സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ (Detail Project Report) സംസ്ഥാന സർക്കാർ പുറത്തുവിട്ടു

Print Friendly, PDF & Email

വൻ വിവാദങ്ങൾക്കൊടുവിൽ സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ (Detail Project Report) സംസ്ഥാന സർക്കാർ പുറത്തുവിട്ടു. നിയമസഭയുടെ വെബ് സൈറ്റിലാണ് 3776 പേജുള്ള ഡിപിആർ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിക്കെതിരെ അൻവർ സാദത്ത് എംഎല്‍എ അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയതിന് പിറ്റേന്നാണ് ഒമ്പത് ഭാഗങ്ങളിലായി 3773 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.അൻവർ സാദത്ത് ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് കഴിഞ്ഞ ഒക്ടോബർ 27ന് മുഖ്യമന്ത്റി മറുപടി നൽകിയിരുന്നു. ഡിപിആറിന്‍റെ സിഡി മേശപ്പുറത്തു വക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം. എന്നാല്‍ അത് നടപ്പായില്ല. തുടര്‍ന്നാണ് അന്‍വര്‍ സാദത്ത് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ഡിപിആർ എവിടെ എന്ന ചോദ്യത്തിന് അതീവരഹസ്യ രേഖയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ സർക്കാർ തന്നെയാണ് ഒടുവിൽ രേഖ പരസ്യപ്പെടുത്തുവാന്‍ നിര്‍ബ്ബന്ധിതരായത്. കേരള സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ-റെയിൽ) പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ ആരംഭിച്ച് കാസർകോട് വരെ 529.9 കിലോമീറ്റർ സ്‌റ്റാൻഡേർഡ് ഗേജ് പാതയാണ് സില്‍വര്‍ ലൈന്‍. 529.9 കിലോമീറ്റർ ദൈർഘ്യമുള്ള സിൽവർ ലൈൻ പദ്ധതി തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള കൊച്ചുവേളിയിൽ ആരംഭിച്ച് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലൂടെ കടന്ന് കാസർകോട് അവസാനിക്കുന്നു. റെയിൽ-റോഡ് വ്യോമഗതാഗത പാതകളുമായി സില്‍വര്‍ ലൈനിനെ ബന്ധിപ്പിക്കും. ഡിപിആർ പ്രകാരം കേരളത്തിലെ 11 സ്റ്റേഷനുകളിൽ മൂന്നെണ്ണം -തിരുവനന്തപുരം, എറണാകുളം, തൃശൂർ – എലവേറ്റഡ് ആയിരിക്കും, കണ്ണൂരിൽ ഒരു ഭൂഗർഭ സ്റ്റേഷൻ ഉണ്ടാകും.

DPR for rail corridor submitted to govt. - The Hindu
സില്‍വര്‍ ലൈനിന്‍റെ റൂട്ട് മാപ്പ്

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ടൂറിസ്റ്റ് ട്രെയിനുകള്‍ ഉണ്ടാകും. ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കും. യാത്രാസമയം 3.56മണിക്കൂര്‍. അഞ്ചു വർഷം കൊണ്ട് സർവീസ് തുടങ്ങാനാവും. ഒരു ട്രെയിനിൽ 675യാത്രക്കാർ. പ്രതിദിനം 79,934 യാത്രക്കാര്‍. ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2.75 രൂപ. പ്രതിദിന വരുമാനം 6 കോടി രൂപ. 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ് ആണ് ലക്ഷ്യം. 27 വർഷം കൊണ്ട് ഇരട്ടി സർവീസ് ലക്ഷ്യമിടുന്നു. ഒരു ട്രെയിനില്‍ ഒമ്പത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് ഡിപിആറിൽ വ്യക്തമാക്കുന്നുണ്ട്. 120 കി.മീറ്ററില്‍ പായുന്ന റോ-റോ സർവീസിൽ ദിവസം 480 ട്രക്കുകൾ. വാര്‍ഷിക വരുമാനം 237കോടിരൂപ. പ്രതിവര്‍ഷം ആറു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 2276 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. ഘട്ടം ഘട്ടമായി ഇത് കൂടുമെന്നും വിശദ പദ്ധതി രേഖയിൽ പറയുന്നു. ഓഹരിയുടമകൾക്ക് 13.5ശതമാനം ലാഭവിഹിതം. ആകെ ചെലവ് 63,​941 കോടി. അതില്‍ 33,​700 കോടി വിദേശവായ്പ. ആകെ ചിലവിന്‍റെ 52.7% തുകയും വായ്പയെടുക്കും.

