INDIANEWS MAIN

ഉദ്ദിഷ്ഠകാര്യ സാധ്യത്തിന് ഉപകാരസ്മരണ. രഞ്ജന്‍ ഗോഗോയിക്ക് രാജ്യസഭാഗത്വം…

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നടപടി. ഉദ്ദിഷ്ഠ കാര്യം സാധിപ്പിച്ചതിന് ഉപകാര സ്മരണ. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ബാബരി മസ്ജിദ്- രാമജന്മഭൂമി ഭൂമി തര്‍ക്കക്കേസ്, അസം പൗരത്വ രജിസ്റ്റര്‍, ആര്‍ടിഐ, ശബരിമല സ്ത്രീ പ്രവേശം തുടങ്ങിയ കേസുകളില്‍ സംഘപരിവാറിന് അനുകൂല നിലപാടെടുക്കുകയും റഫേല്‍ കേസില്‍ കേന്ദ്രസര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തുകൊണ്ട് നിരവധി സുപ്രധാന വിധികള്‍ പ്രസ്താവിച്ച ജഡ്ജായ രഞ്ജന്‍ ഗൊഗോയുടെ രാജ്യസഭാ അംഗത്വം രാജ്യത്തെ മറ്റ് ജഡ്ജ്മാര്‍ക്കുള്ള കൃത്യമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി വിധികള്‍ പുറപ്പെടുവിക്കുന്ന ജഡ്ജ്മാര്‍ക്ക് കാത്തിരിക്കുന്നത് ഉന്നതപദവികാളാണെന്നും അല്ലാതെ, തലവേദന സൃഷ്ടിക്കുന്നവര്‍ക്ക് ഡല്‍ഹി ചീഫ് ജസ്റ്റീസായിരുന്ന ആര്‍ മുരളീധര്‍ന്‍റെ ഗതിയായിരിക്കുമെന്നുമുള്ള വ്യക്തമായ സൂചനയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി വിരമിച്ച് നാളുകള്‍ക്കകം ഗഗോയിക്ക് രാജ്യസഭാഗത്വം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രഞ്ചന്‍ ഗൊഗോയിയെ രാജ്യസഭാഗമായി നാമനിര്‍ദ്ദേശം ചെയ്തതിലൂടെ രാജ്യത്തെ നീതി ന്യായവ്യസ്ഥയുടെ വിശ്യാസ്യത മാത്രമല്ല ഏത് സാഹചര്യത്തിലും രാജ്യത്തെ നിയമ വ്യവസ്ഥയേയും ഭരണഘടനയേ തന്നേയും സംരക്ഷിക്കേണ്ട ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ നിഷ്പക്ഷതയുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ രഞ്ചന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന അവസാന നാളുകളില്‍ സുപ്രധാനമായ പല കേസുകളിലും എടുത്തവിധികളുടെ നിഷ്പക്ഷതയാണ് സംശയത്തിന്‍റെ നിഴലിലായിരിക്കുന്നത്. അയോധ്യ കേസിലെ വിധി അന്നുതന്നെ വിമര്‍ശന വിധേയമായിരുന്നു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തികൊണ്ടു വന്ന റഫേല്‍ കേസില്‍ കേന്ദ്ര ഗവര്‍മ്മെന്‍റിന് ക്ലീന്‍ചിറ്റ് നല്‍കിയ ഗഗോയിയുടെ വിധിയുടെ നിഷ്പക്ഷതയിലും ഇന്ന് ആരെങ്കിലും സംശയിച്ചാല്‍ അതിനെ കുറ്റം പറയുവാന്‍ കഴിയില്ല.

നിലവിലുള്ള രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാം. കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയില്‍ നിന്ന് ഗോഗോയി വിരമിച്ചത്. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയി. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലൈംഗികാരോപണം നേരിടുന്നത് ഗോഗോയിയുടെ കാലത്താണ്. ഗൊഗോയിയുടെ നാമനിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ജഡ്ജിമാരുടെ സ്വാതന്ത്ര്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഇതെന്ന് എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വാഗ്ദാനത്തോട് ഗൊഗോയ് നോ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പ്രതികരിച്ചു. കോണ്‍ഗ്രസ് വക്താക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാലയും സഞ്ജയ് ഝായും രാഷ്ട്രപതിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

അസം സ്വദേശിയായ ഗൊഗോയി 1954-ലാണ് ജനിച്ചത്. 2001 ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17 ന് വിരമിച്ചു.

0