ഈടാക്കരുതെന്നും തൊഴിലാളികളുടെ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കണം എന്നും ഇടക്കാല ഉത്തരവിറക്കി സുപ്രീംകോടതി. യാത്രാ മധ്യേ അവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും റെയില്‍വേ സ്റ്റേഷനുകളില്‍ ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വന്നാല്‍ ആ സമയങ്ങളിലും അവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കണം എന്നും ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി അവിടെനിന്നും സുരക്ഷിതമായി വീടുകളിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടിയേറ്റത്തൊഴിലാളി പ്രശ്നത്തില്‍ നല്‍കിയ ഒട്ടേറെ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍ ഷാ എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ദുരിത പരിഹാരത്തിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായ പദ്ധതിയില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് നിരീക്ഷിച്ച കോടതി ഇതര സംസ്ഥാന തൊഴിലാളികളില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് കിട്ടിയില്ല എന്ന്  പറഞ്ഞു. എല്ലാ കുടിയേറ്റ തൊഴിലാളികളെയും വീട്ടിലെത്തിക്കാന്‍ എത്ര സമയം ആവശ്യമാണ്ന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ച  കോടതി  ജൂണ്‍ അഞ്ചിന് കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നതിനു മുമ്പ് സ്വദേശത്ത് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണം, യാത്രാ മാര്‍ഗം, രജിസ്‌ട്രേഷന്‍, മറ്റു കാര്യങ്ങള്‍ എന്നിവയില്‍ പൂര്‍ണ്ണ റിപ്പോര്‍ട്ട് നല്‍കണമെന്ന്  കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.