2025-26ൽ കമ്മീഷൻ ചെയ്യുന്ന പദ്ധതിയിൽ 1383 ഹെക്ടർ സ്ഥലമാണ് ആകെ ഏറ്റെടുക്കേണ്ടത്. ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുക കൊല്ലം ജില്ലയിൽ. ഏറ്റെടുക്കുന്ന ഭൂമിയില്‍ 1198 ഹെക്ടർ സ്വകാര്യ വ്യക്തികളുടെതാണ്. 185 ഹെക്ടർ റെയിൽവെ ഭൂമിയും വരും. സംസ്ഥാന സർക്കാരിന്‍റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്തത്. കെ റെയിൽ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റ‌ർ ആയിരിക്കും. 13 കിലോ മീറ്റ‌‌ർ പാലങ്ങളും 11.5 കിലോമീറ്റ‌ർ തുരങ്കവും നിർമ്മിക്കണം. പാതയുടെ ഇരുവശത്തും അതിർത്തി വേലികൾ ഉണ്ടാകും. ആകെയുള്ള 529 കിലോമീറ്ററിൽ 293 കിലോമീറ്ററിലാണ് എംബാങ്ക്മെൻറ്. ഭൂമിയുടെ നിരപ്പിൽ നിന്നും ഉയർത്തിക്കെട്ടിയാണ് ഈ ദൂരത്ത് പാതാ നിർമ്മാണം. പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ 9 മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്മെന്റ് സ്ഥാപിക്കുന്നത്. ഇതു കോട്ടപോലെ കല്ലും മണലും വച്ച് നിര്‍മ്മിക്കണം. ഇത് കെ- റെയിലിന്റെ 55 ശതമാനം വരും. എന്നാല്, ഇതിന് എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്നും ഇതിന്‍റെ ലഭ്യത എവിടെ നിന്നെന്നുമുള്ള കണക്കു സര്‍ക്കാരിന്റെ കൈയ്യിലില്ല. ഇതൊന്നും ഡി.പി.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പാതയുടെ ഇരുവശങ്ങളിലും 30 മീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ സ്ഥാപിക്കണം. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം. അങ്ങനെയാണെങ്കിലും കേരളത്തെ രണ്ടായി മുറിക്കില്ലെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. ഉയർത്തിക്കെട്ടിയ പാതകളുടെ അടിയിലൂടെ ഓരോ 500 മീറ്ററുകളിലും ടണലുകളുണ്ടാകുമെന്നതാണ് വിശദീകരണം.

പാരിസ്ഥിതിക പഠനം അടക്കം ചേർത്ത് ആറ് വാല്യങ്ങളിലാണ് പദ്ധതി രേഖ പുറപ്പെടുവിച്ചിരിക്കുന്നത്. പാരിസ്ഥിതി സൗഹൃദം എന്നു പറയുന്ന പദ്ധതി രേഖ പ്രകാരം നിർമ്മാണ ഘട്ടത്തിൽ ജലാശയങ്ങളിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ട് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമാകാമെന്നും മുന്നറിയിപ്പ് നൽകുന്നു. പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ നീരൊഴുക്കാണ് തടസ്സപ്പെടുക. നിർമ്മാണ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌‌കരിക്കാതെ ജലാശയങ്ങൾക്ക് സമീപം ഒഴുക്കുന്നത് ജലമലിനീകരണത്തിന് ഇടയാക്കും. ഭൂഗർഭ,​ ഉപരിതല ജലത്തിന്റെ ഗുണം കുറയുന്ന പ്രശ്നങ്ങളും നിർമ്മാണ സമയത്ത് ഉണ്ടാകാമെന്നും പറയുന്നു. പദ്ധതി പ്രവർത്തനം തുടങ്ങുന്നതോടെ ഈ അവസ്ഥ മാറുമെന്നാണ് വിശദീകരണം. ദുരന്ത നിവാരണ അതോറിറ്റി മാപ്പ് പ്രപകാരം പാത കടന്നുപോകുന്നത് പ്രളയസാധ്യത മേഖലയിലൂടെയാണ്.

