INDIANEWS MAIN

ബിജെപിയില്‍ ചേര്‍ന്നാല്‍ അഴിമതിയില്‍ നിന്ന് രക്ഷപെടാം. അജിത് പവാറിന്‍റെ 70000 കോടി രൂപയുടെ അഴിമതികേസ് എഴുതിതള്ളി

മഹാരാഷ്ട്രയിലെ എൻസിപിയില്‍ നിന്ന് ഒരു രാത്രി കൊണ്ട് മറുകണ്ടം ചാടി ഇരുട്ടി വെളുക്കും മുന്പ് ബിജെപിയിലെത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്‍റെ എഴുപതിനായിരം കോടി രൂപയുടെ അഴിമതിക്കേസ് എഴുതിതള്ളി. ജലസേചനപദ്ധതികൾ അനുവദിച്ചതിൽ അഴിമതിയുണ്ടായെന്ന് കാട്ടി റജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിലാണ് അജിത് പവാറിനെ പ്രതിയാക്കാൻ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് 48 മണിക്കൂറിനുള്ളില്‍ അജിത് പവാറിന്റെ പേരിലുള്ള 70000 കോടി രൂപയുടെ അഴിമതിക്കേസ് എഴുതിത്തള്ളി കേസില്‍ അന്വേഷണം അവസാനിപ്പിച്ചതോടെ പ്രതിയോഗികളെ വരുതിയിലാക്കുവാനും പ്രതികാരം ചെയ്യുവാനും രാജ്യത്തെ അന്വഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണെന്ന ആരോപണത്തില്‍ കഴന്പുണ്ടെന്ന് സംശയം ബലപ്പെടുകയാണ്. അഴിമതിക്കേസിൽ ജയിൽ പേടിച്ച് മാത്രമാണ് അജിത് പവാർ മറുകണ്ടം ചാടിയതെന്ന ആരോപണം ശിവസേനയും കോൺഗ്രസും ഉന്നയിച്ചിരുന്നു

1999-2014 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തുണ്ടായതായി ആരോപിക്കപ്പെട്ട വന്‍ അഴിമതിയാണ് ഇറിഗേഷന്‍ സ്കാം. വിധര്‍ഭയിലെ വിവിധ ജലസേചന പദ്ധതികള്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് ആരോപണം. 2018 നവംബറിലാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പു റാലികളിലെല്ലാം പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ്സിനും എന്‍സിപിക്കും എതിരെ ഉയര്‍ത്തികൊണ്ടുവന്ന വന്‍ അഴിമതി ആരോപണങ്ങളാണ് ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായിരിക്കുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് മറാത്തി വര്‍ത്തമാന പത്രമായ ലോക്‌സത്ത നടത്തിയ അന്വേഷണത്തില്‍ രണ്ട് പദ്ധതികള്‍ക്കായി പവറിന് അവിനാഷ് ഭോന്‍സ്‌ലെ എന്ന കോണ്‍ട്രാക്ടറില്‍ നിന്ന് 1385 കോടി രൂപ ലഭിച്ചതായി വെളിപ്പെടുത്തലുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും സംസ്ഥാനത്തെ ജലസേചന പദ്ധതികളില്‍ 0.1 ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത് എന്ന് 2012ലെ സംസ്ഥാന സാമ്പത്തിക സര്‍വേ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസുകളിലൊന്നും അന്നത്തെ ജലസേചന വകുപ്പ് കൈകാര്യം ചെയ്തിരുന്ന തായിഅജിത് പവാർ പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലന്നുമാണ് അഴിമതിവിരുദ്ധ വിഭാഗം ഡയറക്ടർ ജനറലല്‍ പരംബിർ സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരിക്കുന്നത്.