ആധാർ അധിഷ്‌ഠിത യൂണിക് തണ്ടപ്പേർ നടപ്പാക്കാനുള്ള നീക്കം എൻ.പി.ആർ നിലപാടിന് എതിര് – അഡ്വ. ഹരീഷ് വാസുദേവൻ

Print Friendly, PDF & Email

സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്‌ഠിത യൂണിക് തണ്ടപ്പേർ നടപ്പാക്കാനുള്ള പദ്ധതി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും എൻ.പി.ആർ നടപ്പാക്കില്ല എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണെന്നും അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് കേരളത്തിൽ എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരാകും അത് ആധാറുമായി ബന്ധിപ്പിക്കും.ഇതോടെ, കേന്ദ്രത്തിനു സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈകടത്താൻ തലവെച്ചു കൊടുക്കുന്നതിനു തുല്യവുമാണ് ഇതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അഡ്വ.ഹരീഷ് വാസുദേവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം:

ഭൂമിയും ആധാറും NPR ഉം                                                                                                                 ——————————————

എല്ലാവരുടെയും ഭൂമിയുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ കേരള സംസ്ഥാന റവന്യുവകുപ്പ് ഉത്തരവ് ഇറക്കി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്നു മാത്രമല്ല, NPR നടപ്പാക്കില്ല എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് എതിരുമാണ്. കേന്ദ്രത്തിനു സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈകടത്താൻ തലവെച്ചു കൊടുക്കുന്നതിനു തുല്യവുമാണ്.

സുപ്രീംകോടതി വിധിപ്രകാരം, സർക്കാർ സബ്‌സിഡിക്ക് മാത്രമാണ് ആധാർ നിർബന്ധിക്കാനാവുക. PAN ഒഴികെയുള്ളവയ്ക്ക് ആധാർ optional ആണ്. ആ വിധി വരുന്നതിനു മുൻപ് തന്നെ പൗരത്വ നിയമത്തിനു കീഴിലുള്ള ചട്ടം അനുശാസിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) ന്റെ ഡാറ്റ ആധാറുമായി ബന്ധിപ്പിച്ച് ഒന്നാക്കി കഴിഞ്ഞിരുന്നു. NPR ൽ രജിസ്റ്റർ ചെയ്തവർക്കൊക്കെ ചോദിക്കാതെ തന്നെ ആധാർ കിട്ടുകയും ചെയ്തു. പൗരത്വവും ആധാറുമായി എന്ത് ബന്ധം?? രണ്ടിനും ഒരു ഡാറ്റ സോഴ്സ് ആണ്. പൗരത്വ നിയമത്തിന്റെ കീഴിൽ BJP സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 2003 ലെ ചട്ടത്തിൽ പറയുന്ന യുണീക്ക് ഐഡന്റിറ്റി നമ്പറിലേക്ക് ആധാറിൽ നിന്ന് ഒരുപടി ദൂരം മാത്രമാണുള്ളത് എന്നു ആ ചട്ടം വായിച്ചാൽ മനസിലാക്കാം.

ഭരണഘടന പ്രകാരം ഭൂമി (Land) എന്നത് ഒരു STATE വിഷയമാണ്. കേന്ദ്രസർക്കാരിന് ഇതിൽ യാതൊരു നിയമാനിർമ്മാണവും സാധ്യമല്ല. ഭൂമിയും പൗരത്വ രേഖയുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന് കഴിയുകയുമില്ല. ഫെഡറൽ സിസ്റ്റത്തിൽ ഭൂമി സംബന്ധിച്ച നിയമനിർമാണങ്ങൾ സംസ്ഥാനത്തിന്റെ മാത്രം അധികാരമാണ് എന്നിരിക്കെ, പൗരത്വനിയമത്തിനു കീഴിലുള്ള, ഇതുവരെ പാർലമെന്റിന്റെ പോലും അംഗീകാരം ലഭിക്കാത്ത, ചട്ടങ്ങൾക്ക് കീഴിൽ നിർബന്ധമാക്കിയ NPR ഡാറ്റയിലേക്ക് കേരളത്തിൽ നിന്നുള്ള ഭൂമി തണ്ടപ്പേരുകൾ ബന്ധിപ്പിക്കുന്നത് എന്തിനാണ്?

