ഇരയുടെ മൊഴിയിൽ സ്ഥിരതയില്ലെന്നു കോടതി നിലപാട്

Print Friendly, PDF & Email

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിധിപകർപ്പ് പുറത്തുവന്നു. 287 പേജുള്ള വിധിപകർപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രാങ്കോയ്‌ക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിധി പകർപ്പിൽ പറയുന്നു. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാൻ പ്രോസിക്യൂഷനായില്ല എന്നാണ് കോടതി കണ്ടത്തിയിരിക്കുന്നത്. ഒരു കന്യാസ്ത്രീ ജീവിക്കുന്ന സാമൂഹിക ചുറ്റുപാടില്‍ നിന്ന് കേസിനെ നോക്കികാണുവാന്‍ കോടതിക്കു കഴിഞ്ഞില്ല എന്നാണ് വിധിന്യായങ്ങള്‍ക്ക് കോടതി എടുത്ത നിലപാട് വ്യക്തമാക്കുന്നത്

ഇരയുടെ മൊഴിയിൽ സ്ഥിരതയില്ലെന്നും, മൊഴിയിൽ വൈരുധ്യമുണ്ടെന്നുമാണ് കോടതിയുടെ നിരീക്ഷണം.
ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാൽ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോൾ കന്യാസ്ത്രീ മൊഴി നൽകി. പരാതിക്കാരിയുടെ മൊഴി പൂർണാർത്ഥത്തിൽ മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി പറയുന്നു. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

സ്വാർത്ഥതാത്പര്യങ്ങൾ ഉള്ളവരുടെ നീക്കത്തിന് ഇര വഴങ്ങിയെന്ന് ബോധ്യമായതായി കോടതി പറയുന്നു. കന്യാസ്ത്രീകൾക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചുവെന്ന് കോടതി വിലയിരുത്തി. അധികാരമോഹവും മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചു. കേസ് ഒത്തുതീർക്കാൻ പരാതിക്കാരി തയാറായതായും കോടതി ചൂണ്ടിക്കാട്ടുന്നു. ബിഹാർ അതിരൂപതയ്ക്ക് കീഴിലെ പ്രത്യേക കേന്ദ്രം വിട്ടുകൊടുത്താൽ ഒത്തുതീർപ്പിന് തയാറയേനെയെന്ന് കോടതി പറയുന്നു.

പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷൻ മൊഴികൾ പരസ്പര വിരുദ്ധമാണ്. ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളിൽ എങ്ങും കാണാനില്ല, ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. മൊഴിയെടുത്ത പൊലീസുദ്യോഗസ്ഥരെ വിശ്വസമില്ലത്തതുകൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. കന്യാസ്ത്രീ ചില കാര്യങ്ങൾ മനപൂ‍ർവം മറച്ചുവെച്ചു എന്ന് ഇതിൽ നിന്ന് വ്യക്തമെന്നും ഉത്തരവിൽ പറയുന്നു.

ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങൾ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. ഈ മൊബൈൽ ഫോൺ ആക്രിക്കാരന് കൊടുത്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ല, ബിഷപ്പിന്‍റെ ശല്യം കൊണ്ടാണ് സിം കാ‍ർഡ് അടക്കം ഫോൺ ഉപേക്ഷിച്ചതെന്നാണ് മൊഴി, പിന്നാലെ പുതിയ ഫോൺ അടക്കം കന്യാസ്ത്രീ വാങ്ങുകയും ചെയ്തു. ഇതിൽ പൊരുത്തക്കേടുകളുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ വിശ്വാസ യോഗ്യമായ അന്വേഷണം പൊലീസിൽ നിന്ന് ഉണ്ടായില്ലെന്ന് കോടതി വിമര്‍ശിച്ചു

കന്യാസ്ത്രീയുടെ ലാപ്ടോപ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ബിഷപ്പിനെതിരെ പരാതി നൽകി മാസങ്ങൾക്ക് ശേഷം നിർണായക വിവരങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ് കേടായി എന്നതും മുഖവിലക്ക് എടുക്കാനാകില്ല. ലാപ്ടോപ്പിലെ വിവരങ്ങൾ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നുവെന്ന് കോടതി പറയുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുന്നതിൽ ഇതിലൂടെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും വിധിയില്‍ പറയുന്നു.

ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന ആരോപിക്കപ്പെടുന്ന ദിവസങ്ങൾക്കുശേഷം കന്യാസ്ത്രീയുമായി ഇ മെയിൽ സന്ദേശങ്ങളുണ്ട്. ഫോ‍ർമൽ ലെറ്റർ അല്ലെന്നും ഏറെ സൗഹൃദാന്തരീക്ഷത്തിലാണ് ഈ കത്തുകളെന്നും കോടതി നിരീക്ഷിച്ചു. 2016 മാ‍ർച്ച് വരെ ഇരുവരും തമ്മിൽ ഊഷ്മളമായ സൗഹൃദം നിലനിന്നെന്നും വ്യക്തം. ബലാത്സംഗം ചെയ്യപ്പെട്ടതിന്‍റെ തൊട്ടടുത്ത ദിവസം ബിഷപ്പും കന്യാസ്ത്രീയും സഹോദരിയുടെ വീട്ടിലെ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, ചിരിച്ചുകൊണ്ടാണ് കന്യാസ്ത്രി ബിഷപ്പിനോട് ഇടപെടുന്നത്, എന്നാൽ ദുഖിതയായിരുന്നെന്നാണ് കന്യാസ്ത്രീയുടെ മൊഴി, ഇതിലും പൊരുത്തക്കേടുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ബലാത്സംഗത്തിന് ഇരയായശേഷം ഇടപെടുന്നതുപോലെയല്ല സംഭവത്തിന് തൊട്ടടുത്ത ദിവസം കന്യാസ്ത്രി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതി നിരീക്ഷിച്ചത്. സന്തോഷത്തോടെയാണ് ഇടപെട്ടതെന്ന് വീഡിയോകളും ചിത്രങ്ങളും സാക്ഷപ്പെടുത്തുന്നു. സംഭവത്തിനുശേഷവും ബിഷപ്പും കന്യസ്ത്രീയും സൗഹൃദത്തോടെ അടുത്ത് ഇടപഴകിയിരുന്നെന്നും കോടതി പറയുന്നു. ബലാത്സംഗം നടന്നു എന്ന് പറയപ്പെടുന്ന ദിവസത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് ഒപ്പമുളളവരുടെ മൊഴി. അതുകൊണ്ടുതന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷൻ ആരോപണവും പൂ‍ർണ വിശ്വാസയോഗ്യമല്ലെന്നും വിധിയില്‍ പറയുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്നാണ് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധി പ്രസ്താവം.