സര്‍വ്വ മേഖലകളിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ…
സാമ്പത്തിക മേഖലയിലുണ്ടായ തകര്‍ച്ചക്കു പിന്നാലെ സാമൂഹിക മേഖലകളിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ. വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ അവലോകനങ്ങളും പഠനങ്ങളും ആണ് സാമൂഹിക മേഖലയിലുണ്ടായ ഇന്ത്യയുടെ തകര്‍ച്ച തുറന്നു കാണിക്കുന്നത്.
തളരുന്ന ജനാധിപത്യം…
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടപ്പിലാക്കുന്ന ജനാധിപത്യത്തിന്‍റെ കാര്യം തന്നെ എടുക്കാം. ലോകരാജ്യങ്ങളിലെ ജനാധിപത്യ സ്വഭാവത്തെ പറ്റി പഠനം നടത്തുന്ന ലോക ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ലോകജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുന്നതായി സൂചിപ്പിക്കുന്നു. ലോകത്ത് ജനാധിപത്യം മുറയ്ക്കു നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2015-ൽ 35-ാംഇപ്പോള്‍ പത്തുസ്ഥാനം പിന്തള്ളപ്പെട്ട് 51-ലേക്ക് കൂപ്പുകുത്തി നില്‍ക്കുകയാണ്. ദ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ലോകജനാധിപത്യ സൂചികയിലാണ് ഇക്കാര്യമുള്ളത്.
വളർച്ചാനിരക്കും കൂപ്പുകുത്തി…
അഞ്ചുലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയാകാൻ രാജ്യം തയ്യാറെടുക്കുകയാണെന്നാണ് കേന്ദ്ര ഗവര്‍മ്മെന്‍റ് അവകാശപ്പെടുന്ന്ത്. എന്നാല്‍ ഒരു പത്ത് വര്‍ഷത്തേക്ക് ഈ സ്വപ്നം സ്വപ്നമായിതന്നെ അവശേഷിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾമാത്രം പരിശോധിച്ചാൽ സാമ്പത്തികവളർച്ചയിൽ രാജ്യം എന്തുമാത്രം പിന്നോട്ടുപോയെന്ന് വ്യക്തമാകും. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.1 ശതമാനമായിരിക്കുമെന്ന മുമ്പ് പ്രഖ്യാപിച്ച അന്താരാഷ്ട്ര നാണ്യനിധി അത് ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. രാജ്യത്ത് ഈ സാന്പത്തിക വര്‍ഷം 4.8 ശതമാനം മാത്രമേ വളർച്ചയുണ്ടാകൂ എന്നു പ്രതീക്ഷിക്കുന്നതായാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. 2015-ൽ 8.17 ശതമാനമായിരുന്ന വളർച്ചാനിരക്കാണ് 2020 ആയപ്പോഴേക്കും 4.8-ലേക്കെത്തിയത് എന്നറിയുമ്പോഴാണ് മോദി ഗവര്‍മ്മെന്‍റിന്‍റെ കീഴില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്ക് എങ്ങോട്ടേക്കാണ് പോകുന്നതെന്ന് വ്യക്തമാകുന്നത്.
സന്തോഷവും പോയ് മറഞ്ഞു…
ഇനി രാജ്യത്തെ സന്തോഷ നിലവാരത്തിന്‍റെ കാര്യം എടുക്കാം. ആഭ്യന്തര അസ്വസ്ഥതകളും തൊഴിലില്ലായ്മയും ഇന്ത്യയുടെ സന്തോഷത്തിന് കാര്യമായ മങ്ങലേൽപ്പിച്ചെന്നുവേണം കരുതാൻ. ലോകം എങ്ങനെ സന്തോഷിക്കുന്നെന്നു വിലയിരുത്തുന്ന യു.എൻ. സസ്റ്റെയ്നബിൾ ഡെവലപ്മെന്റ് സൊലൂഷൻസ് നെറ്റ്‌വർക്ക് പറയുന്നത് ഇന്ത്യക്കാരുടെ സന്തോഷം വളരെ വേഗത്തിൽ വേഗത്തിൽ കുറഞ്ഞുവരുന്നെന്നാണ്. ഇവർ തയ്യാറാക്കിയ സന്തോഷസൂചികയിൽ 2018-ൽ ഇന്ത്യ 133-ാം സ്ഥാനത്തായിരുന്നെങ്കിൽ 2019-ൽ എത്തിയപ്പോഴേക്കും 140-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇപ്പോഴത് 146-ാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു. സ്വന്തം പൗരത്വത്തെ പറ്റിയുള്ള ആശങ്കകളും അതെതുടര്‍ന്നുളവാകുന്ന അശ്വസ്തതകളും ജനങ്ങളുടെ സന്തോഷ നിലവാരത്തെ വീണ്ടും ഇടിച്ചുകൊണ്ടിരിക്കുകയാണ്. 2015-ൽ സന്തോഷിക്കുന്നവരുടെ ക്രമത്തിൽ 117-ാം സ്ഥാനത്തായിരുന്നു നമ്മുടെ സ്ഥാനം എന്ന് ഓര്‍ക്കുമ്പോഴാണ് മോദി സര്‍ക്കാരിന്‍റെ ഭരണപരിഷ്കാരങ്ങളില്‍ ജനങ്ങള്‍ എത്രമാത്രം അസ്വസ്തരാകുന്നു എന്ന് തിരിച്ചറിയുന്നത്.
സുരിക്ഷിതത്വ ബോധത്തിലും പിന്നോട്ട്…
ആയുർദൈർഘ്യവും വിദ്യാഭ്യാസവും ജീവിതനിലവാരവും മാനദണ്ഡമാകുന്ന ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്സിൽ ഇന്ത്യന്‍ ജനതയുടെ സുരക്ഷിതത്വ ബോധം അഞ്ചുകൊലത്തിനിടെ അഞ്ചുസ്ഥാനം പിന്തള്ളപ്പെട്ടു. 2015-ൽ 130-ാംസ്ഥാനത്ത് ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 135-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തിലും ആഗോളതലത്തിൽ ഇന്ത്യയുടെ പോക്ക് പിന്നോട്ടുതന്നെ. സ്ത്രീസുരക്ഷാ സൂചികയിലും ഇന്ത്യയുടെ പോക്ക് പുറകോട്ടു തന്നെ. മുൻ വർഷത്തേതിനെക്കാൾ രണ്ടുസ്ഥാനം പിന്തള്ളപ്പെട്ടിരിക്കുകയാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നാം. അതോടെ ബ്രിട്ടനും യുഎസ്സുമടക്കമുള്ള വികസിത രാജ്യങ്ങള്‍ അവരുടെ സ്ത്രീകളോട് ഇന്ത്യയില്‍ വരുമ്പോള്‍ കൂടുതല്‍ ജാഗരൂഗരായിരിക്കണമെന്ന നിർദേശവും നൽകികഴിഞ്ഞു.