NRC യുടെ ആദ്യപടിയാണ് NPR. അതുകൊണ്ട് NPR റീവാലിഡേഷൻ കേരളത്തിൽ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയും തീരുമാനിച്ചു. എന്നാൽ NPR ഡാറ്റ സോഴ്‌സിലേക്ക്, ആധാറിലേക്ക് ഭൂമിയുടെ തണ്ടപ്പേർ ബന്ധിപ്പിക്കണം എന്നു ഉത്തരവിറക്കിയത് എന്താടിസ്ഥാനത്തിൽ? സംസ്ഥാനത്തിന്റെ കയ്യിലുള്ള ഭൂമിയുടെ നിയന്ത്രണം കൂടി കേന്ദ്രത്തിലേക്ക് നൽകുന്നത് ആത്മഹത്യാപരമല്ലേ? ഡാറ്റയാണ് പുതിയകാല ജനാധിപത്യത്തിലെ അധികാരം എന്നറിയാത്ത, ഡാറ്റയുടെ രാഷ്ട്രീയം അറിയാത്ത ആളാണോ പിണറായി വിജയൻ? ഇതേപ്പറ്റി വല്ല ഗൗരവമായ ചർച്ചയും നടന്നിട്ടാണോ ഈ ലിങ്കേജ്??

NPR-NRC-CAA ലിങ്കേജ് പിൻവലിക്കുന്നില്ലാ എങ്കിൽ NPR നടപ്പാക്കില്ല എന്ന പ്രഖ്യാപനം ഒരു മികച്ച രാഷ്ട്രീയ തീരുമാനമാണ്. എന്നാൽ ആ ഡാറ്റയിൽ പ്രവർത്തിക്കുന്ന ആധാറിലേക്ക് മനുഷ്യരുടെ ഭൂമി വിവരങ്ങൾ കൂടി ചേർക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമാണ്. Article 300A യുടെ ലംഘനമാണ്. സുപ്രീംകോടതി വിധിയുടെയും ലംഘനമാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഫെഡറൽ സ്ട്രക്ച്ചറിന് തന്നെ ഭീഷണിയാണ്.

പരിധിയിൽ കവിഞ്ഞു ഭൂമി കൈവശമുള്ളവരെ കണ്ടെത്താൻ ആധാറിന്റെ ആവശ്യമേയില്ല. അതിനു എത്രയോ പ്രായോഗിക വഴികളുണ്ട്. എലിയെ പേടിച്ച് ഇല്ലം ചുടേണ്ട കാര്യമുണ്ടോ? താലൂക്ക് ലാൻഡ് ബോർഡുകളിലെ ഭൂപരിധി കേസുകളുടെ വിവരം ഏകീകരിക്കാൻ ആണെങ്കിൽ, കംപ്യുട്ടറൈസേഷൻ നടപ്പാക്കിയാൽ മതി. നിര്ബന്ധമാണെങ്കിൽ അത് സൗജന്യമായി ചെയ്തു തരാൻ ഇന്നാട്ടിലെ CAA വിരുദ്ധ സമരം ചെയ്യുന്ന വളണ്ടിയർമാർ തന്നെ തയ്യാറായേക്കും. അതുകൊണ്ട്, ഈ ഉത്തരവ് അടിയന്തിരമായി പിൻവലിക്കുക.

ഞാൻ ആധാർ എടുത്തിട്ടില്ല. എന്റെ ഭൂമിയുടെ തണ്ടപ്പേർ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഓരാഴ്ചയ്ക്കകം പിൻവലിക്കുന്നില്ലാ എങ്കിൽ ഈ ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നു അറിയിക്കട്ടെ.

അഡ്വ.ഹരീഷ് വാസുദേവൻ.

(ആധാറിന്റെ മേന്മയെപ്പറ്റി ഉപന്യാസം എഴുതാൻ വരുന്നവർ, ആ 5 അംഗ ബെഞ്ചിന്റെ വിധിന്യായം വായിച്ച ശേഷം മാത്രം കമന്റ് ചെയ്യുക. അല്ലാത്ത ഊള കമന്റുകൾ നീക്കം ചെയ്യും)

ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.
  •  
  •  
  •  
  •  
  •  
  •  
  •