INDIANEWS MAIN

കൊറോണ: ശക്തമായ നടപടികളുമായി കേന്ദ്രം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി,യു.കെ. എന്നിവിടങ്ങളില്‍നിന്നുമുള്ളവര്‍ ഇന്ത്യയിലേക്ക് വരുന്നതിന് മാര്‍ച്ച് 18 മുതല്‍ 31വരെ വിലക്ക് ഏര്‍പ്പെടുത്തി. ഗള്‍ഫില്‍ നിന്ന് വരുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തി. മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുവാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടും. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഇനിയുള്ള സമയം വളരെ നിര്‍ണായകമാണ്. അതുകൊണ്ട് മാര്‍ച്ച് 31 വരെ സാമൂഹിക അകലം പാലിക്കുവാന്‍ ശ്രദ്ധിക്കണം. ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാന്‍. റസ്റ്റോറന്റുകളില്‍ ഹാന്‍ഡ് വാഷിങ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണം എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സ്ഥിരമായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ വ്യത്തിയായി സൂക്ഷിക്കണം. ടേബിളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കുക. പറ്റുമെങ്കില്‍ തുറന്ന സ്ഥലങ്ങളില്‍ ഇരിപ്പടങ്ങള്‍ ക്രമീകരിക്കുക, പൊതുഗതാഗത സംവിധാനം കുറക്കണം, ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു. . തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 114 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 17 പേര്‍ വിദേശികളാണ്.

കേന്ദ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:                                   ………………………………………………………………………………………………………………….
1. ജനങ്ങള്‍ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കുക.
2. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങി), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക-സാമൂഹിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, തിയേറ്ററുകള്‍ എന്നിവ അടയ്ക്കണം. വിദ്യാര്‍ഥികള്‍ വീടുകളില്‍ തന്നെ കഴിയണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം.
3. പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു മീറ്ററിന്റെ ദൂരം ഉറപ്പാക്കിയതിനുശേഷം മാത്രമേ നിലവിലുള്ള പരീക്ഷകള്‍ നടത്തുവാന്‍ പാടുള്ളൂ.
4. ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിന് സ്വകാര്യമേഖലയിലെ സ്ഥാപങ്ങളെയും തൊഴിലുടമകളെയും പ്രോത്സാഹിപ്പിക്കണം..
5. കഴിയുമെങ്കില്‍ മീറ്റിംഗുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുക. ധാരാളം ആളുകള്‍ പങ്കെടുക്കുന്ന മീറ്റിംഗുകള്‍ കുറയ്ക്കണം. അല്ലെങ്കില്‍ മാറ്റിവെയ്ക്കുക.
6. റസ്റ്റോറന്റുകളില്‍ ഹാന്‍ഡ് വാഷിങ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുക. സ്ഥിരമായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ വ്യത്തിയായി സൂക്ഷിക്കുക. ടേബിളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കുക. തുറന്ന സ്ഥലങ്ങളില്‍ പറ്റുമെങ്കില്‍ ഇരിപ്പടങ്ങള്‍ ക്രമീകരിക്കുക.
7. ബഹുജന സമ്മേളനങ്ങള്‍ നിയന്ത്രിക്കണം. വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുക. അത്യാവശ്യമല്ലാത്ത എല്ലാ സമൂഹിക-സാംസ്‌കാരിക പരിപാടികളും മാറ്റിവെയ്ക്കുക.
8. ആളുകള്‍ ഒത്തു ചേരുന്ന മതപരിപാടികള്‍ മാറ്റിവക്കണം.ഒഴിവാക്കുവനാകാത്ത പരിപാടികള്‍ നിയന്ത്രിക്കുവാനായി മതാധികാരികളോട് സംസാരിച്ച് ആളുകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരം ഉണ്ടാകാന്‍ ശ്രദ്ധിക്കുകയും വേണം.
9. വ്യാപാര സംഘടനകള്‍ വില്‍പ്പന സമയം ക്രമീകരിക്കുകയും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
10. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്, റെയില്‍വേ സ്റ്റേഷന്‍സ പോസ്റ്റ് ഓഫീസ് തുടങ്ങിയ ജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ കൃത്യമായ ബോധവത്കരണവും ആശയവിനിമയം നടത്തണം.
11. അനിവാര്യമാല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ തുടങ്ങിയ പൊതുഗതാഗതത്തില്‍ സാമൂഹിക അകലം വര്‍ദ്ധിപ്പിക്കണം. കൂടാതെ പൊതുവാഹനങ്ങളുടെ ഉപരിതലങ്ങള്‍ അണുനാശീകരണം നടത്തണം.
12. റസ്റ്റോറന്റുകളില്‍ ഹാന്‍ഡ് വാഷിങ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുക. സ്ഥിരമായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ വ്യത്തിയായി സൂക്ഷിക്കുക. ടേബിളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കുക. പറ്റുമെങ്കില്‍ തുറന്ന സ്ഥലങ്ങളില്‍ ഇരിപ്പടങ്ങള്‍ ക്രമീകരിക്കുക.
13. ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഓണ്‍ലൈന്‍ സേവന ദാതാക്കളും സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം.

0