പീഢന കേസുകളില്‍ ചരിത്രപരമായ നയം മാറ്റവുമായി വത്തിക്കാൻ
കുട്ടികൾക്കെതിരെ പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡനക്കേസുകളിൽ സഭ പുലർത്തുന്ന രഹസ്യാത്മകത നീക്കികൊണ്ട് ചരിത്രപരമായ പ്രഖ്യാപനവുമായി വത്തിക്കാന്‍. പീഢനകേസുകളില്‍ സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിൽ ഇരകള്‍ക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്കാണ് വത്തിക്കാൻ ഇതോടെ നീക്കിയിരിക്കുന്നത്. അതോടൊപ്പം അതതു രാജ്യങ്ങളിലെ നിയമങ്ങളുമായി സഭ സഹകരിക്കണമെന്നും വത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 18 വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക പീഢനം ബാല പീഢനമായി കണക്കാക്കുവാനും വത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. നാളിതുവരെ ഇത് 14 വയസായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് ചരിത്രപരമായ നയംമാറ്റം വത്തിക്കാൻ വെളിപ്പെടുത്തിയത്.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന പീഡനക്കേസുകളിൽ നിയമപരമായ നടപടികൾക്ക് സഭാരേഖകൾ കൈമാറുന്നതിലുള്ള വിലക്ക് ഒഴിവാക്കുന്നതായി ഇത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സൂചിപ്പിക്കുന്നു. കുട്ടികൾക്കെതിരെ പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡനക്കേസുകളിൽ സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിൽ നാളിതുവരെ ഇരകള്‍ക്കും സാക്ഷികൾക്കും വിലക്കുണ്ടായിരുന്നു. ഈ വിലക്ക് നീക്കിയതോടെ ലൈംഗിക പീഡനം സംബന്ധിച്ച കേസുകളിൽ അതത് രാജ്യത്തെ നിയമസംവിധാനത്തോടു സഹകരിക്കുവാനും അറിയാവുന്ന വിവരങ്ങൾ പൊലീസിന് കൈമാറുവാനും സഭാ ചട്ടപ്രകാരം തന്നെ സഭാ നേതൃത്വം നിര്‍ബ്ബന്ധിതരായി തീരും.

