KERALANEWS MAIN

ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി ഒഴിവാക്കുവാന്‍ വഴിവിട്ട നീക്കവുമായി സര്‍ക്കാർ.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് അട്ടിമറിച്ചും ഹൈക്കോടതിയുടെ നിബന്ധനകൾ സൂത്രത്തിൽ മറികടന്നും ജനവാസമേഖലയിൽനിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരാന്‍ ക്വാറി ഉടമകള്‍ക്ക് ഒത്താശചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനു പകരം ഒരു വർഷത്തേക്ക് കൂടി സംസ്ഥാന സർക്കാർ ലൈസൻസ് നീട്ടികൊടുത്തു കൊണ്ടാണ് അനധികൃതമായി പ്രവര്‍ത്തിക്കുവാനുള്ള വഴി സംസ്ഥാന സര്‍ക്കാര്‍ തുറന്നുകൊടുത്തിരിക്കുന്നത്. പരിസ്ഥിതി അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തിന്റെ നടപടി.

ജനവാസകേന്ദ്രങ്ങളിൽനിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്ററാകണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ക്വാറി ഉടമകളും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. ട്രിബ്യൂണൽ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി, ദൂരപരിധി 50 മീറ്ററാക്കി സർക്കാർ നിശ്ചയിച്ചത് അംഗീകരിക്കുകയും ലൈസൻസ് പുതുക്കുന്ന സമയത്ത് 200 മീറ്റർ അകലം എന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഈ ഉത്തരവിനെ മറികടക്കാനാണ് കോവിഡ് കാരണം പറഞ്ഞ് ലൈസൻസ് പുതുക്കുന്നതിനു പകരം സമയം നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ലോക്ഡൗൺകാലത്ത് പ്രവൃത്തി നടന്നിെല്ലന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകൾ നൽകിയ അപേക്ഷകൾ പരിഗണിച്ചാണ് അനുമതികൾ നീട്ടിക്കൊടുത്തത്. പരിസ്ഥിതി അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി.

2020 ജൂലായിലാണ് ജനവാസമേഖലയിൽനിന്ന് 200 മീറ്റർ അകലെയാകണം ക്വാറികളെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നുവെങ്കില്‍ സംസ്ഥാനത്ത് 200 മീറ്റർ പരിധി പാലിക്കാനാകാത്ത 1500 ക്വാറികളെങ്കിലും അടച്ച് പോകുമായിരുന്നു. ഇത് ഒഴിവാക്കുവാനാണ് സര്‍ക്കാരിന്‍റെ വഴിവിട്ട നടപടി. നിയമം ക്വാറികൾക്ക് വേണ്ടി വഴിമാറ്റുന്ന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുവാന്‍ തയ്യാറെടുക്കുകയാണ് പരിസ്ഥിതി സംഘടനകൾ.