രാജ്യം, കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പട്ടിണിയില്‍

Print Friendly, PDF & Email

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിമാനിക്കാം. തന്‍റെ ആറു വര്‍ഷത്തെ ഭരണം കൊണ്ട് കഴിഞ്ഞ നാല്‍പ്പതു വര്‍ത്തിനിടയിലെ ഏറ്റവും വലിയ പട്ടിണിയിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. വെളിപ്പെടുത്തുന്നത് മറ്റാരുമല്ല. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍.എസ്.ഒ) തന്നെയാണ്. അവിടെ നിന്നു ചോര്‍ന്ന 2017 -18 വര്‍ഷത്തെ ഉപഭോക്തൃ ചെലവ് സൂചിപ്പിക്കുന്ന നിര്‍ണായക റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ബിസിനസ് സ്റ്റാന്റേര്‍ഡ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യയില്‍ സാധാരണഗതിയില്‍ ഉപഭോക്തൃ ചിലവ് സര്‍വെ നടക്കാറ്. എങ്ങനെ, എന്തിനൊക്കെ ജനങ്ങള്‍ പണം ചെലവഴിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.  രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ അടിത്തറ എന്താണ്, എങ്ങോട്ടാണ് പോകുന്നത് എന്നത് ഇതില്‍ നിന്നു മനസിലാക്കാം. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ അടിത്തറ എന്താണ്, എങ്ങോട്ടാണ് പോകുന്നത് എന്നത് ഇതില്‍ നിന്നു മനസിലാക്കാം. 2017-18 സമയത്തെ സര്‍വെയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അവസാനമായി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്ന ഈ റിപ്പോര്‍ട്ട്, കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയാകുന്ന നിര്‍ണായക കണ്ടെത്തലുകള്‍ അടങ്ങിയതിനാല്‍ പുറത്തുവിടാതെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് വേണ്ടത്ര നിലവാരം ഇല്ലാത്തതിനാലാണ് ഇത് പുറത്തു വിടാതിരുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്ന്‍റെ ഈ പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് വിശ്വാസ്യത കുറവാണ്. അതിനാല്‍ പുതിയ സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

2017-18ലെ കണക്ക് അനുസരിച്ച് ഓരോ ഇന്ത്യക്കാരനും പ്രതിമാസം ചെലവിടുന്ന തുക(ആളോഹരി ഉപഭോഗം) 1446 രൂപയായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷമായ (ബേസ് ഇയര്‍) 2011-12ല്‍ പ്രതിമാസ ആളോഹരി ഉപഭോഗം 1,501 രൂപയായിരുന്നു. 3.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 1972-73 സാമ്പത്തിക വര്‍ഷത്തിനുശേഷം (46 വര്‍ഷത്തിനിടെ) ആളോഹരി ഉപഭോഗം ഇത്രയും കുറയുന്നത് ഇതാദ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നഗരങ്ങളില്‍ ആളോഹരി ഉപഭോഗത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ 8.8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗം ഗ്രാമങ്ങളില്‍ അധിവസിക്കുന്നവര്‍ ആയതിനാലാണ് ഗ്രാമീണ മേഖലയിലെ ഇടിവ് ശരാശരി ആളോഹരി ഉപഭോഗത്തില്‍ ഇടിവുണ്ടാക്കിയത്. മാത്രമല്ല, ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി ചെലിവിടുന്ന തുകയില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഭക്ഷ്യ വിലപ്പെരുപ്പം 2011-12നെ അപേക്ഷിച്ച് കൂടുതലാണ്ന്നിരിക്കെ ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി ചെലവിടുന്ന തുകയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് പട്ടിണി പെരുകി എന്നതിന്റെ സൂചനയായാണ് ഇതിനെ സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. അതായത്, ഗ്രാമീണ മേഖല കൂടുതല്‍ പട്ടിണിയിലേക്ക് കടന്നിരിക്കുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ പുറത്തുവന്ന ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും കൂടി ഇവിടെ ചേര്‍ത്തു വായിക്കണം.

2011-12ല്‍ 643 രൂപയാണ് ഭക്ഷ്യ ആവശ്യങ്ങള്‍ക്കായുള്ള ശരാശരി ആളോഹരി ചെലവ്. 2017-18ല്‍ ഇത് 580 രൂപയായാണ് ഇടിഞ്ഞത്. നോട്ടു നിരോധനവും ജി.എസ്.ടിയും വഴി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പിടിമുറുക്കിയ മാന്ദ്യമാണ് ആളോഹരി ഉപഭോഗത്തേയും ബാധിച്ചതെന്നാണ് സൂചന. അതേസമയം 2011-12നും 2017-18നും ഇടയിലുള്ള ആറു വര്‍ഷം കൊണ്ട് ക്രമാനുഗതമായാണോ നോട്ടു നിരോധനത്തിനുശേഷം ഒറ്റയടിക്കാണോ ആളോഹരി ഉപഭോഗം ഇടിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയാത്തതിനാല്‍ ഇക്കാര്യം ഔദ്യോഗികമായി പറയാനാവില്ല.

2017 ജൂലൈയിലും 2018 ജൂണിലുമായാണ് റിപ്പോര്‍ട്ടിന് ആധാരമായ സര്‍വേ നടന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം നിയോഗിച്ച ഔദ്യോഗിക കമ്മിറ്റി 2019 ജൂണില്‍ റിപ്പോര്‍ട്ടിന് അംഗീകാരവും നല്‍കി. ഇതോടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തേണ്ടത് ആയിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയാകുന്ന കണ്ടെത്തലുകള്‍ അടങ്ങിയതിനാല്‍ തടഞ്ഞുവെക്കുക ആയിരുന്നു. തുടര്‍ന്ന് സര്‍വേ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സബ് കമ്മിറ്റിയെ നിയോഗിച്ചു. റിപ്പോര്‍ട്ടില്‍ പാകപ്പിഴകള്‍ ഇല്ലെന്ന വിശദീകരണമാണ് കഴിഞ്ഞ മാസം സബ് കമ്മിറ്റിയും സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനു ശേഷവും റിപ്പോര്‍ട്ട് പുറത്തുവിടാതെ കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയായിരുന്നു.

മാധ്യമങ്ങള്‍ വഴി റിപ്പോര്‍ട്ട് ചോര്‍ന്നതോടെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാര്‍ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് പുതിയ സര്‍വേ നടത്തുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.