കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി. ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ നോട്ടീസ്.

Print Friendly, PDF & Email

കേന്ദ്ര അനുമതി ഇല്ലാതെ കിഫ്ബി വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തില്‍ കിഫ്ബിക്കെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിനാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒ. കെ. എം. എബ്രഹാമിനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രംജിത്ത് സിങ്നുംനോട്ടീസയച്ചു. അടുത്ത ആഴ്ച കൊച്ചി ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകുവാന്‍ ഇ.ഡി.ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബിയുടെ ബാങ്കിങ് പാര്‍ട്ടണര്‍ ആയ ആക്‌സിസ് ബാങ്കിന്റെ മുംബൈ മേധാവിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്ന് ഇ.ഡി. വ്യക്തമാക്കി.

സി.എ.ജി. റിപ്പോർട്ടിലെ പരാമർശങ്ങളാണ് കേസിനായി ഇഡി പരിഗണിച്ചത്. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസർക്കാരിനാണ്. ഇന്ത്യൻ രൂപയിൽ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് വേണ്ടിയിരുന്നത്.എന്നാല്‍ ഈ നിയമം പാലിക്കാത്ത കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ ഇഡി കണ്ടെത്തിരിക്കുന്നത്. കിഫ്ബി മസാലബോണ്ടിറക്കിയത് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണെന്നാണ് സംസ്ഥാന ധനവകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ, കിഫ്ബിക്ക് ഇതിന് അധികാരമില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇത് ശരരിവക്കുന്നതാണ് ഇഡിയുടെ കണ്ടെത്തല്‍.

റിസർവ് ബാങ്ക് ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷകൾ അംഗീകൃത വിതരണക്കാരനായ ബാങ്ക് മുഖാന്തരം ആർ.ബി.ഐ.ക്ക് അയക്കണം. ഇതിനായി കിഫ്ബി തിരഞ്ഞെടുത്തത് ആക്‌സിസ് ബാങ്കിനെ ആയിരുന്നു. ഈ ബാങ്ക് മുഖാന്തരമാണ് മസാലബോണ്ടിറക്കാൻ അപേക്ഷ നൽകിയതെന്നാണ് ധനവകുപ്പിന്റെ വാദം. എന്നാൽ, ആക്‌സിസ് ബാങ്കിന്റെ ഇടപെടലുകളും സംശയാസ്പദമാണെന്നാണ് ഇ.ഡി. കണ്ടെത്തല്‍.അതുകൊണ്ടാണ് ആക്സിസ് ബാങ്ക് മേധാവിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

  •  
  •  
  •  
  •  
  •  
  •  
  •