INDIANEWS MAIN

പൗരത്വ ഭേദഗതി നിയമം ഏകപക്ഷീയമായി തീരുമാനമെടുക്കാതെ സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി ഇടക്കാല ഉത്തരവിടാൻ വിസമ്മതിച്ച കോടതി, മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നാലാഴ്ച അനുവദിച്ചു. സ്റ്റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇടക്കാല ഉത്തരവിനായി കേസ് ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കും. വിഷയം മെരിറ്റിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ ഭരണഘടനാ ബെഞ്ചിന് വിടാനുള്ള സാദ്ധ്യതയും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ്‌മാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് സൂചിപ്പിച്ചു. പൗരത്വ നിയമം പോലുള്ള ഒരു നിയമവും തിരുത്താൻ പറ്റാത്തതാണെന്ന് കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച 144 ഹർജികളാണ് ലിസ്റ്റ് ചെയ്‌തിരുന്നത്. കുടിയേറ്റക്കാരെയും സംശയമുള്ള പൗരന്മാരെയും തിരിച്ചറിയാൻ മതത്തിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ മാറ്റി വയ്‌ക്കണമെന്ന അപേക്ഷയും കോടതി ചെവിക്കൊണ്ടില്ല. രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുന്നുണ്ടോയെന്നതിൽ വ്യക്തത തേടി മുസ്ലിംലീഗ് നൽകിയ അപേക്ഷയിലും കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നതും തടഞ്ഞിട്ടുണ്ടെങ്കിലും പുതിയ ഹര്‍ജികള്‍ സ്വീകരിക്കുവാന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്‍റെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. അസാം കരാർ ലംഘിച്ചു എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അസാം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി പരിഗണിക്കും.

0