INDIANEWS MAIN

‘ട്രംപ് മതില്‍’ നിര്‍മ്മാണം പാളി. ഇനി കുടിയൊഴിപ്പിക്കല്‍

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം പ്രമാണിച്ച് ‘നമസ്‌തേ ട്രംപ്’ പരിപാടി നടത്താനിരിക്കുന്ന അഹമ്മദാബാദിലെ മോട്ടേറ സ്‌റ്റേഡിയത്തിലേയ്ക്ക് എത്തിച്ചേരുന്ന വിസാത് – ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്തുള്ള ചേരി നിവാസികളെ ഒഴിപ്പിക്കുവാന്‍ നീക്കം. ചേരികളെ മറയ്ക്കുന്നതിന് മതില്‍ നിര്‍മിക്കാനുള്ള നീക്കം വിവാദമായതിനെത്തുടര്‍ന്നാണ് പാളിയതോടെയാണ് ഈ ചേരി തന്നെ ഒഴിപ്പിക്കുവാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.

ശുദ്ധജലമോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങളോ ഒന്നുമില്ലാതെ പുഴക്കള്‍ക്ക് സമാനമായി രണ്ടായിരത്തോളം പേര്‍ ജീവിതം നയിക്കുന്ന ഈ ചേരിയെ 8 അടി ഉയരത്തില്‍ മതില്‍ കെട്ടി മറയ്ക്കുവാനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. വിദേശ മാധ്യമങ്ങളടക്കം ഇത് വലിയ വാര്‍ത്ത ആയതോടെ വികസന മാതൃകയായി മോദി അവകാശപ്പെടുന്ന ഗുജറാത്തിന്‍റെ തനിനിറം ലോകം മുഴുവനും കണ്ടു. കേന്ദ്ര സര്‍ക്കാരിന് മതിലു നിര്‍മ്മാണം വലിയ നാണക്കേടായി മാറി.  അതോടെ മതിലിന്‍റെ നിര്‍മ്മാണം അഞ്ചടി ഉയരത്തില്‍ നിര്‍ത്തി കമ്പിവേലി സ്ഥാപിച്ചിരിക്കുകയാണ്.  ഇവിടെ താമസിക്കുന്ന 45 കുടുംബങ്ങളോട് ഒരു ആഴ്ചക്കകം ചേരി ഒഴിഞ്ഞു പോകുവനാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് താമസ സ്ഥലം വിട്ടുപോകണമെന്ന് അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായും ചേരിനിവാസികള്‍ പറയുന്നു.

ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ‘നമസ്‌തേ ട്രംപ്’ പരിപാടി നടത്താനിരിക്കുന്ന മോട്ടേറ സ്‌റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിന് നമസ്‌തേ ട്രംപ് പരിപാടിയുമായി ബന്ധമില്ലെന്നാണു കോര്‍പറേഷന്റെ വിശദീകരണം. മോട്ടേറ സ്‌റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ അകലെയുള്ള ഈ ചേരിയിലെ ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ഈ ചേരിയില്‍ നിന്ന് ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണ് ചേരിനിവാസികള്‍.

0