കോഴിക്കോട് ഭൂഗർഭ സ്റ്റേഷനായിരിക്കും. കൊച്ചുവേളി, എറണാകുളം ,തൃശൂർ എന്നിവടങ്ങളിൽ ഭൂ നിരപ്പിൽ നിന്നു് ഉയരത്തിലാകും സ്റ്റേഷൻ. കൊല്ലത്താണ് വർക്ക്ഷോപ്പ്. കാസർക്കോട് പരിശോധനാ കേന്ദ്രം ആദ്യം പരിഗണിച്ചത് എന്നാൽ തീര നിയന്ത്രണവും എല്ലാവർക്കും പ്രയോജനം കിട്ടില്ലെന്നുമുള്ള വിലയിരുത്തലാണ് മാറ്റാൻ കാരണം. പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടും ഡിപിആറില്‍ ഉണ്ട്. കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജന്‍സിയാണ് ഡിപിആറും ഫീസിബിലിറ്റി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്. ‘സെമി ഹൈസ്പീഡ് കോറിഡോര്‍ ഫ്രം തിരുവനന്തപുരം ടു കാസര്‍​ഗോഡ്’ എന്നാണ് പ്രോജക്ടിന് നൽകിയിരിക്കുന്ന പേര്.

പൊളിക്കേണ്ട കെട്ടിടങ്ങളുടേയും ആരാധാനലയാങ്ങളുടേയും ചിത്രങ്ങൾ അടക്കമുള്ള വിശദാംശങ്ങളും ഡിപിആറിലുണ്ട്. നിലവിലെ റോഡ്-റെയിൽ വികസനത്തെക്കാൾ അതിവേഗ പാത നിർമ്മാണം നേട്ടമായിരിക്കും. ഒരു കിലോമീറ്റർ നിർമ്മാണത്തിന് വേണ്ടത് 2.4 ഹെക്ടർ. പക്ഷെ റോഡ്-റെയിൽ വികസനത്തിന് ഒരു കിലോ മീറ്ററിന് വേണ്ടിവരിക 6.5 ഹെക്ടർ എന്നാണ് ഡിപിആർ.

ഡിപിആർ പുറത്തുവന്നെങ്കിലും വിവാദം തീരുന്നില്ല. സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് അടക്കം ഇനി വരാനുണ്ട്. റെയിൽവേ ബോർഡിന് നേരത്തെ കൈമാറിയ ഡിപിആർ കേന്ദ്രത്തിന്‍റെ അനുമതി കാത്തിരിക്കുന്നു.രണ്ട് വന്‍ നഗരങ്ങളേയും ഇടയില്‍ നിരവധി വ്യവസായ വാണിജ്യ നഗരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനില്‍ പ്രതീക്ഷിക്കുന്നത് 36000 യാത്രക്കാരെയാണ്. കെ- റെയിലില്‍ 80000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഈ ചോദ്യം തന്നെയാണ് റെയില്‍വെ ബോര്‍ഡും പ്രതിപക്ഷവും ചോദിച്ചത്. തട്ടിക്കൂട്ട് ഡി.പി.ആര്‍ ആണെന്ന് തയാറാക്കിയവര്‍ പറഞ്ഞു. ഡാറ്റാ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ ലോണ്‍ തട്ടിക്കൂട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.