ലോക്‍ഡൗണ്‍ ഇല്ല. നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്‍ഡൗണ്‍ പ്രഖ്യാപിക്കാതെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമ്മേളനത്തിന്‍റേതാണ് തീരുമാനം. സംസ്ഥാനത്ത് എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുകയാണ്. വിവാഹ ചടങ്ങുകള്‍ക്ക് 50 പേരില്‍ കൂടുതല്‍ ആകാന്‍ പാടില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അനുവദമുള്ളൂ. വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ബാറുകളും വിദേശമദ്യ വിൽപനശാലകളും തല്ക്കാലത്തേക്ക് അടയ്ക്കുകയാണ്.
സിനിമാ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, പാര്‍ക്കുകള്‍ എന്നിവയും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. രാത്രി 7.30 വരെയാണ് കടകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി. എന്നാല്‍ രാത്രി 9 വരെ റെസ്റ്റോറന്റുകള്‍ക്ക് ഭക്ഷണം പാഴ്‌സലായി നല്‍കാം. ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍,സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും അടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുണം. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുകയില്ല. വോട്ടെണ്ണല്ലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനമുളളു.
പളളികളിലും ദേവാലയങ്ങളിലും പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുളളൂ. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം വീണ്ടും കുറക്കണം. റമദാന്‍ കാലമായതിനാല്‍ നമസ്‌കരിക്കാന്‍ പോകുന്നവര്‍ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്തുന്നതിന് പൈപ്പുവെള്ളം ഉപയോഗിക്കണം. ആരാധാനാലയങ്ങളില്‍ ഭക്ഷണവും തീര്‍ഥവും നല്‍കുന്ന സമ്പ്രദായവും തല്‍ക്കാലത്തേക്ക് ഒഴിവാക്കണം. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുളള രാത്രികാല നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്ത് നിലവിലുണ്ട്. ഈ സമയങ്ങളില്‍ ഒരു തരത്തിലുളള ഒത്തു ചേരലുകളും അനുവദിക്കില്ല. എന്നാല്‍ അവശ്യ സേവനങ്ങള്‍ക്കും ആശുപത്രികള്‍ മരുന്നു ഷോപ്പുകള്‍ പാല്‍വിതരണം മാധ്യമങ്ങള്‍ എന്നിവയ്ക്കും ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്.