സംസ്ഥാനത്തെ മൂന്നാമത്തെ വൈറോളജി ലാബ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
സംസ്ഥാനത്തെ മൂന്നാമത്തെ വൈറോളജി ലാബ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ദിനംപ്രതി 50ഓളം ടെസ്റ്റുകള്‍ നടത്താന്‍ പ്രാപ്തമായ ലാബാണ് ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോവിഡ് 19 വൈറസുകളെ തിരിച്ചറിയുവാന്‍ കഴിയുന്ന തരത്തില്‍ വിപുലീകരിച്ച വൈറല്‍ റിസര്‍ച്ച് ഡെവലപ്പ്മെന്റ് ലബോറട്ടറി (വി.ആര്‍.ഡി.എല്‍) ആണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് കോവിഡ് 19 വൈറസുകളെ തിരിച്ചറിയുവാന്‍ കഴിയുന്ന വൈറോളജി ലാബ് ഉള്ളത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തിന്റെ കീഴില്‍ സെന്‍ട്രല്‍ ലാബിനോട് സമീപമാണ് വൈറോളജി ലാബ് സജ്ജമാക്കിയിരിക്കുന്നത്. 2017ലാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തോടു കൂടിയ ഈ ലാബിന് ഭരണാനുമതി ലഭിച്ചത്. 2019 ആരംഭത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ തൃശൂര്‍ വൈറോളജി ലാബിനെ കോവിഡ് 19നുള്ള കളക്ഷന്‍ സെന്റര്‍ ആയി മാര്‍ച്ച് 7ന് തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 10ന് പ്രാഥമിക പരിശോധനക്കുള്ള അനുവാദം ലഭിക്കുകയും മാര്‍ച്ച് 12ന് ആദ്യ പരിശോധന ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുകയും13നാണ് അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്തു.